Your Image Description Your Image Description

മസ്‌കറ്റ്: പുതുവർഷം പിറക്കാനിരിക്കെ ഒമാനിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ഒമാനിൽ വാട്സാപ്പിന്റെ നിയന്ത്രണങ്ങൾ നീക്കിയതോടെ വാട്സാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് ഉള്‍പ്പെടെ ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാൻ അവസരം ഒരുങ്ങുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാട്സാപ്പ് കോളുകള്‍ രാജ്യത്ത് ആക്ടിവേറ്റ് ചെയ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കിന്‍റെ (വിപിഎന്‍) സഹായമില്ലാതെ തന്നെ വാട്സാപ്പ് ഉപയോഗിച്ച് നേരിട്ട് കോളുകള്‍ ചെയ്യാനാണ് ഇതോടെ അവസരം ഒരുങ്ങിയിരിക്കുന്നത്. വാട്സാപ്പ് പോലുള്ള വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ (VoIP) സേവനങ്ങളില്‍ രാജ്യത്ത് ദീര്‍ഘകാലമായി നിലനിന്നിരുന്ന നിയന്ത്രണങ്ങളില്‍ കാര്യമായ മാറ്റത്തെയാണ് ഇത് അടയാളപ്പെടുത്തുന്നതെന്ന് മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു.

നാട്ടിലേക്ക് വാട്സാപ്പ് ഉപയോഗിച്ച് എളുപ്പത്തില്‍ കോളുകള്‍ ചെയ്യാന്‍ ലഭിച്ച സൗകര്യത്തില്‍ പ്രവാസികള്‍ വലിയ ആവേശത്തിലാണ്. കൂടുതല്‍ ചെലവില്ലാതെ ഇന്‍റര്‍നെറ്റിന്‍റെ മാത്രം സഹായത്തോടെ ദൂരെദിക്കുകളിലുള്ളവരുമായി ആശയ വിനിമയം നടത്താന്‍ ഇത് ഏറെ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. സാങ്കേതിക തടസ്സങ്ങളൊന്നുമില്ലാതെ നല്ല രീതിയില്‍ വാട്സാപ്പ് കോളുകള്‍ പ്രവര്‍ത്തിച്ചതായും അവര്‍ അറിയിച്ചു.

അതേസമയം, വാട്സാപ്പ് കോളുകള്‍ അനുവദിക്കപ്പെട്ടതിനെ കുറിച്ച് വ്യാപകമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും, ഒമാനിലെ ടെലികോം റെഗുലേറ്ററി അതോറിറ്റി (ടിആര്‍എ) ഈ സൗകര്യം പ്രവര്‍ത്തനക്ഷമമാക്കുന്ന രീതിയില്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയതിനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മുന്‍കാലങ്ങളില്‍, രാജ്യത്തിന്റെ ലൈസന്‍സിംഗും നിയമപരമായ ആവശ്യകതകളും പാലിക്കുന്നുണ്ടെങ്കില്‍, വാട്സാപ്പ് കോളുകള്‍ ഉള്‍പ്പെടെയുള്ള വോയിപ്പ് സേവനങ്ങള്‍ അനുവദിക്കുന്നതിനുള്ള തുറന്ന മനസ്സ് അതോറിറ്റി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ പുതിയ മാറ്റം ഒരു സ്ഥിരമായ സംവിധാനമാണോ അതോ താല്‍ക്കാലിക സാങ്കേതിക പരിഷ്‌ക്കാരത്തിന്‍റെ ഭാഗമാണോ എന്ന കാര്യം വ്യക്തമല്ല.

 

Leave a Reply

Your email address will not be published. Required fields are marked *