Your Image Description Your Image Description

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നാടുകടത്തൽ നടപടി തുടരുന്നു. കോടതി ഉത്തരവ് പോലും വകവെക്കാതെയാണ് ഇക്കുറി കുപ്രസിദ്ധ അന്താരാഷ്ട്ര മാഫിയ സംഘത്തിൽ ഉൾപ്പെട്ട വെനസ്വലേനിയൻ തടവുകാരെ അമേരിക്ക നാടുകടത്തിയത്. കുപ്രസിദ്ധ അന്താരാഷ്ട്ര മാഫിയ സംഘമായ ‘ട്രെൻ ദെ അരാഗ്വ’ സംഘത്തിൽ പെട്ട 238 പേരെയും എം.എസ്-13 എന്ന അന്താരാഷ്ട്ര മാഫിയ ഗാങ്ങിൽ പെട്ട 23 പേരെയുമാണ് എൽ സാവദോറിലേക്ക് നാടുകടത്തിയത്. ട്രംപ് ഭരണകൂടത്തിന്റെ നടപടി തടഞ്ഞ് കോടതി ഉത്തരവിറക്കിയെങ്കിലും അതിനും മുന്നേ തടവുകാരുമായി വിമാനം അമേരിക്കയിൽ നിന്നും പറന്നുയർന്നിരുന്നു.

എൽ സാവദോറിലെ കുപ്രസിദ്ധ ജയിലായ ടെററിസം കൺഫൈൻമെന്റ് സെന്ററിലേക്കാണ് വെസ്വേനലൻ തടവുകാരെ മാറ്റിയത്. ഇവരെ രാജ്യത്തേക്ക് കൊണ്ടുവന്ന കാര്യം എൽ സാവദോർ പ്രസിഡന്റാണ് വെളിപ്പെടുത്തിയത്. എന്നാൽ അമേരിക്കയോ എൽ സാവദോറോ നാടുകടത്തപ്പെട്ടവരുടെ കുറ്റകൃത്യ പശ്ചാത്തലങ്ങളേപ്പറ്റി വെളിപ്പെടുത്തിയിട്ടില്ല. അമേരിക്ക യുദ്ധത്തിലേർപ്പെടുന്ന സമയത്ത് മാത്രം ഉപയോഗിച്ചിരുന്ന ഫോറിൻ എനിമീസ് ആക്ട് ഉപയോഗിച്ചാണ് ഇവരെ നാടുകടത്തിയത്. ഇതിനെതിരെ ഫെഡറൽ കോടതി ഉത്തരവിറക്കിയിരുന്നുവെങ്കിലും അതിനുമുമ്പുതന്നെ ഇവരേയും വഹിച്ചുകൊണ്ടുള്ള വിമാനം അമേരിക്കയിൽ നിന്ന് പറന്നുയർന്നിരുന്നു.

ഒരുവർഷത്തേക്ക് ഇവരെ ജയിലിൽ പാർപ്പിക്കുമെന്നും വേണ്ടിവന്നാൽ തടവ് കാലം വർധിപ്പിക്കുമെന്നും എൽ സാവദോർ പ്രസിഡന്റ് വ്യക്തമാക്കി. ഇവരെ ജയിലിൽ പാർപ്പിക്കാനുള്ള ചെലവ് അമേരിക്ക വഹിക്കും. അമേരിക്കയെ സംബന്ധിച്ചിടത്തോളം അത് ചെറിയ തുകയാണെങ്കിലും തങ്ങൾക്കത് വലിയ തുകയാണെന്ന് അദ്ദേഹം സമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

1798ലാണ് യുദ്ധകാലത്ത് ഉപയോഗിക്കാനുള്ള ഈ നിയമം അമേരിക്ക കൊണ്ടുവന്നത്. ഏലിയൻ എനിമീസ് ആക്ട് എന്ന ഈ നിയമം ഇതിന് മുമ്പ് രണ്ടാം ലോക യുദ്ധകാലത്താണ് ഉപയോഗിച്ചിട്ടുള്ളത്. ഈ നിയമം പുനരുജ്ജീവിപ്പിച്ച് വെനസ്വേലൻ മാഫിയ സംഘത്തിൽപെട്ട കുറ്റവാളികളെ നാടുകടത്തുമെന്ന് ശനിയാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെതിരെ യു.എസ് ഡിസ്ട്രിക്ട് ജഡ്ജ് ജെയിംസ് ബോസ്‌ബെർഗ് ഉത്തരവിറക്കി. 14 ദിവസത്തേക്കാണ് തടവുകാരെ നാടുകടത്താനുള്ള നീക്കത്തിന് തടയിട്ടത്. എന്നാൽ അതിനുമുമ്പ് തന്നെ ഇവരെ സർക്കാർ നാടുകടത്തുകയും ചെയ്തു. നാടുകടത്തലിനെതിരെ സമർപ്പിച്ച കേസിൽ വാദം നടക്കവേ നാടുകടത്തൽ നീക്കം ആരംഭിച്ചതായും തടവുകാരുമായി വിമാനം ടേക്ക് ഓഫ് ചെയ്തതായും അഭിഭാഷകർ കോടതിയെ അറിയിച്ചു. തുടർന്ന് വിമാനം തിരികെ ഇറക്കാനുള്ള ഉത്തരവ് വാക്കാൽ നൽകിയെങ്കിലും ഉത്തരവ് രേഖാമൂലം നൽകിയ സമയത്ത് അതിൽ ഇക്കാര്യം ഉണ്ടായിരുന്നില്ല.

പ്രാദേശിക സമയം ശനിയാഴ്ച രാത്രി 7.25നാണ് കോടതിക്ക് മുമ്പിൽ ഹർജിയെത്തിയത്. എന്നാൽ ഉത്തരവിറങ്ങാൻ സമയം വൈകിയതിനാൽ അത് നടപ്പിലായില്ല. കോടതി ഉത്തരവിറങ്ങിയ സമയത്ത് തടവുകാരെയും വഹിച്ചുള്ള വിമാനം രാജ്യത്തിന്റെ അതിർത്തി കടന്നിരുന്നു. തടവുകാരെ നാടുകടത്തുന്നതിനെതിരെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ( എ.സി.എൽ.യു) ആണ് കോടതിയെ സമീപിച്ചത്. സർക്കാർ കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ഇവർ ആരോപിച്ചു. എന്നിരുന്നാലും കോടതി ഉത്തരവിനെതിരെ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് അപ്പീൽ നൽകിയിട്ടുണ്ട്.

40,000 ആളുകളെ പാർപ്പിക്കാനുള്ള സൗകര്യമുള്ള തടവറയാണ് എൽസാവദോറിലെ ടെററിസം കൺഫൈൻമെന്റ് സെന്റർ. മനുഷ്യാവകാശ ലംഘനങ്ങളുൾപ്പെടെയുള്ള ആരോപണങ്ങൾ കൊണ്ട് കുപ്രസിദ്ധമാണ് ഇവിടം. തടവുകാരെ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ഇവിടേക്ക് മാറ്റിയ അമേരിക്കൻ ഭരണകൂടത്തിന്റെ നടപടിയിൽ ആംനെസ്റ്റി ഇന്റർനാഷണൽ, വെനസ്വലേനിയൻ സർക്കാർ എന്നിവർ എന്നിവർ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ട്രെൻ ഡെ അരഗ്വാ, എംഎസ്-13 എന്നീ സംഘടനകളെ വിദേശ ഭീകരവാദ സംഘടനകളായി പ്രഖ്യാപിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഇക്കഴിഞ്ഞ ജനുവരിയിലാണ് ട്രംപ് ഒപ്പുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *