Your Image Description Your Image Description
Your Image Alt Text

 

 

ഡൽഹി: കോൺ​ഗ്രസ് പ്രകടനപത്രികയെകുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനങ്ങളെ ചൊല്ലി വാ​ദപ്രതിവാദങ്ങൾ തുടരുന്നതിനിടെ മോദിക്ക് തുറന്ന കത്തെഴുതി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത് എഴുതിയ കത്ത് സമൂഹികമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ ​ഖാർഗെ പങ്കുവെച്ചു.

നിങ്ങളുടെ പ്രസം​ഗവും ഭാഷയും കേട്ട് ഞാൻ ആശ്ചര്യപ്പെടുകയോ ഞെട്ടുകയോ ചെയ്തില്ലെന്ന് ഖാർഗെ കത്തിൽ പറയുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പിലെ മോശം പ്രകടനം കാരണം നിങ്ങളും നിങ്ങളുടെ പാർട്ടി നേതാക്കളും ഇതേ രീതിയിൽ സംസാരിക്കാൻ തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. പാവപ്പെട്ടവർ ഭക്ഷണത്തിനും ഉപ്പിനും പോലും ജിഎസ്ടി അടയ്ക്കുമ്പോൾ കോർപ്പറേറ്റുകൾക്ക് നികുതി ഇളവുനൽകുന്നു. അതുകൊണ്ട് പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അസമത്വത്തെ കുറിച്ച് ഞങ്ങൾ പറയുമ്പോൾ നിങ്ങളത് ഹിന്ദുവെന്നും മുസ്ലീമെന്നും ബോധപൂർവ്വം വേർതിരിക്കുന്നു. ഞങ്ങളുടെ പ്രകടന പത്രിക ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടിയുള്ളതാണ്. അത് ഹിന്ദുവിനോ മുസ്ലീമിനോ ക്രൈസ്തവനോ ജൈനനോ ബുദ്ധനോ ആവട്ടെ, അദ്ദേഹം കുറിച്ചു.

വർ​ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നത് പ്രധാനമന്ത്രിയുടെ ശീലമായി മാറിയെന്നും കത്തിൽ പരാമർശിക്കുന്നു. ഇത്തരത്തിൽ സംസാരിക്കുന്ന താങ്കൾ താങ്കളുടെ പദവിയുടെ അന്തസ്സ് ഇല്ലാതാക്കുകയാണ്. തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയമാണ് പ്രധാനമന്ത്രിയേക്കൊണ്ട് ഇത്തരം മോശമായ ഭാഷ പറയിപ്പിച്ചതെന്ന് എല്ലാം അവസാനിക്കുമ്പോൾ ജനങ്ങൾ മനസ്സിലാക്കും. രാജ്യത്തെ പാവപ്പെട്ടവരും പിന്നാക്കക്കാരുമായ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ പ്രധാനമന്ത്രി അവ​ഗണിക്കുകയാണെന്നും ഇന്ന് നിങ്ങൾ അവരുടെ താലിമാലയെ കുറിച്ചാണ് പറയുന്നതെന്നും ഖാർ​ഗെ വിമർശിക്കുന്നു.

മണിപ്പുരിലെ സ്ത്രീകൾകളും ദളിത് പെൺകുട്ടികളും അതിക്രമങ്ങൾ നേരിട്ടതിനും ബലാത്സം​ഗം ചെയ്തവർക്ക് പൂമാലയിട്ടതിനും നിങ്ങളുടെ സർക്കാർ ഉത്തരവാദിയല്ലേ? നിങ്ങളുടെ സർക്കാരിന് കീഴിൽ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ അവരുടെ ഭാര്യമാരേയും മക്കളെയും ആര് സംരക്ഷിക്കും? ഞങ്ങൾ അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ‘നാരി ന്യായ’ത്തെ കുറിച്ച് ദയവായി മനസ്സിലാക്കൂ. എല്ലാ ജാതിയിലും സമുദായത്തിലും ഉള്ള സ്ത്രീകൾ, യുവാക്കൾ, കർഷകർ, തൊഴിലാളികൾ, പാർശ്വവത്കരിക്കപ്പെട്ടവർ എന്നിവരെ ലക്ഷ്യമിട്ടുള്ളതാണ് കോൺ​ഗ്രസ് പ്രകടന പത്രിക. ഞങ്ങളുടെ പ്രകടന പത്രികയിൽപോലും എഴുതാത്ത കാര്യങ്ങളാണ് നിങ്ങളുടെ ഉപദേശകർ താങ്കളെ തെറ്റായി ധരിപ്പിച്ചിരിക്കുന്നത്, അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി എന്ന നിലയിൽ തെറ്റായ പ്രസ്താവനകൾ നടത്താതിരിക്കാൻ താങ്കളെ നേരിൽകണ്ട് ഞങ്ങളുടെ ‘ന്യായ് പത്ര’ വിശദീകരിച്ചുതരുവാൻ ആ​ഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഖാർ​ഗെ കത്ത് അവസാനിപ്പിക്കുന്നത്. അതേസമയം, കോൺ​ഗ്രസ് അധ്യക്ഷന്റെ കത്തിനോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

രാജസ്ഥാനിൽ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് പ്രധാനമന്ത്രി കോൺഗ്രസിന്റെ പ്രകടനപത്രികയെക്കുറിച്ച് ആരോപണം ഉന്നയിച്ചത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കുമായി രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ തീറെഴുതിക്കൊടുക്കുമെന്നാണ് പ്രധാനമന്ത്രി ആരോപിച്ചത്. ‘മുസ്ലിങ്ങൾക്കാണ് രാജ്യത്തിന്റെ സമ്പത്തിൽ പ്രഥമ അവകാശം എന്നാണ് നേരത്തെ അധികാരത്തിലിരുന്നപ്പോൾ കോൺഗ്രസ് പറഞ്ഞത്. അതിന്റെ അർത്ഥം അവർ രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ കൂടുതൽ കുട്ടികൾ ഉള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നല്ലേ? നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്ത് നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കാൻ നിങ്ങൾ തയ്യാറാകുമോ?’, മോദി ചോദിച്ചു.

അമ്മമാരുടെയും പെൺകുട്ടികളുടെയും കൈയിലുള്ള സ്വർണം പിരിച്ചെടുത്ത് മുസ്ലിംങ്ങൾക്ക് കൊടുക്കുമെന്നാണ് കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പറയുന്നത്. രാജ്യത്തിന്റെ സമ്പത്തിൽ പ്രഥമ അവകാശം മുസ്ലിംങ്ങൾക്കാണ് എന്നാണ് മൻമോഹൻസിംഗ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ പറഞ്ഞത്. സഹോദരീ സഹോദരന്മാരേ, എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും താലിമാല പോലും ഈ ‘അർബൻ നക്‌സലുകൾ’ വെറുതെവിടില്ല, മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു.

പ്രസംഗം പിന്നീട് വിവാദമാകുകയും വലിയ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തു. എന്നാൽ, പ്രസ്താവന പിൻവലിക്കാൻ മോദി തയ്യാറായില്ല. പിന്നീടുള്ള തിരഞ്ഞെടുപ്പ് റാലികളിലും മോദി സമാന പ്രസ്താവന ആവർത്തിക്കുകയും ചെയ്തു. പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ പരാതിയിൽ, ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *