Your Image Description Your Image Description
Your Image Alt Text

ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കിണഞ്ഞു പരിശ്രമിച്ച ഒന്നായിരുന്നു മാസപ്പടി വിവാദം. ഇടതുപക്ഷ വിരുദ്ധത മാത്രം കൊണ്ടുനടക്കുന്ന മുഖ്യാധാര മാധ്യമങ്ങള്‍ക്ക് വലിയൊരു ഇരയെ കൊത്തിപറിക്കാന്‍ കിട്ടിയ അവസരം കൂടിയായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ മകള്‍ എന്ന ലേബലില്‍ വീണാ വിജയന്‍ നിരന്തരം വേട്ടയാടപ്പെട്ടു. ചാനലുകളുടെ അന്തിചര്‍ച്ചകളിലൂടെ കീറിമുറിച്ചു. പക്ഷേ ഈ വേട്ടയാടലുകള്‍ക്ക് ആയുസ് നീര്‍കുമിളയുടേത് മാത്രം.

യഥാര്‍ത്ഥത്തില്‍ എന്താണ് മാസപ്പടി വിവാദം…?

കമ്പനിയുടെ തടസമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍സ് ലിമിറ്റഡിന്റെ (സിഎംആര്‍എല്‍) മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത രാഷ്ട്രീയക്കാര്‍, ട്രേഡ് യൂണിയനുകള്‍, മാധ്യമ സ്ഥാപനങ്ങള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് കൈക്കൂലി നല്‍കിയെന്ന വാര്‍ത്ത കേരളത്തില്‍ വലിയ പ്രചാരം നേടി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പെടെയുള്ളവര്‍ നിയമവിരുദ്ധമായ തുക കൈപ്പറ്റിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ എത്തിയത്.

വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാ ലോജിക് എന്ന കമ്പനിക്ക് സിഎംആര്‍എല്‍-ന് സോഫ്റ്റ് വെയര്‍-ഐടി സേവനങ്ങള്‍ നല്‍കിയതിന്റെ പ്രതിഫലമായി 1.72 കോടി രൂപ നല്‍കി. എന്നാല്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ വീണയുടെ കമ്പനി സിഎംആര്‍എല്‍-ന് യാതൊരു സേവനങ്ങളും നല്‍കിയിരുന്നില്ല, കൈപ്പറ്റിയ തുക തികച്ചും നിയമവിരുദ്ധം എന്നുമായിരുന്നു പ്രചരിപ്പിച്ചിരുന്നത്. ഇതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചാടിയിറങ്ങി. കാരണം എതിര്‍വശത്ത് വീണാ വിജയന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍.

ഇനി എന്താണ് വസ്തുത..?

ഉത്തരം ലളിതമാണ്. നമ്മുടെ വീട്ടിലെ ആവശ്യത്തിനായി വാങ്ങുന്ന ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, (ഉദാഹരണത്തിന് ടിവി, ഫ്രിഡ്ജ്, വാഷിംഗ്‌മെഷീന്‍) തുടങ്ങിയവ വാങ്ങുമ്പോള്‍ നിലവിലുള്ള വാറന്റിക്ക് പുറമെ, വാറന്റിയുടെ കാലാവധി (Extended Warratny) കൂട്ടാന്‍ താത്പര്യമുണ്ടോ എന്ന് തിരക്കും. അങ്ങനെ കാലാവധി നീട്ടുമ്പോള്‍ മുന്‍കൂറായി പണം നല്‍കണം. ആ പണം അടയ്ക്കുന്ന കാലാവധിയില്‍ ഉത്പന്നങ്ങള്‍ക്ക് തകാര്‍ സംഭവിച്ചാല്‍ കസ്റ്റമര്‍ക്ക് അത് സൗജന്യമായി തന്നെ പരിഹരിച്ചു കൊടുക്കും. ഇനി ഈ കാലയളവില്‍ തകാര്‍ സംഭച്ചില്ലെങ്കില്‍ ആ തുക കമ്പനിക്കും ലഭിക്കും. ഇത് തന്നെയാണ് വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിലും നടന്നത്.

ഒരു വലിയ കമ്പനിക്ക് വേണ്ടിയുള്ള സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ മറ്റൊരു കമ്പനി ചെയ്യുന്നു. ഉപയോഗിക്കുന്ന സോഫ്റ്റ് വെയറില്‍ bugg ,updation, upgradation എന്നിങ്ങനെ പലതും സംഭവിക്കാം. അങ്ങനെയുള്ള സേവനങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ആ സമയത്ത് വലിയ വില നല്‍കേണ്ട സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ കിട്ടാനാണ് ആദ്യമേ Annual Maintenance contract (AMC) ല്‍ ഏര്‍പ്പെടുന്നത്. ഇത് പ്രകാരം ചിലപ്പോള്‍ വില കൊടുത്തതിനേക്കാള്‍ കൂടുതല്‍ സേവനങ്ങള്‍ ഉണ്ടാവാം. ചിലപ്പോള്‍ സേവനമേ ഉണ്ടായെന്ന് വരില്ല. അത്തരത്തില്‍ AMC കണ്ടീഷന്‍ പ്രകാരം മാസം ഇത്ര രൂപ വച്ച് സോഫ്റ്റ്വയര്‍ കൊടുക്കുന്ന കമ്പനിക്ക് കൊടുക്കുന്നതാണ് എക്സാലോജിക് ചെയ്തുവരുന്നത്. ഈ വസ്തുത മറച്ചുവെച്ചാണ് വീണാ വിജയനെ ഒരു രാഷ്ട്രീയ എതിരാളിയുടെ മകളായി മാത്രം കണ്ട് കടന്നാക്രമിക്കുന്നത്.

മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന്റെ ആദ്യത്തെ ആരോപണം…?

മാസപ്പടി വിവാദം വന്നതോടെ ആദ്യം ചാടിയിറങ്ങിയത് സതീശന്‍, സുധാകരന്‍, ചെന്നിത്തല എന്നിവരായിരുന്നു, എന്നാല്‍ വീണാ വിജയനെ തൂക്കിലേറ്റാന്‍ രേഖകളും കൊണ്ട് നടന്നത് മറ്റൊരുമല്ല, മാത്യു കുഴല്‍നാടന്‍ ആണ്. എക്‌സാലോജിക് കമ്പനി ഒരു കോടി 72 ലക്ഷം വാങ്ങിയെന്നും അതിന് കൃത്യമായ ടാക്‌സ് അടിച്ചിട്ടില്ല എന്നതായിരുന്നു ആദ്യത്തെ ആരോപണം. അതിന് തെളിവ് നിരത്തിയാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും, ചുരുങ്ങിയ പക്ഷം മാപ്പെങ്കിലും പറയുമെന്നും വീരവാദം മുഴക്കി.

മാത്യു കുഴല്‍നാടന്റെ ആദ്യ ആരോപണം പൊളിച്ച് ധനവകുപ്പ്;

എക്‌സാലോജിക് കമ്പനി ഒരു കോടി 72 ലക്ഷം വാങ്ങിയെന്നും അതിന് കൃത്യമായ ടാക്‌സ് അടിച്ചിട്ടില്ല, തെളിവ് നിരത്തണം എന്ന മാത്യു കുഴല്‍നാടന്റെ ആവശ്യം പരിഗണിച്ച് ധനവകുപ്പ് കണക്കുകള്‍ പുറത്ത് വിട്ടു. സിഎംആര്‍എല്ലില്‍ നിന്നും കൈപ്പറ്റിയ 1 കോടി 72 ലക്ഷത്തിന് എക്‌സാലോജിക് കമ്പനി കൃത്യമായി ടാക്‌സ് അടച്ചിട്ടുണ്ട് എന്ന കണക്കുകളാണ് പുറത്ത് വന്നത്. ടാക്‌സ് അടച്ചിട്ടുണ്ടെന്ന കണക്കുകള്‍ പുറത്ത് വന്നിട്ടും പറഞ്ഞ വാക്ക് പാലിക്കാന്‍ മാത്യു കുഴല്‍നാടന്‍ തയ്യാറായില്ല. മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയാന്‍ തയ്യാറാകാത്തത് മാത്യു കുഴല്‍നാടന്റെ നിലവാരമില്ലായ്മയെയാണ് ചൂണ്ടിക്കാണിച്ചത്. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പറഞ്ഞതും പാഴ് വാക്കായി.

ഒടുവില്‍ വീണ്ടും മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തി. താന്‍ ആവശ്യപ്പെട്ടത് ടാക്‌സുമായി ബന്ധപ്പെട്ട രേഖകള്‍ അല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വരവ്. മാത്യു കുഴല്‍നാടന്‍ ചോദിച്ചതിന്റെ രേഖകള്‍ കൃത്യമായും പുറത്ത് വന്നിട്ടും മാസപ്പടിയില്‍ നിന്ന് കുഴല്‍നാടന്‍ പിന്നോക്കം സഞ്ചരിച്ചില്ല. വീണ്ടും പൊള്ളയായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു.

രണ്ടാമത്തെ ശ്രമം മാസപ്പടി വിവാദത്തില്‍ അടിയന്തര പ്രമേയം…

ശേഷം, നിയമസഭയില്‍, മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കെതിരായ മാസപ്പടി വിവാദത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചു. ചിന്നക്കനാലില്‍ കോടികള്‍ വിലമതിക്കുന്ന റിസോര്‍ട്ട് സ്വന്തമാക്കിയതും നികുതി വെട്ടിപ്പ് നടത്തിയതും പുറംമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയതും അറിയുന്ന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായിരുന്നു അടിയന്തര പ്രമേയവുമായി എത്തിയത്. പക്ഷേ എന്നത്തെയും പോലെ നിയമസഭയുടെ തണുത്ത മുറിയില്‍ ഇരുന്ന് കുഴല്‍നാടന്‍ വിയര്‍ത്തൊഴുകി. പ്രമേയം തള്ളി പോവുകയും ചെയ്തു.

അവിടെയും കുഴല്‍നാടന്‍ അവസാനിപ്പിച്ചില്ല, മാസപ്പടിയിലെ മൂന്നാമത്തെ ശ്രമം-

മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു. പക്ഷേ മുഖ്യമന്ത്രിക്കെതിരായോ, മകള്‍ വീണാ വിജയനെതിരായോ തെളിവുകള്‍ യാതൊന്നും പരാതിയില്‍ കഴമ്പില്ലെന്നും കണ്ട് അന്വേഷണം നടത്താനാവില്ലെന്ന് വിജിലന്‍സ് അറിയിച്ചു. ഇതോടെ കുഴല്‍നാടന്‍ വീണ്ടും നിലപാട് മാറ്റി. വിജിലന്‍സ് അന്വേഷണം വേണ്ടാ, പകരം കോടതി നേരിട്ട് അന്വേഷണം നടത്തണം എന്നതായി ആവശ്യം. എവിടെയെങ്കിലും ഒരു സ്ഥലത്ത് ഉറച്ചു നില്‍ക്കൂ എന്ന മുന്നറിയിപ്പും കോടതി കുഴല്‍നാടന് നല്‍കി. ഒടുവില്‍ ഇന്ന് കോടതിയില്‍ നിന്നും ഉത്തരം ലഭിച്ചു.

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരായോ, മകള്‍ വീണാ വിജയനെതിരായോ തെളിവില്ലെന്നും ആയതിനാല്‍ ഹര്‍ജി തള്ളുന്നു എന്നുമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി അറിയിച്ചത്. മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ഉള്‍പ്പടെ കിണഞ്ഞു പരിശ്രമിച്ചിട്ടും മാസപ്പടി വിവാദത്തില്‍ ഒരു കരട് പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് അഴിമതി കറ പുരളാത്ത ഇടതുപക്ഷ സര്‍ക്കാരും, സര്‍ക്കാരിനെ നയിക്കുന്ന പിണറായി വിജയനുമാണ്. മേല്‍കോടതികളെ സമീപിച്ചാലും മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ മനസില്‍ കുറിച്ചിട്ടിരിക്കുന്ന ഉത്തരം ലഭിക്കാന്‍ പോകുന്നില്ല. കാരണം മടിയില്‍ കനമുള്ളവര്‍ക്കേ ഭയക്കേണ്ട ആവശ്യകതയൊള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *