തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊന്ന പ്രതി ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ പോലീസ് അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടും. തുടർന്നായിരിക്കും സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുക.
നിലവിൽ അമ്മാവനായ ഹരികുമാറിന് മാത്രമേ കൊലപാതകത്തിൽ പങ്കുള്ളൂവെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, ശ്രീതുവിനെ തൽക്കാലം ചോദ്യം ചെയ്യില്ല. ആവശ്യമെങ്കിൽ പിന്നീട് ചോദ്യം ചെയ്യും.
കുഞ്ഞിൻ്റെ മാതാവ് ശ്രീതു മഹിളാ മന്ദിരത്തിൽ തുടരും. കേസിൽ അമ്മാവൻ ഹരികുമാറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കുഞ്ഞിന്റെ അമ്മ ശ്രീതുവുമായുള്ള പ്രശ്നത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
ബാലരാമപുരം കോട്ടുകാൽകോണം സ്വദേശി ശ്രീജിത്ത്-ശ്രീതു ദമ്പതികളുടെ മകൾ ദേവേന്ദുവിനെ വ്യാഴാഴ്ച രാവിലെ ആറോടെയാണ് വാടകവീട്ടിലെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.