Your Image Description Your Image Description

പാറ്റ്ന: അച്ഛൻ തിരഞ്ഞെടുത്ത വരനെ വിവാഹം കഴിക്കാൻ തയാറല്ലെന്ന് വാശിപിടിച്ച മകളെയും മകൾക്കൊപ്പം നിന്ന അമ്മയെയും കൊലപ്പെടുത്തി. ബിഹാറിലെ പാറ്റ്നയിൽ ചുടിയ പൊലീസ് സ്റ്റേഷൻ പരിധിയിയിലെ പിയാരകലയിലാണ് ശനിയാഴ്ച്ചയോടെ സംഭവം നടന്നത്. അച്ഛനും മകനും ചേർന്ന് അമ്മയെയും മകളെയും കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. മകൾ അച്ഛൻ തെരഞ്ഞെടുത്ത വരനെ വിവാഹം കഴിക്കാൻ തയ്യാറാവാതെ, സ്വന്തം ഇഷ്ടപ്രകാരം ഒരാളെ തെരഞ്ഞെടുത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഇരുവരെയും അറസ്റ്റ് ചെയ്തതായും പൊലീസ് കൂട്ടിച്ചേർത്തു.

അമ്മ പാർവതി ദേവി, മകൾ പ്രതിമ കുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ പ്രദേശത്തെ പവർ ഗ്രിഡ് സബ്‌സ്റ്റേഷനു സമീപമുള്ള ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് കണ്ടെടുത്തായി പൊലീസ് അറിയിച്ചു. വീടിന് പുറത്തെ മോട്ടോർ പമ്പ് പ്രവർത്തിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് അമ്മയും മകളും മരിച്ചതെന്നായിരുന്നു ആദ്യം പ്രതികൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇരുവരുടെയും മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതും മൃതദേഹങ്ങളിൽ മുറിവുകൾ കണ്ടതും നിർണായകമായെന്ന് റോഹ്താസ് എസ്പി റൗഷൻ കുമാർ പറഞ്ഞു. പാർവതിയുടെ ഭർത്താവ് രാം നാഥ് റാമിനെയും, ഇളയ മകൻ ഛോട്ടു കുമാറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസ് അന്വേഷിക്കാൻ ജില്ലാ പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും എസ്പി പറഞ്ഞു. ജാർഖണ്ഡിലെ ഒരു യുവാവുമായി പ്രതിമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കുകയുള്ളൂ എന്നും പ്രതിമ വാശി പിടിച്ചു. അമ്മയും ഈ വിഷയത്തിൽ മകൾക്കൊപ്പം നിൽക്കുകയായിരുന്നു. ഇതിൽ അസ്വസ്തരായ പ്രതികൾ ഇരുവരെയും വകവരുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി, അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന പ്രതിമയെ കഴുത്തിൽ ഷാൾ ഉപയോ​ഗിച്ച് ഞെരുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പാർവ്വതിയെയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കുറ്റകൃത്യത്തിനു ശേഷം മൃതദേഹങ്ങൾ പവർ ഗ്രിഡ് സബ്സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഷാളും പിടിച്ചെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചതായി എസ്പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *