Your Image Description Your Image Description

സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃമാറ്റത്തിനു കളമൊരുങ്ങുന്നു. കെ.സുധാകരനു പകരം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ നിയോഗിക്കുമെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ വീണ്ടും സജീവമായി . അടൂര്‍ പ്രകാശ്, സണ്ണി ജോസഫ്, ബെന്നി ബഹനാന്‍ എന്നിവരുടെ പേരുകളാണ് കേന്ദ്ര നേതൃത്വം പരിഗണിക്കപ്പെടുന്നത്.

ആദ്യഘട്ടത്തില്‍ ആന്റോ ആന്റണി, റോജി എം.ജോണ്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേട്ടിരുന്നു. രണ്ടാഴ്ച മുന്‍പ് അടൂര്‍ പ്രകാശ് ഡല്‍ഹിയിൽ വച്ച് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചയാണ് നടന്നത് .

സണ്ണി ജോസഫ് യു ഡി എഫ് കൺവീനറാകും , ബെന്നി ബഹനാന്റെ പേര് ചർച്ചയിൽ വന്നെങ്കിലും പരിഗണിക്കാൻ സാധ്യത കുറവാണ് , കെ എം മാണിയുടെ മരണ ശേഷം കേരളം കോൺഗ്രസ്സിനെ യു ഡി എഫിൽ നിന്നും ചവുട്ടി പുറത്താക്കിയത് ബെന്നി ബഹനാനാണ് . ആ ദുഷ്‌പേര് ബെന്നിയ്ക്ക് വിനയായി.

തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ സര്‍വേകളില്‍നിന്നുള്‍പ്പെടെ ദേശീയ നേതൃത്വത്തിനു ലഭിച്ചിരിക്കുന്ന വ്യക്തമായ സൂചനകള്‍ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാകും.

സംസ്ഥാനത്ത് ബിജെപിയുടെ വോട്ടുവിഹിതം വര്‍ധിക്കുന്നതിനെ ചെറുക്കുന്ന തരത്തില്‍ വിവിധ വിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തി കൂട്ടായ നേതൃത്വമായി മുന്നോട്ടു പോകാന്‍ കഴിയുന്ന തരത്തില്‍ മാറ്റം നടപ്പാക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കെപിസിസി ഭാരവാഹികളുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തി വിവരങ്ങള്‍ കൃത്യമായി ദേശീയ നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.

2026 ല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന അസമിലും കേരളത്തിലും നേതൃമാറ്റം വേണമെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. അസമിന്റെ കാര്യം തീരുമാനിക്കാന്‍ നാളെയും കേരളത്തിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ചയും ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് യോഗം വിളിച്ചു .

അസമില്‍ എംപി ഗൗരവ് ഗൊഗോയിക്കാണ് സാധ്യത. കേരളത്തില്‍നിന്ന് എംപിമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ അധ്യക്ഷ സ്ഥാനത്തുനിന്നു മാറേണ്ടിവരുമെന്ന കാര്യം ദേശീയ നേതൃത്വം കെ.സുധാകരനെ ധരിപ്പിച്ചു .

നേതൃതലത്തില്‍ സമൂലമായ മാറ്റം വേണമെന്നാണ് സുധാകരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രവര്‍ത്തനത്തിലെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ കൊണ്ടല്ല, ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതെന്നാണ് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയത്.

വെള്ളിയാഴ്ചത്തെ യോഗത്തില്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവരും പങ്കെടുക്കും. സുനില്‍ കനഗോലുവിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തിയ സര്‍വേ റിപ്പോര്‍ട്ട് ദേശീയ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഡിസിസി അധ്യക്ഷന്മാര്‍ക്കും മാറ്റമുണ്ടായേക്കും .

സംസ്ഥാനത്ത് പുതിയ അധ്യക്ഷനെ നിര്‍ണയിക്കുന്ന കാര്യത്തില്‍ സര്‍വേ റിപ്പോര്‍ട്ടുകളും നിര്‍ണായകമാകും. പരമ്പരാഗത വോട്ട് ബാങ്ക് കേന്ദ്രങ്ങളില്‍ ചോര്‍ച്ചയുണ്ടാകാത്ത തരത്തില്‍ മറ്റു വിഭാഗങ്ങളെ കൂടി പാര്‍ട്ടിയിലേക്ക് അടുപ്പിച്ചു നിര്‍ത്താനുള്ള നിലപാടുകളാണ് ഉണ്ടാവുക.

ഈ സാഹചര്യത്തിലാണ് അടൂര്‍ പ്രകാശിന്റെ പേര് സജീവ പരിഗണനയിലേക്ക് എത്തിയിരിക്കുന്നത്. ഇടതു കോട്ടയായിരുന്ന ആറ്റിങ്ങല്‍ പിടിച്ചെടുത്ത് കഴിഞ്ഞ രണ്ടു തവണയും നിലനിര്‍ത്തിയത് അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയമികവായാണ് നേതൃത്വം പരിഗണിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ അഭിപ്രായവും വിഷയത്തില്‍ നിര്‍ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *