Your Image Description Your Image Description

പോലീസില്‍ ഇസ്ലാമിക ഭീകരരുമായി ബന്ധമുള്ളവര്‍ പിടിമുറുക്കുന്നു. നിരോധിക്കപ്പെട്ട ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ പാര്‍ട്ടി എസ്ഡിപിഐയുടെ സംസ്ഥാന നേതാവ് ഷൗക്കത്തലിക്ക് ടെലിവിഷനും മറ്റു സാധനങ്ങളും വാങ്ങാന്‍ പെരുമ്പാവൂരിലെ സ്‌പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ കാന്റീന്‍ കാര്‍ഡ്പോ നല്കിയത് പോലീസിനെ വെട്ടിലാക്കി. എഎസ്‌ഐ പല രഹസ്യവിവരങ്ങളും എസ്ഡിപിഐക്ക് കൈമാറിയിരിക്കാമെന്നാണ് വിലയിരുത്തല്‍. എന്തെല്ലാം വിവരങ്ങളാണ് ഇയാള്‍ കൈമാറിയതെന്നതില്‍ പോലീസിന് ധാരണയൊന്നുമില്ല. ഇതു പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. എഎസ്‌ഐയുടെ കാന്റീന്‍ കാര്‍ഡുപയോഗിച്ച് ഷൗക്കത്തലി കാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയത് കുടുംബാംഗങ്ങളുടെ പേരിലായിരുന്നു. കാന്റീനില്‍ നിന്ന് വാങ്ങിയ ടിവി, ഗിഫ്റ്റാണെന്നാണ് ഷൗക്കത്തലിയുടെ വാദം. എന്നാല്‍ ബില്ലിലെ വിവരം പുറത്തായതോടെ വാദം പൊളിഞ്ഞു. ഗുരുതര കൃത്യവിലോപമാണ് ഇയാളുടേതെന്ന് കണ്ടതിനാല്‍ എഎസ്‌ഐ സലീമിനെ എറണാകുളം റൂറല്‍ എസ്പി ഡോ. വൈഭവ് സക്‌സേന സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ചു പോലീസ് അതീവ ഗൗരവത്തോടെ അന്വേഷണം ആരംഭിച്ചു. തന്ത്ര പ്രധാനമായ സ്‌പെഷല്‍ ബ്രാഞ്ചിലെ പ്രധാന ഉദ്യോഗസ്ഥന് എസ്ഡിപിഐ സംസ്ഥാന നേതാവുമായുള്ള ബന്ധമാണ് പോലീസിനെ വലയ്‌ക്കുന്നത്. പോലീസില്‍ പച്ചവെളിച്ച പ്രവര്‍ത്തനം സജീവമാണ്. പോലീസിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയ നിരവധി സംഭവങ്ങള്‍ ഇതിനു മുമ്പുണ്ടായിട്ടുണ്ട്. ഹിന്ദുനേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനു ചോര്‍ത്തിക്കൊടുത്തിരുന്നു. കേരള പോലീസില്‍ ഭീകരവാദബന്ധമുള്ളവര്‍ നുഴഞ്ഞുകയറിയെന്നു നേരത്തേ എന്‍ഐഎ കണ്ടെത്തിയതാണ്. പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ഐഎ കൈമാറിയിരുന്നെങ്കിലും ഇതു സംബന്ധിച്ചു നടപടിയൊന്നും പോലീസില്‍ നിന്നുണ്ടായില്ല.
കേരളത്തില്‍ മാത്രം എന്തുകൊണ്ട് ഇങ്ങനെയൊരു പോലീസ്-ഭീകരബന്ധം നിലനില്‍ക്കുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. പിഎഫ്‌ഐ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്ക് ലഭിക്കുന്ന രാഷ്‌ട്രീയ-ഭരണ പിന്തുണയാണ് ഇതിനു കാരണം. കാലങ്ങളായി സംഭവിക്കുന്നതും കണ്ടുപിടിച്ചാല്‍ തന്നെ തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്നും, ചെറിയ അച്ചടക്ക നടപടി നേരിട്ടാലും ആത്യന്തികമായി തങ്ങളെ രക്ഷിക്കാന്‍ ആളുണ്ടെന്നുമുള്ള ഉറച്ച വിശ്വാസമാണ് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്താന്‍ ഇത്തരം പോലീസുകാരെ പ്രേരിപ്പിക്കുന്നത്. ഇടതു സര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളുന്ന പോലീസ് മേധാവികളും ഭീകരാഭിമുഖ്യമുള്ള പോലീസുകാരോട് മൃദുസമീപനം പുലര്‍ത്തുകയാണ്. ഭീകരബന്ധത്തിന്റെ പേരില്‍ പോലീസുകാര്‍ നടപടി നേരിടുന്നതിന്റെ വിവരങ്ങള്‍ പോലും പുറത്തുവിടാതിരിക്കുന്നത് ഇതിന്റെ ഭാഗമാണ്. തൊടുപുഴയില്‍ ഭീകരവാദ സംഘടനയ്‌ക്ക് രഹസ്യവിവരം ചോര്‍ത്തിയതില്‍നിന്ന് മറ്റൊന്നുകൂടി പുറത്തുവരികയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരിക്കുകയാണെങ്കിലും ഇക്കൂട്ടരുടെ പ്രവര്‍ത്തനം ശക്തമായ നിലയില്‍ നടക്കുന്നുണ്ട്. പോലീസുകാരുടെ പോലും സഹായത്തോടെ ഈ ഭീകരര്‍ ഇപ്പോഴും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്നാണ് മനസ്സിലാവുന്നത്. കേരളാ പോലീസിന്റെ ഭാഗത്തുനിന്ന് ഇതിനെതിരെ ശക്തമായ നടപടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. എന്‍ഐഎ അതീവ ജാഗ്രതയോടെ തുടര്‍ന്നും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *