Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: രാജ്യം സ്വീകരിക്കുന്ന നടപടികൾ പരിഷ്കൃത ലോകത്തിന് അംഗീകരിക്കാനാവാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഭയാർത്ഥികളെ മതാടിസ്ഥാനത്തിൽ വേർതിരിക്കുന്നു. ഇത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ബിജെപി സർക്കാറിന്റെ ഭേദഗതി മതാടിസ്ഥാനത്തിലെ പൗരത്വമാണ്. ഇതിൽ മുസ്ളീം അടക്കമുള്ള വിഭാഗങ്ങളെ ഒഴിവാക്കി. ഇത് ലോകം അംഗീകരിക്കുന്നില്ല. അതിനാൽ അമേരിക്കയടക്കം നമ്മുടെ രാജ്യത്തെ അപലപിച്ചു. അമേരിക്കയോടൊപ്പം ഇന്ത്യയെ ചേർത്ത് നിർത്താനാണ് മോദി സർക്കാർ ശ്രമിച്ചത്. എന്നാൽ അവർ പോലും സിഎഎയെ അപലപിച്ചുവെന്നും മുഖ്യമന്ത്രി വിശദമാക്കി.

നരേന്ദ്രമോദി സർക്കാർ 10 വർഷമായി അധികാരത്തിലുണ്ട്. ഒരുപാട് വാഗ്ദാനങ്ങൾ ചൊരിഞ്ഞ് ജനങ്ങളെ വ്യാമോഹിപ്പിച്ചാണ് മോദി ഗവൺമെന്റ് അധികാരത്തിലേറിയത്. എന്നാൽ എല്ലാം മറന്ന് ജനദ്രോഹ നടപടികൾ സ്വീകരിച്ചു. ജനങ്ങൾക്ക് കടുത്ത ദ്രോഹമാണ് ആദ്യം കോൺഗ്രസും പിന്നെ ബിജെപിയും സ്വീകരിച്ചത്. ഇത് രണ്ടല്ല ഒന്നാണ്. രണ്ട് കൂട്ടരും പാവപ്പെട്ടവരെ പാപ്പരാക്കുകയും സമ്പന്നരെ സമ്പന്നരാക്കുകയും ചെയ്തു. അവർക്ക് വേണ്ടിയുള്ള ഭരണമാണെന്നും പിണറായി വിജയൻ വിമർശിച്ചു.

രാഷ്ട്രങ്ങൾ എടുത്താൽ ഏറ്റവും ദരിദ്രരുള്ള രാജ്യമായി മാറി. പാവപ്പെട്ടവരെ പാപ്പരീകരിക്കുന്ന നയമാണ് രാജ്യത്ത് നടപ്പാക്കുന്നത്. ഇതാണ് ബിജെപിയുടെ പൊതുനയം. ആർഎസ്എസ് മറയില്ലാതെ രാജ്യത്ത് അവരുടെ നയം വ്യക്തമാക്കിയിരിക്കുകയാണ്. ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന പാർട്ടിയാണ് രാജ്യം ഭരിക്കുന്നത്. ഇന്ത്യയുടെ മൂല്യങ്ങൾ തകർക്കുന്നു. മോദി ഗവൺമെന്റ് ഇതാണ് ചെയ്യുന്നത്. രണ്ടാമത് അധികാരത്തിൽ വന്നപ്പോൾ ആർഎസ്എസ് അനുകൂല പ്രത്യക്ഷ നിലപാട് സ്വീകരിച്ചു. പൗരത്വ ഭേദഗതി രാജ്യം ആകെ എതിർത്തതാണ്. കടുത്ത പ്രതിഷേധം ഉയർന്ന് വന്നു. അതിൽ പങ്കെടുത്ത ഒരുപാട് ദേശീയ നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ അതിൽ കോൺഗ്രസിന്റെ ആരേയും കണ്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കാണാതിരിക്കാൻ കാരണം അതിൽ കോൺഗ്രസ് ഇല്ലായിരുന്നു. പ്രക്ഷോഭകരെ സംഘപരിവാർ ആക്രമിച്ചു. അവിടേയും ആരും കോൺഗ്രസിനെ കണ്ടില്ല. കേരളത്തിലും പ്രതിഷേധം ഉയർന്നു. പാളയത്ത് വലിയ പ്രതിഷേധം ഉയർന്നു. സർവ്വ കക്ഷികളും പങ്കെടുത്തു. ഇതെല്ലാം പ്രതിപക്ഷവും കൂടി ചേർന്ന് നടത്തി. ഇതിന് ശേഷം പ്രതിപക്ഷ നേതാവ് എല്ലാം തള്ളിപ്പറഞ്ഞു. ഇനി യോജിച്ച പ്രക്ഷോഭത്തിന് ഇല്ല എന്ന്. രാഹുൽ കേരളത്തിൽ വന്നപ്പോൾ ഞങ്ങൾ കോൺഗ്രസിനെ എതിർക്കുന്നു എന്ന് പറയുന്നു. ഇവിടെ സിഎഎയിൽ യിൽ ബിജെപിയെ കോൺഗ്രസ് എതിർക്കുന്നില്ല

കേന്ദ്രത്തിലെ കോൺഗ്രസ് നേതൃത്വം പറഞ്ഞിട്ടാണോ സിഎഎ വിഷയത്തിൽ കൂട്ടായ പ്രക്ഷോഭത്തിൽ നിന്ന് കോൺഗ്രസ് പിൻമാറിയതെന്ന് ചോദിച്ച മുഖ്യമന്ത്രി അത് ഇവിടുത്തെ കോൺഗ്രസ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സിഎഎ വിഷയത്തിൽ എന്ത് നിലപാട് എടുത്തെന്നും അതിനല്ലേ രാഹുൽ മറുപടി പറയേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. ചട്ടഭേദഗതി വന്നു. അതിലും കോൺഗ്രസിന് മറുപടിയില്ല. രാഹുലിനെ വിമർശിച്ചത് ഇവിടെയാണ്. രാഹുൽ യാത്ര നടത്തി. പൗരത്വ ഭേദഗതിയെ കുറിച്ച് കമാ എന്ന് ഒരക്ഷരമില്ല. എന്തിനാണ് അറയ്ക്കുന്നത്?. നിങ്ങൾ സംഘപരിവാർ മനസിനോട് ഒട്ടി നിൽക്കുകയാണെന്നും കോൺഗ്രസ് പ്രകടന പത്രികയിൽ പൗരത്വ ഭേദഗതിയെ കുറിച്ച് ഒരക്ഷരമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

കോൺഗ്രസിന്റെ മതനിരപേക്ഷ മനസ് നഷ്ടമായോ എന്നും മുഖ്യമന്ത്രി ചോദ്യമുന്നയിച്ചു. നരേന്ദ്ര മോദി രണ്ടാം തവണ അധികാരത്തിലേറിയപ്പോൾ ആർഎസ്എസ് അജണ്ട നടപ്പാക്കി. കശ്മീർ പ്രത്യേക പദവി ഇങ്ങനെയാണ് നടപ്പാക്കിയത്. ഇതിലും കോൺഗ്രസിന്റെ ശബ്ദം ഉയർന്നോ? പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കോൺഗ്രസ് പ്രതികരിച്ചില്ല. കോൺഗ്രസിന്റെ തലപ്പത്ത് സംഘ പരിവാർ മനസുള്ളവരാണെന്നും അതിനാലാണ് ഇവർക്ക് പ്രതികരിക്കാനാവാത്തതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

കേരളത്തിലെ യുഡിഎഫിന്റെ 18 അംഗ സംഘം പാർലമെന്ററിൽ എന്ത് ചെയ്തു? സിഎഎ ഉൾപ്പെടെ വിഷയങ്ങളിൽ നിശബ്ദമായി നിലകൊള്ളുകയായിരുന്നില്ലേ. രാജ്യത്തിന്റെ മതനിരപേക്ഷതയെ ബാധിക്കുന്ന സംഘ പരിവാർ ഇടപെടലിനെതിരെ ഇവരാരും ഒന്നും ചെയ്തില്ല. എൻഐഎ, യുഎപിഎ കരിനിയമങളെ കോൺഗ്രസ് എതിർത്തില്ല. മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പാർലമെന്റിൽ പരാജയപ്പെട്ടു. മോദി ഇവിടെ വന്നു ഒരു പാട് വാഗ്ദാനം നൽകി. നിങ്ങളുടെ സഹായം ഞങ്ങൾ കണ്ടതല്ലേ? പ്രളയകാലത്ത് സഹായിച്ചോ? സഹായം തരാമെന്ന് പറഞ്ഞവരെ മുടക്കിയില്ല? കേരളത്തിന് അവകാശപ്പെട്ടത് തടഞ്ഞു. എത്ര തവണ മോദി നിങ്ങളുടെ അടുത്ത് വന്നു. കേരളത്തിന് അർഹതപ്പെട്ടത് തന്നോ?

കെ.റെയിൽ അനുമതി തരാഞ്ഞത് രാഷ്ട്രീയ കാരണം മാത്രമാണ്. ഇപ്പോൾ അതിവേ​ഗ റെയിൽ വാഗ്ദാനം പറയുന്നു. ഇക്കാര്യങ്ങളിൽ കേന്ദ്ര സർക്കാറിനെതിരെ നമ്മുടെ യുഡിഎഫ് എംപിമാർ എന്ത് ചെയ്തു? നാടിനെ പ്രയാസപ്പെടുത്തുന്ന സാമ്പത്തിക ഞെരുക്കം സർക്കാറിനുമേൽ കേന്ദ്രം അടിച്ചേൽപ്പിച്ചു. ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറ് കോടിയിൽ പരം രൂപ കേന്ദ്രം തടഞ്ഞുവെച്ചു. ഇപ്പോൾ മോദി പറയുന്നു.

സുപ്രീം കോടതിയിൽ കേരളത്തിന് തിരിച്ചടിയെന്ന്. കേന്ദ്രം മുട്ടാപ്പോക്ക് നയം തന്നെയാണ്. പണം അനുവദിക്കാൻ കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകി. കേരള യുഡിഎഫ് എം പി മാർ സംഘപരിവാറിനോട് ചാരി നിൽക്കുന്നവരാണ്. ബി.ജെ.പിക്ക് കേരളത്തോട് വിരുദ്ധ സമീപനമുണ്ട്. യുഡിഎഫ് എം.പിമാർക്ക് എന്തിനാണ് വിരോധമെന്നും മുഖ്യമന്ത്രി ചോദിച്ചു. കോഴിക്കോട് തെരഞ്ഞെടുപ്പ് പൊതുയോ​ഗത്തിൽ പ്രസം​ഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

Leave a Reply

Your email address will not be published. Required fields are marked *