Your Image Description Your Image Description
Your Image Alt Text

ഹനോയി: വിയറ്റ്നാമിലെ പ്രമുഖ ഭക്ഷണശാലയിൽ നിന്ന് ബാൻ മി സാൻഡ് വിച്ച് കഴിച്ച 500 ൽ അധികം പേർക്ക് ഭക്ഷ്യവിഷബാധ. തെക്കൻ വിയറ്റ്നാമിലെ പ്രമുഖ ഭക്ഷണശാലയിൽ നിന്നാണ് കേടായ ബാൻ മി നിരവധി ആളുകൾ കഴിച്ചത്. ഗുരുതരാവസ്ഥയിൽ കഴിയുന്നവരിൽ 12 പേർ 6നും ഏഴിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. ദോംഗ് നായി പ്രവിശ്യയിൽ ഏറെ പേരു കേട്ട ഈ ഭക്ഷണശാലയായ ബാംഗ് ബേക്കറിയിൽ നിന്ന് ആയിരങ്ങളാണ് ദിവസേന ആഹാരം കഴിക്കുന്നത്. സംഭവത്തിന് പിന്നാലെ ഭക്ഷണ ശാല അടച്ചുപൂട്ടി.

കൊടുംചൂടിൽ ബാൻ മി അഴുക്കായതാവാമെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്. സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചല്ല ഭക്ഷണ ശാല നടത്തിപ്പെന്ന് വ്യക്തമായിട്ടുണ്ട്. ബാൻ മി സാൻഡ് വിച്ച് വിയറ്റ്നാമിന്റെ തനത് ഭക്ഷണ രീതികളിലൊന്നാണ്. ഫ്രെഞ്ച് രീതിയിലുള്ള ബ്രഡിൽ തണുത്ത ഇറച്ചിയും പച്ചക്കറികളും പാറ്റിയും വച്ചാണ് ബാൻ മി തയ്യാറാക്കുന്നത്. തിങ്കളാഴ്ച ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം 560 ഓളം പേർക്കാണ് ശാരീരികാസ്വസ്ഥ്യം നേരിട്ടത്.

ലോംഗ് ഖാൻ നഗരത്തിലാണ് ബാംഗ് ബേക്കറി സ്ഥിതി ചെയ്യുന്നത്. ചികിത്സ തേടിയവരിൽ 200 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഓരോ ദിവസവും 1100 ഓളം ബാൻ മി സാൻഡ് വിച്ചാണ് ബാംഗ് ബേക്കറിയിൽ നിന്ന് വിറ്റുപോകാറുള്ളത്. വയറിളക്കവും ഛർദ്ദിയും പനിയും വയറുവേദന അടക്കമുള്ള ലക്ഷണങ്ങളുമായി നിരവധി പേരാണ് ചികിത്സ തേടിയെത്തുന്നത് ഭക്ഷ്യ വിഷബാധയുടെ തോത് സൂചിപ്പിക്കുന്നുണ്ട്.

ബാംഗ് ബേക്കറിയിൽ നിന്ന് അധികം ഇറച്ചി വച്ച സാൻഡ് വിച്ചുകൾ വാങ്ങിയവർ ചികിത്സ തേടണമെന്നാണ് ആരോഗ്യവകുപ്പ് ഇതിനോടകം ആവശ്യപ്പെട്ടിരിക്കുന്നത്. ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടികളുടെ രക്ത സാംപിളുകളിൽ ഇ കൊളിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *