Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തിൽ കുറവ്. ഇതുവരെ പുറത്ത് വന്ന കണക്കുകൾ അനുസരിച്ച് വോട്ടെടുപ്പ് നടക്കുന്ന 88 മണ്ഡലങ്ങളിൽ 61.40 ശതമാനമാണ് പോളിങ്. ലോക്സഭയിലേക്കുള്ള 543 മണ്ഡലങ്ങളിൽ 190 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇതിനോടകം പൂർത്തിയായി. അതേസമയം, വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയിൽ വൻ ആയുധശേഖരം സിബിഐ പിടികൂടി.

ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ നാല് ശതമാനം പോളിങ് ശതമാനം കുറഞ്ഞത് ചർച്ചയായി തുടരുമ്പോഴാണ് രണ്ടാം ഘട്ടത്തിലും വോട്ടിങ് ശതമാനം കുറയുന്നത്. 2019 ൽ രണ്ടാം ഘട്ടത്തിൽ 69.45 ആയിരുന്നു പോളിങ് ശതമാനം. ഒടുവിലെ കണക്ക് അനുസരിച്ച് എട്ട് ശതമാനത്തോളം കുറവാണ് രണ്ടാം ഘട്ടത്തിൽ ഉണ്ടായത്. നാളെയോടെയെ കൃത്യമായ കണക്കുകൾ ലഭ്യമാകൂ. അത് അനുസരിച്ച് ഇതിൽ ചെറിയ വ്യത്യാസങ്ങൽ വന്നേക്കാം. ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഏറ്റവും കുറവ് വോട്ടിങ് ശതമാനം ഉണ്ടായിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും 54 ശതമാനമാണ് പോളിങ്.

കടുത്ത മത്സരം നടക്കുന്ന രാജസ്ഥാനിൽ 63.56 ശതമാനവും പശ്ചിമ ബംഗാളിൽ 71.84 ശതമാനവുമാണ് പോളിങ്. മധ്യപ്രദേശിൽ 56.29 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 78 ശതമാനമുള്ള ത്രിപുരയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. മണിപ്പൂരിൽ 77 ശതമാനവും പോളിങുണ്ട്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത് നാല് മണ്ഡലങ്ങളിൽ ത്രികോണ മത്സരവും രണ്ട് മണ്ഡലങ്ങളിൽ ബിജെപിയും കോൺഗ്രസും രണ്ട് മണ്ഡലങ്ങളിൽ ബിജെപിയും സമാജ്‍വാദി പാർട്ടിയും തമ്മിലായിരുന്നു മത്സരം.

ശക്തികേന്ദ്രങ്ങളിൽ വോട്ട് ശതമാനം കുറഞ്ഞത് ബിജെപിക്ക് ആശങ്കജനകമാണ്. വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിലെ സന്ദേശ്ഖലിയിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. സിബിഐ ഒരു കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്. എൻഎസ്ജി സ്ഥലത്ത് എത്തിയിട്ടുണ്ട്. ബലാത്സംഗം, മയക്കുമരുന്ന് ആരോപണം ഉയർന്ന സന്ദേശ്ഖലിയിൽ വിദേശ നിർമിത ആയുധങ്ങളാണ് കണ്ടെത്തിയതെന്നും വിശദമായ അന്വേഷണം വേണമെന്നും ബിജെപി ആരോപിച്ചു. ബംഗാളിലും യുപിയിലും ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ തകരാറിലായത് വോട്ടിങ് തടസ്സപ്പെടുന്നതിന് കാരണമായെന്ന് ടിഎംസിയും സമാജ്‍വാദി പാർട്ടിയും കുറ്റപ്പെടുത്തി. കനത്ത സുരക്ഷയിലാണ് മണിപ്പൂരിൽ വോട്ടെടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *