Your Image Description Your Image Description

‘എമ്പുരാൻ’ സമൂഹത്തിന് വളരെ മോശം സന്ദേശം നൽകുന്ന സിനിമയാണെന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ. സിനിമ നിറയെ കൊലപാതകങ്ങളും വയലൻസുമുണ്ട് അതുകൊണ്ടു തന്നെ ഈ സിനിമ കുട്ടികൾ ഒരു കാരണവശാലും കാണരുതെന്നും ശ്രീലേഖ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ എന്തുദ്ദേശത്തിലാണ് തന്റെ പേരക്കുട്ടിയെ ഈ സിനിമ കാണാൻ കൊണ്ടുപോയതെന്നു മനസ്സിലായില്ല. ബിജെപി കേരളത്തിലേക്ക് വന്നാൽ വലിയ വിനാശം സംഭവിക്കും അതുകൊണ്ട് ആയുധ ഇടപാടുകളും സ്വർണം കടത്തലും കൊലയും ഒക്കെ ചെയ്യുന്ന ഒരു മാഫിയ തലവന് മാത്രമേ കേരളത്തെ രക്ഷിക്കാൻ കഴിയൂ എന്നാണു സിനിമയിൽ പറയുന്നതു. വർഷങ്ങൾക്കു മുൻപ് നടന്ന ഗോധ്ര കലാപത്തെ മുഴുവൻ കാണിക്കാതെ വളച്ചൊടിച്ച് കേരളത്തിൽ മതസ്പർദ്ധ ഉണ്ടാക്കാനും ഈ സിനിമ ശ്രമിക്കുന്നുവെന്നും ലൂസിഫർ കണ്ടു ഇഷ്ടമായതുകൊണ്ടാണ് എമ്പുരാൻ കാണാൻ പോയതെന്നും സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഇറങ്ങിപ്പോകാൻ തോന്നിയെന്നും ശ്രീലേഖ പറഞ്ഞു. ‘എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം’ എന്ന തലക്കെട്ടോടെ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം. “ഈ അടുത്ത കാലത്തിറങ്ങിയ സിനിമ എമ്പുരാൻ ഏറ്റവും കൂടുതൽ ഹൈപ്പ് ലഭിച്ച സിനിമയാണ്. ഞാൻ എമ്പുരാൻ കണ്ടു, കാണാതെ ഒരു നിരൂപണം സാധ്യമല്ലല്ലോ. കാണണ്ട എന്ന് കരുതിയിരുന്നതാണ്, കണ്ടുകൊണ്ടിരിക്കുന്നതിന് ഇടയിലൂടെ ഇറങ്ങി പോയാലോ എന്ന് പലവട്ടം തോന്നുകയും ചെയ്തു. ഇവിടെ ‘മാർക്കോ’ എന്ന സിനിമ ഇറങ്ങിയപ്പോൾ ആളുകൾ എല്ലാരും ഏറ്റവും കൂടുതൽ പ്രതിഷേധം പറഞ്ഞിരുന്നത് അതിന്റെ വയലൻസ് ആയിരുന്നു. എന്നാൽ ഏകദേശം അതുപോലെയൊക്കെയുള്ള വയലൻസ് ഈ സിനിമയിലും ഉടനീളമുണ്ട്. എന്നിട്ടും ഇതിനെക്കുറിച്ച് ആളുകൾ ആരും കാര്യമായിട്ട് പറയുന്നത് കേട്ടില്ല. ‘ലൂസിഫർ’ കുറച്ചു നല്ല സിനിമ ആയിരുന്നതുകൊണ്ടും അതിൽ മോഹൻലാലിനെ എനിക്ക് ഇഷ്ടമായതുകൊണ്ടും പൃഥ്വിരാജിനെ പൊതുവേ ഒരു നല്ല നടനായിട്ട് ഞാൻ കണക്കാക്കുന്നത് കൊണ്ടും ഒക്കെയാണ് ഈ സിനിമ പോയി കാണാമെന്ന് വിചാരിച്ചത്. എമ്പുരാൻ’ ഇറങ്ങി രണ്ടു മൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് കണ്ടത്, കട്ട് ചെയ്ത എഡിഷൻ ഒക്കെ ഇറങ്ങുന്നതിനു മുമ്പ്. വയലൻസ് എന്ന് പറഞ്ഞു കഴിഞ്ഞാൽ കയ്യും കാലും വെട്ടുന്നത്, തീയിൽ വെന്തു മരിക്കുന്നത്, ആളുകൾ ബോംബ് പൊട്ടി ചിന്നഭിന്നമായി മാറുന്നത്, ഗർഭിണിയെ റേപ്പ് ചെയ്യുന്ന സീന്, കുട്ടികളെ അടിക്കുന്നത് ഉപദ്രവിക്കുന്നത്, എടുത്തെറിയുന്ന സീനുകൾ അങ്ങനെ വളരെ വലിയ വയലൻസ് ഉള്ള ഒരു സിനിമയാണ് ഇത്. ഇതിനകത്ത് ഉടനീളം പറയാൻ ഉദ്ദേശിക്കുന്ന ഒരു വലിയ മെസ്സേജ് യാദൃച്ഛികമായി വന്ന മെസ്സേജ് അല്ല . ഇത് മനഃപൂർവം നമ്മുടെ കേരള രാഷ്‌ടീയത്തെ അല്ലെങ്കിൽ രാഷ്ട്രീയ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി, കേരളത്തിലെ ബിജെപി അല്ലെങ്കിൽ കാവി കേരളത്തിനകത്ത് കടക്കാൻ പാടില്ല, കടന്നു കഴിഞ്ഞാൽ കേരളം നശിക്കും എന്ന രീതിയിൽ കാണിക്കുന്ന കുറെയധികം ചുറ്റുപാടുകൾ, അല്ലെങ്കിൽ അതിനകത്തുള്ള കഥ സന്ദർഭങ്ങൾ ഡയലോഗുകൾ ഇതിനകത്ത് നിരന്തരം വരുന്നുണ്ട്. പ്രത്യേകിച്ച് കേരള സെൻട്രിക് ആയിട്ടുള്ള കാര്യങ്ങൾ കാണിക്കുമ്പോഴൊക്കെ.ഗോവർധൻ എന്ന് പറയുന്ന ഇന്ദ്രജിത്തിന്റെ ക്യാരക്ടർ പോലും ‘അയ്യോ ഇത് ഭയങ്കര അപകടം പിടിച്ചതാണ്, ഇങ്ങനെയൊന്നും വരാൻ പാടില്ല’ എന്ന് പറയുന്നു. അതായത് കേരളത്തിലെ ഐയുഎഫ് എന്ന് പറയുന്ന പാർട്ടിയിലെ മുഖ്യമന്ത്രിയായി വരുന്ന ജതിൻ വേറൊരു പാർട്ടി ഉണ്ടാക്കി അടുത്ത തിരഞ്ഞെടുപ്പിൽ അഖണ്ഡശക്തി മോർച്ച എന്ന ഒരു പാർട്ടിയിലേക്ക് പോവുന്നു. ബിജെപിയെ ആണ് ഉദ്ദേശിക്കുന്നത്, കാവി ഫ്ലാഗ് ഒക്കെയാണ് അവർ കാണിക്കുന്നത്. ‘ഞാൻ അവരുമായി ചേർന്നുകൊണ്ട് ഞാൻ ഒരു പുതിയ പാർട്ടി ഇവിടെ രൂപീകരിച്ച് ഞാൻ വിജയിച്ചു വരും’ എന്ന് അദ്ദേഹം ഒരു പൊതുജനത്തെ സംബോധന ചെയ്തു പറയുന്ന അവസരത്തിൽ അത് വ്യത്യസ്ത വ്യക്തികളിൽ ഉളവാക്കുന്ന ഞെട്ടൽ പരിഭ്രമം പരിഭ്രാന്തി ഒക്കെ വളരെ വിശദമായിട്ട് കാണിച്ചിട്ടുണ്ട്. ബിജെപി പ്രവർത്തകർക്കും ബിജെപി വിശ്വാസത്തിൽ നിൽക്കുന്ന ആൾക്കാർക്കും ഒക്കെ ഒരു വലിയ ചാട്ടവാർ അടിപോലെയാണ് ഈ സിനിമയെ എനിക്ക് തോന്നിയത്. ഓരോ കഥാസന്ദർഭങ്ങളും അതിനകത്തുള്ള ഡയലോഗുകളും അതിനകത്തുള്ള കുറെ സംസാരങ്ങളും ഒക്കെ കേൾക്കുമ്പോൾ ബിജെപി ഇവിടെ വേണ്ട, ഏറ്റവും വലിയ മാഫിയ തലവൻ ആയിട്ടുള്ള അബ്രാം ഖുറേഷി എന്ന് പറയുന്ന ആൾക്ക് മാത്രമേ കേരളത്തിനെ രക്ഷിക്കാൻ പറ്റൂ എന്നാണ് പറയുന്നത്. കേരളത്തിൽ നാല് എയർപോർട്ടുകളും രണ്ട് കണ്ടെയനർ ടെർമിനലുകളും 800 കിലോമീറ്റർ സീഷോറും ഉണ്ട്. അതുകൊണ്ട് അവിടെ നമുക്ക് കൈവിടാൻ പറ്റില്ല, ഇപ്പോഴാണ് സമയം അത് ഏറ്റെടുക്കണമെന്ന് വില്ലൻ പറയുന്നുണ്ട്. അത് ഉദ്ദേശിക്കുന്നത് ഒന്നുമല്ല ഈ കണ്ടെയ്നർ ടെർമിനലിലൂടെയും എയർപോർട്ടുകളിലൂടെയും ഈ പാർട്ടിക്ക് എന്തെങ്കിലുമൊക്കെ രാജ്യത്തിലേക്കു കടക്കാം. അപ്പോൾ അതിനു വേണ്ടിയിട്ടാണ് ഇവർ അത് എടുക്കുന്നത് എന്നുള്ള ഒരു വല്ലാത്ത തെറ്റിധാരണ നൽകുന്നുണ്ട്. ഇതൊക്കെ കൊണ്ടാണ് ഈ സിനിമ ഒരു വല്ലാത്ത മെസ്സേജ് കൊടുക്കുന്നു എന്നാണ് ശ്രീലേഖയുടെ പക്ഷം .

Leave a Reply

Your email address will not be published. Required fields are marked *