Your Image Description Your Image Description

തിരുവനന്തപുരം: താൻ വ്യക്തി പൂജക്ക് നിന്ന് കൊടുക്കുന്ന ആളല്ല, അധിക്ഷേപങ്ങള്‍ക്കിടയില്‍ കുറച്ച് പുകഴ്ത്തലാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റിലെ ഇടത് സംഘടന ഒരുക്കിയ സ്തുതി ഗാനത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഒരുപാട് അധിക്ഷേപത്തിന് ഇടയ്ക്ക് പുകഴ്ത്തല്‍ വരുമ്പോള്‍ മാധ്യമങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാകും. എന്നാല്‍ വ്യക്തി പൂജയ്ക്ക് താന്‍ നിന്നു കൊടുക്കില്ല. സെക്രട്ടേറിയേറ്റ് പരിസരത്ത് തന്റെ ഫ്‌ലക്‌സ് വച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കനല്‍ കണക്കൊരാള്‍ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായ് സമരധീര സമരധീര സമരധീര സാരഥി പിണറായി വിജയന്‍’ എന്നു തുടങ്ങുന്ന ഗാനം പുറത്തായതോടെയാണ് വലിയ വിമര്‍ശനമുയര്‍ന്നത്. സെക്രട്ടറിയേറ്റിലെ ഇടത് സംഘടനയുടെ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ നാളത്തെ ഉദ്ഘാടന ചടങ്ങിലാണ് കാവലാള്‍ എന്ന പേരിലുള്ള സംഘഗാനം ആലപിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 100 വനിതകളാണ് ഗാനം അവതരിപ്പിക്കുക. വരികളിള്‍ ഫുള്‍ പിണറായി സ്തുതി മാത്രം. ജ്വലിച്ച സൂര്യന്‍, പടക്ക് മുന്നിലെ പടനായകന്‍, ഫീനിക്‌സ് പക്ഷി നാടിന്‍ കൈവിളക്ക് അങ്ങിനെ വാഴ്ത്താനുള്ള സകല വിശേഷണ പദങ്ങളും പാട്ടില്‍ ആവോളമുണ്ട്.

പൂവരണി നമ്പൂതിരിയുടെ കാരണഭൂതന്‍ തിരുവാതിരയോട് കട്ടക്ക് നില്‍ക്കും വിധത്തിലാണ് പൂവത്തൂര്‍ ചിത്രസേനന്റെ വരികള്‍. ധനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനാണ് ചിത്രസേനന്‍. ഈണമിട്ടത് നിയമവകുപ്പിലെ ജീവനക്കാരന്‍ വിമലാണ്. ഫ്‌ളെക്‌സ് നിരോധിച്ച ഹൈക്കോടതി വിധി വെല്ലുവിളിച്ചായിരുന്നു സെക്രട്ടറിയേറ്റിന് മുന്നില്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പിണറായിയുടെ കൂറ്റന്‍ കട്ടൗട്ടും ഫ്‌ലെക്‌സും വെച്ചത്. വിവാദമായപ്പോള്‍ നഗരസഭാ ജീവനക്കാര്‍ അതെല്ലാം കൊണ്ട് പോയി. അതിന് പിന്നാലെയാണ് സംഘഗാനം പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *