Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡി ചോദ്യം ചെയ്തവരാണ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഭൂരിപക്ഷ ഓഹരിയുള്ള നാഷണൽ ഹെറാൾഡ് ന്യൂസ് പേപ്പറിന്റെയും അനുബന്ധ കമ്പനികളുടെയും 752 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയത് കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി പിഎംഎൽഎ അതോറിറ്റി ശരിവെച്ചത് കഴിഞ്ഞ ആഴ്ചയാണ്.

ഇഡിയും സിബിഐയും കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തതും അറസ്റ്റ് ചെയ്യാത്തതും എന്താണെന്ന് ചോദിക്കുന്ന രാഹുൽ ഗാന്ധിയോട് താങ്കൾ എന്തുകൊണ്ട് അറസ്റ്റിൽ ആയില്ല എന്ന് ചോദിക്കുന്നില്ല. അതല്ല ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാട്. ഈ ചോദ്യം ഉന്നയിക്കുക വഴി അരവിന്ദ് കേജ്രിവാളിന്റെയും ഹേമന്ത്‌ സോറന്റെയും അറസ്റ്റിനെ രാഹുൽ ഗാന്ധി ശരിവെയ്ക്കുകയാണെന്ന് ശിവൻ കുട്ടി വ്യക്തമാക്കി. ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽ ഗാന്ധി പുലർത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിലെ അമേഠിയിൽ നിന്ന് ഒളിച്ചോടിയാണ് രാഹുൽ ഗാന്ധി കേരളത്തിലെ വയനാട്ടിൽ വന്നു മത്സരിക്കുന്നത്. ബിജെപിയോട് നേരിൽ മത്സരിക്കാൻ പോലും പ്രാപ്തിയില്ലാത്ത ആളാണെന്ന ഉത്തരേന്ത്യയിലെ പ്രചാരണത്തിന് മറുപടി നൽകാൻ പോലും രാഹുൽ ഗാന്ധിക്കോ കോൺഗ്രസിനോ കഴിയുന്നില്ല. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാലിനെ ആലപ്പുഴയിൽ മത്സരിപ്പിച്ചത് വഴി ബിജെപിക്ക് രാജ്യസഭയിൽ അംഗബലം കൂടുന്നതിൽ എതിർപ്പില്ല എന്ന പ്രഖ്യാപനമാണ് കോൺഗ്രസ് പാർട്ടി നടത്തിയത്.

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കോടതിയിൽ ചോദ്യം ചെയ്യുകയും ഡൽഹിയിൽ പരസ്യപ്രക്ഷോഭത്തിലൂടെ താക്കീത് നൽകുകയും ചെയ്ത സർക്കാർ ആണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ കുറിച്ചാണ് പ്രകടനപത്രികയിൽ പോലും അക്കാര്യം പറയാൻ ധൈര്യമില്ലാത്ത പാർട്ടിയുടെ നേതാവായ രാഹുൽ ഗാന്ധി വിമർശനം ഉന്നയിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *