ഖത്തറിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്.ഈ വർഷം ഫെബ്രുവരിയിൽ 40 ലക്ഷത്തിലധികം യാത്രക്കാരാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്തതെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തിയെങ്കിലും 2024 ഫെബ്രുവരി മാസവുമായി താരതമ്യം ചെയ്യുമ്പോൾ നാല് ശതമാനത്തിന്റെ കുറവുണ്ടായി.
പ്രതിവർഷ കണക്കിൽ കുറഞ്ഞെങ്കിലും, ആകെ യാത്രക്കാരുടെ എണ്ണത്തിലെ വർധന ഖത്തറിന്റെ വ്യോമയാന മേഖലയുടെ സുസ്ഥിരമായ വളർച്ചയെയും ശക്തിയെയുമാണ് ചൂണ്ടിക്കാട്ടുന്നത്. ലോകമെമ്പാടുമുള്ള യാത്രക്കാരെ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര കേന്ദ്രങ്ങളിലൊന്നായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഇതിനകം തന്നെ മാറിക്കഴിഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ 21,155 വിമാനങ്ങളാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (22,737) നേരിയ കുറവ് രേഖപ്പെടുത്തി.