Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: കൊല്ലം പരവൂര്‍ കോടതിയിലെ അസി.പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യ ആത്മഹത്യ ചെയ്ത കേസിലെ കുറ്റാരോപിതരെ അറസ്റ്റ് ചെയ്ത നടപടി നാടകമെന്ന് ജസ്റ്റിസ് ഫോര്‍ അനീഷ്യ ഐക്യദാര്‍ഢ്യ സമിതി. പ്രോസിക്യൂഷന്‍ ഡയറക്ട്രേറ്റും പൊലീസും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടില്‍ അവതരിപ്പിക്കപ്പെട്ട നാടകമാണ് അറസ്റ്റ്. കുറ്റാരോപിതരുടേയും പ്രോസിക്യൂഷന്‍ ഡയറക്ടറുടേയും മറ്റും പീഡനത്തെ തുടര്‍ന്ന് അനീഷ്യ ആത്മഹത്യ ചെയ്ത് മൂന്നുമാസം പിന്നിട്ടിട്ടാണ് അറസ്റ്റ് നടത്തുന്നത്. അതും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം.

പ്രതികള്‍ക്കെതിരെ പ്രേരണാ കുറ്റം ചുമത്തിയിട്ടും അറസ്റ്റ് ചെയ്യാതെ ദിവസങ്ങള്‍ പാഴാക്കി ഹൈക്കോടതിയില്‍ നിന്നുമുള്ള മുന്‍കൂര്‍ ജാമ്യത്തിന് ഒത്താശ ചെയ്യുകയായിരുന്നു ക്രൈം ബ്രാഞ്ച്. കുറ്റാരോപിതര്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയതാവട്ടേ തെറ്റായതും അപകീര്‍ത്തികരവുമായ രേഖകള്‍ സമര്‍പ്പിച്ചുമാണ്. കുറ്റാരോപിതരെ രക്ഷപ്പെടുത്തുന്നതിനായി പ്രോസിക്യൂഷന്‍ ഡയറക്ടറും അസി.പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് അസോസിയേഷനും ഗൂഢാലോചന നടത്തി തയ്യാറാക്കിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ ബലത്തിലാണ് പ്രതികള്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടിയത്.

അന്വേഷണ നടപടിചട്ടങ്ങള്‍ പാലിക്കാതെ, കുറ്റാരോപിതന്റെ അതേ റാങ്കിലുള്ള ഉദ്യോഗസ്ഥയെ കൊണ്ട് അന്വേഷിപ്പിച്ചാണ് വസ്തുതാ വിരുദ്ധമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അനീഷ്യയെ കുറ്റാരോപിതരും സംഘവും ഔദ്യോഗികമായി പീഡിപ്പിച്ച കാര്യങ്ങള്‍ നേരിട്ട് അറിവുള്ള എ.പി.പി മാരുടേയും അഭിഭാഷകരുടേയും മൊഴി എടുക്കാതെ ഏകപക്ഷീയമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വസ്തുതാ വിരുദ്ധമായ ഈ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല എന്നാണ് അറിയാനായത്.

കുറ്റാരോപിതര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അനീഷ്യയും ഭര്‍ത്താവും തമ്മിലുള്ള ഗാര്‍ഹിക പീഡനത്തിന്റെ ഭാഗമായാണ് ആത്മഹത്യ എന്നും, അനീഷ്യ മാനസിക രോഗ ചികില്‍സയിലായിരുന്നു എന്നുമുള്ള തെറ്റായ കാര്യങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അനീഷ്യയും ഭര്‍ത്താവും തമ്മിലുള്ള ഗാര്‍ഹിക പീഡനം സംബന്ധിച്ച് യാതൊരു രേഖയും അപേക്ഷയോടൊപ്പം ഹാജരാക്കിയിരുന്നില്ല എന്നുമാത്രമല്ല, അത്തരം രേഖ ലഭിച്ചിട്ടില്ല എന്നും പറയുന്നു.

അനീഷ്യയുടെ മരണത്തിനു ശേഷവും അവരേയും കുടുംബത്തേയും അധിക്ഷേപിക്കുന്ന കുറ്റാരോപിതരുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ചട്ടങ്ങള്‍ ലംഘിച്ചും, വസ്തുതാ വിരുദ്ധമായും തയ്യാറാക്കിയ വകുപ്പു തല അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ടും, തെറ്റായ കാര്യങ്ങള്‍ ബോധിപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചു നേടിയ ജാമ്യം റദ്ധാക്കണം എന്നാവശ്യപ്പെട്ടും ജസ്റ്റിസ് ഫോര്‍ അനീഷ്യ ഐക്യാര്‍ഢ്യ സമിതി ഹൈക്കോടതിയെ സമീപിക്കും.

കേസിന്റെ തുടക്കത്തില്‍ തന്നെ അസി.പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് അസോസിയേഷനും പൊലീസും തമ്മിലുള്ള ഒത്തുകളിയാണ് നടന്നത്. മൂന്നു മാസംവരെ പ്രതികളുടെ അറസ്റ്റ് നീട്ടിക്കൊണ്ടുപോയി. കോടതി ഉത്തരവുമായി കുറ്റാരോപിതന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ ക്രൈം ബ്രാഞ്ച് സംഘം ഡയറ്കടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഇടപെടലിനെ തുര്‍ന്ന് പരിശോധന നടത്താതെ തിരിച്ചുപോയി. ഈ കേസില്‍ ക്രൈം ബ്രാഞ്ചിനു വേണ്ടി കോടതിയില്‍ ഹാജരാവുന്നതാവട്ടേ അസോസിയേഷന്റെ തന്നെ അംഗമായ പ്രോസിക്യൂട്ടറും.

ഇതില്‍ നിന്നെല്ലാം മനസിലാവുന്നത് ഈ കേസ് അട്ടിമറിക്കാന്‍ വലിയ രീതിയില്‍ ഗൂഢാലോചന നടക്കുന്നു എന്നാണ്. ക്രൈം ബ്രാഞ്ച് അന്വേഷണം പ്രതികളെ രക്ഷിക്കാനാണെന്നും, കേസ് സി.ബി.ഐ. അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് അനീഷ്യയുടെ കുടുംബം ഇതിനകം തന്നെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കുടുംബം ഉന്നയിച്ച ആവശ്യം ന്യായമാണെന്നാണ് ഈ സംഭവ വികാസങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. അനീഷ്യക്ക് മരണാനന്തരമെങ്കിലും നീതി ലഭിക്കണം എന്ന ആവശ്യം ഉന്നയിച്ച് കാമ്പയിനും സമരങ്ങളുമായി ജസ്റ്റിസ് ഫോര്‍ അനീഷ്യ ഐക്യദാര്‍ഢ്യ സമിതി മുന്നോട്ടുപോവും.

ജനുവരി 22ന് ആണ് കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ ജീവനൊടുക്കുന്നത്. അനീഷ്യയിൽ നിന്നും നിര്‍ണായക വിവരങ്ങളടങ്ങിയ 50 പേജുള്ള ഡയറിക്കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും മാനസിക പീഡനം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്നായിരുന്നു ഡയറിയിൽ അനീഷ്യ വ്യക്തമാക്കിയിരുന്നത്. തൊഴിൽ സ്ഥലത്തുണ്ടായ പ്രശ്നങ്ങളെയും സമ്മർദ്ദങ്ങളും കുറിച്ചുള്ള അനീഷ്യയുടെ ശബ്ദരേഖകളും സുഹൃത്തുക്കള്‍ പുറത്തുവിട്ടിരുന്നു. കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചു. ജോലി ചെയ്യാത്തവരെ പ്രോത്സാഹിപ്പിച്ചുവെന്നും ജോലി ചെയ്യുന്ന തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ശബ്ദരേഖയില്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *