Your Image Description Your Image Description

ന്യൂയോർക്ക്: ഇനി വരുന്നത് ഇലോൺ മസ്കിന്റെ കാലമാണ്. ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 400 ബില്യൺ (40,000 കോടി) യു.എസ് ഡോളർ ആസ്തിയിൽ എത്തുന്ന ആദ്യ വ്യക്തിയായി ടെസ്‌ല, സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്‌ക്. യു എസ് തെരഞ്ഞെടുപ്പിന് മുമ്പ് ടെസ്‌ലയുടെ ഓഹരികൾ 65 ശതമാനത്തോളം ഉയർന്നിരുന്നത് ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു. ബ്ലൂംബെർഗ് സൂചിക പ്രകാരം സ്‌പേസ് എക്‌സിന്റെ ഇൻസൈഡർ ഓഹരി വിൽപ്പനയിലൂടെ ഒറ്റയടിക്ക് 50 ബില്യൺ ഡോളർ വർധിച്ച് 439.2 ബില്യൺ ഡോളറായി (ഇന്ത്യൻ രൂപ 37 ലക്ഷം കോടിയിലധികം) ഉയർന്നത്.

ആഗോളതലത്തിൽ ഏറ്റവും മൂല്യമുള്ള സ്വകാര്യ സ്റ്റാർട്ടപ്പാണ് സ്പേസ് എക്സ്. ഗ്രഹാന്തര യാത്ര, അന്യഗ്രഹങ്ങളിൽ മനുഷ്യ കോളനികൾ സൃഷ്ടിക്കുക തുടങ്ങിയ വിഷയങ്ങളിൽ മസ്കിനുള്ള കാഴ്ചപ്പാടിന് ആഗോളതലത്തിൽ വലിയ സ്വീകാര്യതയുണ്ട്. രണ്ടു വർഷങ്ങൾക്ക് മുൻപ് ആസ്തി 200 ബില്യൺ ഡോളറിന് താഴെ പോയതിനു ശേഷമാണ് മസ്‌ക് വമ്പൻ തിരിച്ചു വരവ് നടത്തിയത്. മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്സ്.എ.ഐ, മേയിൽ 50 ബില്യൺ ഡോളർ നിക്ഷേപം സ്വീകരിച്ചതിനുശേഷം വിപണി മൂല്യം ഇരട്ടിയിലധികമായി വർധിച്ചെന്നും ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു.

തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന് പിന്തുണനൽകിയതും മസ്കിന്റെ കമ്പനിക്ക് അനുകൂല നേട്ടമുണ്ടാക്കി. സെൽഫ് ഡ്രൈവിങ് കാറുകളുടെ വ്യാപനം ട്രംപ് കാര്യക്ഷമമാക്കുമെന്നും വിപണിയിൽ ടെസ്‌ലയുടെ എതിരാളികളെ സഹായിക്കുന്ന ഇലക്ട്രിക് വാഹന നികുതി ഇളവുകൾ ഇല്ലാതാക്കുമെന്നുമുള്ള പ്രതീക്ഷയിൽ കമ്പനിയുടെ ഓഹരികളും ഉയർന്നിരുന്നു. സ്പേസ് എക്സ് ദൗത്യങ്ങളിലെ തുടർച്ചയായ വിജയവും മനുഷ്യരെ ചൊവ്വയിലേക്ക് അയക്കാനുള്ള പദ്ധതികളും മസ്കിന്റെ ആസ്തി ഉയരുന്നതിൽ പങ്കു വഹിച്ചെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *