Your Image Description Your Image Description
Your Image Alt Text

 

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ അവസാന മണിക്കൂറിൽ പ്രചാരണം കേന്ദ്രീകരിച്ചത് കെ.സുധാകരൻ ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തെ ചുറ്റിപ്പറ്റിയായിരുന്നു. സിറ്റിങ് എംപിയുടെ അടുപ്പക്കാർ ബിജെപിയിൽ പോയത് ആയുധമാക്കിയായിരുന്നു കെ സുധാകരൻറെ വിശ്വാസ്യതയെ ഇടതുമുന്നണി സംശയത്തിൽ നിർത്തിയത്. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളിലായിരുന്നു കണ്ണ്. എന്നാൽ താനല്ല, തൻറെ പട്ടി പോലും ബിജെപിയിൽ പോകില്ലെന്ന സുധാകരൻറെ മറുപടി യുഡിഎഫ് ക്യാമ്പിന് ആശ്വാസമായി.

കെ.സുധാകരൻറെ രാഷ്ട്രീയ വിശ്വാസ്യതയിൽ സംശയം ഉന്നയിച്ചായിരുന്നു ഇടതിൻറെ പ്രചാരണം. മണ്ഡലത്തിൽ യുഡിഎഫിനൊപ്പം നിൽക്കുന്ന, 38 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടുകളിൽ അടിയൊഴുക്ക് പ്രതീക്ഷിച്ചായിരുന്നു സിപിഎം നീക്കം. അടുത്ത അനുയായി ആയിരുന്നയാൾ ബിജെപി സ്ഥാനാർത്ഥിയായതും മുൻപ് പിഎ ആയിരുന്ന മനോജ് ബിജെപിയിൽ ചേർന്നതും ഒപ്പം വിവാദ വാക്കുകളുടെ ചരിത്രവും കെ സുധാകരനെതിരെ എൽഡിഎഫ് ആയുധമാക്കി.

പ്രചാരണത്തിൽ തുടക്കത്തിൽ മടിച്ചു നിന്ന മുസ്ലിം ലീഗ് അവസാനം ആവേശത്തോടെ കളത്തിലിറങ്ങിയതാണ് യുഡിഎഫ് ക്യാമ്പിന് ആശ്വാസമായത്. അഴീക്കോടും കണ്ണൂരും ലീഗ് വോട്ടിൽ വിള്ളലുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കഴിഞ്ഞ തവണ 8000 വോട്ടുപിടിച്ച എസ്ഡിപിഐയുടെയും വെൽഫയർ പാർട്ടിയുടെയും പിന്തുണയും ആത്മവിശ്വാസം വർധിപ്പിക്കുന്നു. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥിയിൽ വിശ്വാസമില്ലാത്തതും പൗരത്വ വിഷയവും ന്യൂനപക്ഷ പിന്തുണയും അടക്കം മണ്ഡലത്തിൽ തങ്ങളുന്നയിച്ച രാഷ്ട്രീയ വിഷയങ്ങൾ വിജയം കൊണ്ടുവരുമെന്നാണ് എംവി ജയരാജന്റെയും എൽഡിഎഫിന്റെയും കണക്കുകൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *