Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ രാവിലെ മുതലുള്ള ശക്തമായ പോളിങ്ങിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ. കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിന് സ്വാധീനമുള്ള, പരമ്പരാഗത കോൺഗ്രസ് വോട്ടുകളുള്ള പാറശാലയിലും നെയ്യാറ്റിൻകരയിലും 12 മണിയോടെ പോളിങ് 35% പിന്നിട്ടത് അനുകൂല ഘടകമാണെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. ജില്ലയിൽ കോൺഗ്രസിന്റെ കൈവശമുള്ള ഏക നിയമസഭാ മണ്ഡലമായ കോവളത്ത് രാവിലെ 19.90% ആയിരുന്നു പോളിങ്. ഉച്ചയ്ക്ക് മുൻപായി അത് 33.62 ശതമാനത്തിലെത്തി.

വോട്ട് ബാങ്കായ തീരദേശ മേഖലകളിലും മികച്ച പോളിങ് രാവിലെ നടന്നത് അനുകൂലഘടമായി പാർട്ടി വിലയിരുത്തുന്നു. നഗരമേഖലകളിലാണ് ബിജെപിക്ക് കൂടുതൽ പ്രതീക്ഷ. വോട്ടുബാങ്കുള്ളതും ഈ മേഖലയിലാണ്. ബിജെപി ആദ്യമായി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയശേഷം പാർട്ടിക്ക് മണ്ഡലത്തിൽ വോട്ട് വിഹിതം വർധിച്ചിട്ടേയുള്ളൂ. അതിൽ പ്രധാന സംഭാവന നൽകുന്നത് നഗരമേഖലയിലെ വോട്ടർമാരാണ്. നഗരമേഖലയിലെ കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളാണ് പാർട്ടിയുടെ ശക്തി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്നത് കരുത്താണെന്ന് പാർട്ടി കരുതുന്നു. ജയിച്ചാൽ രാജീവ് കേന്ദ്രമന്ത്രിയാകുമെന്ന പ്രചാരണം ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ട്.

കോവളം മണ്ഡലമൊഴികെ മറ്റു മണ്ഡലങ്ങളില്‍ ഭരണത്തിലുള്ളതാണ് എൽഡിഎഫിന്റെ കരുത്ത്. സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രന്റെ ജനകീയത വോട്ടായി മാറുമെന്ന് പാർട്ടി കരുതുന്നു. നേമത്തും പാറശാലയിലും നെയ്യാറ്റിൻകരയിലുമെല്ലാം പോളിങ് രാവിലെതന്നെ ഉയർന്നത് അനുകൂല ഘടകമാണെന്നും വിശ്വസിക്കുന്നു. തീരദേശമേഖലയിലെ വോട്ടുകൾ ഇത്തവണ ഇടതുമുന്നണിയിലേക്കെത്തുമെന്നും പ്രതീക്ഷിക്കുന്നു. ക്രോസ് വോട്ടിങ് നടക്കുന്നു എന്ന ആരോപണവുമായി യുഡിഎഫും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. പരാജയം ഭയന്നാണ് ആരോപണമെന്ന് എൽഡിഎഫ് തിരിച്ചടിക്കുന്നു.

പോളിംഗ് ശതമാനം നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ

കഴക്കൂട്ടം: 44.58%
വട്ടിയൂർക്കാവ്: 43.77%
തിരുവനന്തപുരം: 41.09%
നേമം: 45.55%
പാറശ്ശാല: 47.99%
കോവളം: 46.36%
നെയ്യാറ്റിൻകര: 48.27%
വർക്കല: 46.77%
ആറ്റിങ്ങൽ: 48.24%
ചിറയിൻകീഴ്: 45.64%
നെടുമങ്ങാട്: 48.34%
വാമനപുരം: 48.80%
അരുവിക്കര: 49.49%
കാട്ടാക്കട: 48.34%

Leave a Reply

Your email address will not be published. Required fields are marked *