Your Image Description Your Image Description
Your Image Alt Text

 

ഹോളിവുഡ് കഴിഞ്ഞാൽ ലോകത്തെ തന്നെ പ്രധാന സിനിമാ വ്യവസായമാണ് ഇന്ത്യൻ സിനിമ. ഒരുകാലത്ത് വിദേശികളായ മുഖ്യധാരാ സിനിമാപ്രേമികളെ സംബന്ധിച്ച് ഇന്ത്യൻ സിനിമയെന്നാൽ ഹിന്ദി സിനിമ മാത്രമായിരുന്നെങ്കിൽ ഇന്ന് ആ ചിത്രം മാറി. തെന്നിന്ത്യൻ സിനിമ പാൻ ഇന്ത്യൻ ശ്രദ്ധ നേടുമ്പോൾ വളർച്ചയുടെ പാതയിൽ മലയാളവുമുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ സിനിമാ വ്യവസായത്തിൻറെ സമീപകാലങ്ങളിലെ ട്രെൻഡ് മനസിലാക്കിത്തരുന്ന ഒരു റിപ്പോർട്ട് പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ പുറത്തിറക്കിയ 2023 ലെ വാർഷിക റിപ്പോർട്ട് ആണിത്.

ഇവരുടെ കണക്ക് പ്രകാരം ഇന്ത്യയിൽ സിനിമ കാണുന്നവരുടെ എണ്ണം 15.7 കോടിയാണ്. 2023 ലെ കണക്ക് അനുസരിച്ചാണ് ഇത്. മുൻ വർഷത്തേക്കാൾ 29 ശതമാനം വളർച്ചയാണ് ഇതെന്ന് മാത്രമല്ല, കൊവിഡ് കാലത്തിന് മുൻപുള്ള അവസ്ഥയേക്കാൾ 8 ശതമാനം വളർച്ചയുമാണ്. എന്നാൽ 15.7 കോടി എന്ന് പറഞ്ഞാലും ഇന്ത്യൻ ജനസംഖ്യയുടെ 11.1 ശതമാനം മാത്രമേ ആവുന്നുള്ളൂ. എന്നാൽ 2023 ൽ ഇന്ത്യയിൽ വിറ്റ സിനിമാ ടിക്കറ്റുകളുടെ എണ്ണം 94.2 കോടിയാണ്.

അതായത് ഇന്ത്യയിലെ ഒരു സിനിമാപ്രേമി 2023 ൽ ശരാശരി 6 സിനിമ വീതം കണ്ടിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ പ്രേക്ഷകരുടെ എണ്ണത്തിൽ ഏറ്റവും വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത് ബോളിവുഡ് ആണ്. 2022 നെ അപേക്ഷിച്ച് 58 ശതമാനം വളർച്ചയാണ് 2023 ൽ ഹിന്ദി സിനിമ നേടിയിരിക്കുന്നത്. തെന്നിന്ത്യൻ സിനിമ എടുത്താൽ മലയാളം മാത്രമാണ് വളർച്ച രേഖപ്പെടുത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയം.

2022 നെ അപേക്ഷിച്ച് 2023 ൽ പ്രേക്ഷകരുടെ എണ്ണത്തിൽ മോളിവുഡ് രേഖപ്പെടുത്തിയിരിക്കുന്നത് 19 ശതമാനം വളർച്ചയാണ്. അതേസമയം തമിഴ് സിനിമ 3 ശതമാനവും തെലുങ്ക് സിനിമ 6 ശതമാനവും കന്നഡ സിനിമ 9 ശതമാനവും കുറവാണ് കാണികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *