Your Image Description Your Image Description

ചന്ദ്രനെക്കുറിച്ചുള്ള പഠനത്തിനായി വിക്ഷേപിക്കാനിരിക്കുന്ന ചന്ദ്രയാൻ – 5 ദൗത്യത്തിന് കേന്ദ്ര സർക്കാർ അനുമതി നല്‍കിയതായി ഐ.എസ്.ആർ.ഒ ചെയർമാൻ വി.നാരായണൻ അറിയിച്ചു.

ബംഗളൂരുവില്‍ ഔദ്യോഗിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രയാൻ – 5 ദൗത്യത്തില്‍ 250 കിലോഗ്രാം ഭാരമുള്ള ‘പ്രയാഗ്യാൻ’ റോവർ ഉപയോഗിക്കും. ഇത് ചന്ദ്രയാൻ -3 ന്‍റെ 25 കിലോഗ്രാം റോവറിനെക്കാള്‍ ഭാരം കൂടിയതും കൂടുതല്‍ സാധ്യതയുള്ളതുമാണ്. ചന്ദ്രന്‍റെ ഉപരിതലത്തെ കൂടുതല്‍ ആഴത്തില്‍ പഠിക്കാനാണ് ഈ ദൗത്യത്തിന്‍റെ ലക്ഷ്യമെന്ന് നാരായണൻ വ്യക്തമാക്കി.
2008 ല്‍ വിക്ഷേപിച്ച ‘ചന്ദ്രയാൻ – 1’ ചന്ദ്രന്‍റെ രാസഘടന, ധാതു വിതരണം, ഫോട്ടോ-ജിയോളജിക്കല്‍ മാപ്പിങ് തുടങ്ങിയ പഠനങ്ങള്‍ നടത്തി. ‘ചന്ദ്രയാൻ -2’ 98 ശതമാനം വിജയം നേടിയെങ്കിലും അവസാന ഘട്ടത്തിലെ ലാൻഡിങ് വിജയകരമായില്ല. അതിലെ ഹൈ റെസല്യൂഷൻ കാമറ ഇപ്പോഴും പ്രവർത്തനക്ഷമമാണ്.

2023 ഓഗസ്റ്റ് 23 ന് ‘ചന്ദ്രയാൻ-3’ ദക്ഷിണധ്രുവത്തില്‍ വിജയകരമായി സോഫ്റ്റ്-ലാൻഡിങ് നടത്തി. 2027 ല്‍ ‘ചന്ദ്രയാൻ -4’ ചന്ദ്രനില്‍ നിന്ന് സാമ്ബിളുകള്‍ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനായി വിക്ഷേപിക്കും. മൂന്ന് ദിവസം മുമ്ബാണ് ‘ചന്ദ്രയാൻ -5’ നിർമാണത്തിന് അനുമതി ലഭിച്ചത്. ഈ ദൗത്യത്തിന് ജപ്പാനുമായുള്ള സഹകരണം ഉണ്ടാകുമെന്നും ഇസ്രോ ഭാവിയില്‍ കൂടുതല്‍ ബഹിരാകാശ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്നും നാരായണൻ വ്യക്തമാക്കി. ഗഗൻയാൻ പദ്ധതിയുടെയും ഭാരതീയ ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *