ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബാൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരം അല്ലെന്ന് പറഞ്ഞ് മുൻ ബ്രസീലിയൻ ഇതിഹാസ താരം കഫു. ചരിത്രത്തിലെ എക്കാലത്തേയും വലിയ താരം അദ്ദേഹമല്ലെന്നും റൊണാൾഡോ ഒരു പ്രതിഭാസമാണെന്നും കഫു പറയുന്നു.
‘ക്രിസ്റ്റ്യാനോ റൊണാൾഡോ തീർച്ചയായും ഒരു പ്രതിഭാസമാണ്. എന്നാൽ എക്കാലത്തെയും മികച്ച കളിക്കാരനല്ല അദ്ദേഹം. എക്കാലത്തെയും മികച്ച താരങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ മറഡോണ, പെലെ, പ്ലാറ്റിനി, ഫ്രാൻക് ബെക്കൻബോവർ, ഗാരിഞ്ച എന്നീ താരങ്ങളുടെ പേരുകൾ പരാമർശിക്കാതെ പറ്റില്ല. ഇവരെല്ലാം അവിശ്വസനീയമായ കളിക്കാരാണ്. ഫുട്ബോളിൽ ആറോ ഏഴോ വർഷത്തേക്ക് റൊണാൾഡോ മികച്ച കളിക്കാരനായിരുന്നു, പക്ഷേ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരെക്കുറിച്ചുള്ള ചർച്ചയിൽ അദ്ദേഹം ചിത്രത്തിലില്ല. അദ്ദേഹത്തെക്കാൾ മികച്ച രീതിയിൽ ഫുട്ബോ കളിച്ച താരങ്ങളെ നമ്മൾ പരിഗണിക്കേണ്ടതുണ്ട്,’ കഫു പറഞ്ഞു.
അടുത്തിടെ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം താനാണെന്ന് പറഞ്ഞ് റൊണാൾഡോ രംഗത്ത് എത്തിയിരുന്നു. ആളുകൾക്ക് മെസ്സി, മറഡോണ, പെലെ എന്നിവരെ ഇഷ്ടപ്പെടാമെന്നും എന്നാൽ പൂർണനായ ഫുട്ബോൾ താരം താനാണെന്നുമായിരുന്നു റൊണാൾഡോയുടെ വാദം. ഫുട്ബോൾ കരിയറിൽ ഇതുവരെ 1261 മത്സരങ്ങളിൽ നിന്നും 924 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. കരിയറിൽ 35 കിരീടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്.