Your Image Description Your Image Description

ഇന്ത്യ ഒട്ടാകെ ആരാധകരുള്ള തെന്നിന്ത്യൻ താരസുന്ദരിയാണ് സായ് പല്ലവി.നിലവിൽ നിതേഷ് തിവാരിയുടെ സംവിധാനത്തിലൊരുങ്ങുന്ന രൺബീർ കപൂർ നായകനാകുന്ന രാമായണത്തിലാണ് നടി അഭിനയിക്കുന്നത്.പലപ്പോഴും പൊതു വേദികളിലും അഭിമുഖങ്ങളിലും വളരെ ശാന്തമായി പ്രതികരിക്കുന്ന പ്രകൃതമാണ് നടിക്ക്. സാധാരണയായി തന്നെ കുറിച്ച് വരുന്ന വ്യാജവാർത്തകളിലോ അഭ്യൂഹങ്ങളിലോ നടി പ്രതികരിക്കാറില്ല. എന്നാൽ രാമായണം സിനിമയുമായി ബന്ധപ്പെട്ട് പ്രമുഖ തമിഴ് മാധ്യമ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോൾ.

ഇതിഹാസമായ രാമയാണത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദി ചിത്രത്തിൽ സീതയായി അഭിനയിക്കുന്നതിനായി സായി പല്ലവി ഇപ്പോൾ വെജിറ്റേറിയനായി എന്നാണ് തമിഴ് മാധ്യമം അവരുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വെജിറ്റേറിയനായി തുടരാൻ സായി പല്ലവി സെറ്റുകളിൽ പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നു എന്നും ഈ റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. സത്യസന്ധമല്ലാത്ത കാര്യങ്ങൾ കാണുമ്പോൾ നിശബ്ദതയാണ് തിരഞ്ഞെടുക്കാറുള്ളതെന്നും എന്നാൽ ഇനി ഇത്തരം പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നും സായ് പല്ലവി പറഞ്ഞു. സിനിമ വികടൻ നൽകിയ വാർത്തയുടെ പോസ്റ്റർ പങ്കുവെച്ചാണ് സായ് പല്ലവി ട്വിറ്ററിൽ പ്രതികരിച്ചിരിക്കുന്നത്.

താരം പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,‘മിക്കപ്പോഴും എല്ലാ സമയത്തും അടിസ്ഥാനരഹിതമായ തെറ്റായ പ്രസ്താവനകൾ മനപൂർവ്വമോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം പ്രതികരിക്കാതെ ഞാൻ നിശബ്ദതയാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഇത് സ്ഥിരമായി സംഭവിക്കുന്നതിനാൽ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് കരുതുന്നത്. ഇത്തരം കാര്യങ്ങൾ അവസാനിക്കുമെന്ന് തോന്നുന്നില്ല.എൻ്റെ സിനിമകളുടെ റിലീസുകൾ/ പ്രഖ്യാപനങ്ങൾ തുടങ്ങി എൻ്റെ കരിയറിലെ പ്രിയപ്പെട്ട നിമിഷങ്ങളുടെ സമയത്താണ് ഇത്തരം വ്യാജപ്രചരണങ്ങൾ നടക്കുന്നത്. ഇനി ഏതെങ്കിലും പ്രശസ്ത പേജോ മാധ്യമമോ/ വ്യക്തിയോ, വാർത്തയുടെയോ ഗോസിപ്പിൻ്റെയോ പേരിൽ ഇത്തരം കഥയുമായി വരുന്നത് എന്റെ കണ്ണിൽപ്പെട്ടാൽ നിയമപരമായി അതിനെ നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്’. താനൊരു സസ്യാഹാരിയാണെന്ന് സായ് പല്ലവി പലപ്പോഴും അഭിമുഖങ്ങളിലൂടെ പലതവണ വ്യക്തമാക്കിയതാണ്.

Leave a Reply

Your email address will not be published. Required fields are marked *