Your Image Description Your Image Description

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങിനായി തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നുപോയ രാജ്ഭവന്‍ പരിസരത്ത് തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി. അയ്യങ്കാളി സ്‌ക്വയറിലെ തെരുവുവിളക്കുകളാണ് പ്രവര്‍ത്തിക്കാത്തത്. ഇത് സുരക്ഷാവീഴ്ചയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അതേസമയം, പ്രധാനമന്ത്രി ഇതുവഴി രാജ്ഭവനിലേക്ക് കടന്നുപോയി.

രാജ്ഭവന് മീറ്ററുകള്‍ മാത്രം അകലെയുള്ള പ്രദേശമാണ് അയ്യങ്കാളി സ്‌ക്വയര്‍. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് അതീവ സുരക്ഷയാണ് തലസ്ഥാന നഗരിയില്‍ ഒരുക്കിയിരുന്നത്. എന്നാല്‍, പ്രധാനമന്ത്രി റോഡ് മാര്‍ഗം സഞ്ചരിക്കുന്ന പ്രദേശത്ത് തെരുവുവിളക്ക് കത്തിയില്ല എന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കാനായാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, കേന്ദ്ര സഹമന്ത്രിമാര്‍, ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. ഇന്നുരാത്രി രാജ്ഭവനില്‍ തങ്ങിയശേഷം വെള്ളിയാഴ്ച രാവിലെ 10.30-ന് വിഴിഞ്ഞത്തെത്തും. എംഎസ്‌സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *