Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: ലോക്‌സഭ തെര‍ഞ്ഞെടുപ്പ് 2024ല്‍ സംസ്ഥാനത്തെ കന്നി വോട്ടര്‍മാരെ പ്രചോദിപ്പിച്ച് ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രചാരണ വീഡിയോയിലാണ് ടീം ഇന്ത്യയുടെ മലയാളി ക്രിക്കറ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഓരോ വോട്ടും ഒരായിരം ഷോട്ടുകള്‍ക്ക് തുല്യമാണ് എന്ന് പറഞ്ഞ സഞ്ജു ആദ്യമായി പോളിംഗ് ബൂത്തിലെത്തുന്ന പുതിയ വോട്ടര്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

‘ഹായ് ഞാന്‍ സഞ്ജു സാംസണ്‍…തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം, ഓരോ വോട്ടും ഒരായിരം ഷോട്ടുകള്‍ക്ക് തുല്യമാണ്. നാടിനെ നയിക്കാന്‍ കഴിവും അറിവുമുള്ളവരെ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് കിട്ടുന്ന ആദ്യത്തെ അവസരം പാഴാക്കരുത്. നാടാണ് നമ്മുടെ ടീം. നിങ്ങള്‍ വോട്ട് ചെയ്യുമ്പോള്‍ നാടിന് വേണ്ടി കളിക്കുന്നതിന് തുല്യമാണ്. വോട്ട് ചെയ്‌ത് നാടിനെ വിജയിപ്പിക്കാന്‍ എല്ലാ പുതിയ വോട്ടര്‍മാര്‍ക്കും കഴിയട്ടെ. ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്ന എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ ആശംസകള്‍’ എന്നുമാണ് വീഡിയോയില്‍ സഞ്ജു സാംസണിന്‍റെ വാക്കുകള്‍.

രാജ്യത്ത് 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് ജൂണ്‍ 1നാണ് അവസാനിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രിൽ 19നും രണ്ടാം ഘട്ടം ഏപ്രിൽ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ഏപ്രില്‍ 26-ാം തിയതിയാണ് കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് പ്രക്രിയ പൂര്‍ത്തിയാക്കുക. 20 ലോക്‌സഭ മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്. തെരഞ്ഞെടുപ്പിനുള്ള അന്തിമ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. സ്ഥാനാര്‍ഥികളും പ്രചാരണത്തിന്‍റെ ആവേശത്തിലാണ്.

ജൂൺ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണൽ. രാജ്യത്ത് ഏറ്റവും കൂടുതല്‍ കന്നി വോട്ടര്‍മാര്‍ കഴിഞ്ഞ ആറ് മാസത്തിനിടെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 97 കോടിയോളം വോട്ടര്‍മാരുള്ള രാജ്യത്ത് ഒരുകോടി എണ്‍പത് ലക്ഷത്തിലധികം പേര്‍ കന്നി വോട്ടര്‍മാരാണ്.

Leave a Reply

Your email address will not be published. Required fields are marked *