Your Image Description Your Image Description

 

വാഷിങ്ടൺ: എക്സിൽ തന്റെ പേരും പ്രൊഫൈൽ ചിത്രവും മാറ്റി എക്സിന്റെ ഉടമയും നിയുക്ത അമേരിക്കൻ. പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപിന്റെ ഉപദേഷ്ടാവുമായ ഇലോൺ മസ്ക്. ‘കെകിയസ് മാക്സിമസ്’ എന്നാണ് മസ്കിന്റെ പുതിയ എക്സ് ഹാൻഡിൽ.

റോമൻ യോദ്ധാക്കളുടേതുപോലുള്ള വസ്ത്രമണിഞ്ഞ് കൈയിൽ വീഡിയോ ഗെയിം ജോയ്‌സ്റ്റിക്കും പിടിച്ചിരിക്കുന്ന പ്രശസ്ത കാർട്ടൂൺ കഥാപാത്രവും മീമുമായ ‘പെപ്പെ ദ ഫ്രോഗി’നെയാണ് പ്രൊഫൈൽ ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നത്. മസ്കിന്റെ മറ്റുപല ‘എക്സ് തമാശ’കളെയും പോലെ പുതിയ മാറ്റത്തിനുപിന്നിലെ കാരണം വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. എന്നാൽ, പേരുമാറ്റി മണിക്കൂറുകൾക്കുള്ളിൽ ‘കെകിയസ് മാക്സിമസ്’ എന്ന പേരിലുള്ള മീം കോയിനിന്റെ (ഒരുതരം ക്രിപ്‌റ്റോ നാണയം) മൂല്യം 900 ശതമാനംവരെ ഉയർന്നു.

എക്സിലെ കുറിപ്പുകളിലൂടെ ക്രിപ്‌റ്റോ നാണയങ്ങളുടെ മൂല്യത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാക്കുന്നതിൽ പേരുകേട്ട മസ്കിന്റെ പുതിയ തമാശയുടെ ലക്ഷ്യവും ഇതുതന്നെയാണെന്നാണ് ചിലർ കരുതുന്നത്. എന്നാൽ, വെള്ളക്കാരാണ് ഏറ്റവും മികച്ചവരെന്ന് കണക്കാക്കുന്ന മനസ്ഥിതിയുമായും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഓൺലൈൻ വിദ്വേഷവുമായും ബന്ധമുള്ളതാണ് ‘കെക്ക്’ എന്ന പദമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

റോമൻ യോദ്ധാക്കളുടെ ചിഹ്നവും ഈ മനസ്ഥിതി പ്രചരിപ്പിക്കുന്നവർ ഉപയോഗിക്കുന്ന ചിഹ്നങ്ങളിലൊന്നാണ്. റോം പശ്ചാത്തലമായ ‘ഗ്ലാഡിയേറ്റർ’ എന്ന ജനപ്രിയസിനിമയിലെ കഥാപാത്രങ്ങളിലൊന്നിന്റെ പേരിൽ നിന്നാണ് മാക്സിമസ് വന്നതെന്നും വാദമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *