Your Image Description Your Image Description
Your Image Alt Text

അഹമ്മദാബാദ്: ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പിനുള്ള പോരിൽ നില ഭദ്രമാക്കി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. നാലാം സ്ഥാനത്ത് തുടരുകയാണ് മലയാളി. ഇന്നലെ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് സഞ്ജുവിനെ മറികടക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ എട്ട് റൺസിന് പുറത്തായതോടെ അഞ്ചാം സ്ഥാനത്താണ് ഗിൽ. മുംബൈ ഇന്ത്യൻസിന്റെ രോഹിത് ശർമയെ മറികടക്കാൻ ഗില്ലിനായിരുന്നു. ഏഴ് മത്സരങ്ങളിൽ 263 റൺസാണ് ഗിൽ നേടിയത്. 43.83 ശരാശരിയും 151.15 സ്‌ട്രൈക്ക് റേറ്റും ഗില്ലിനുണ്ട്. സഞ്ജുവിന് 276 റൺസാണുള്ളത്. 155.05 സ്ട്രൈക്ക് റേറ്റിലും 55.20 ശരാശരിയിലുമാണ് സഞ്ജുവിന്റെ നേട്ടം.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കോലി ഒന്നാമത് തുടുരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിൽ 20 പന്തിൽ 42 റൺസ് നേടിയതോടെ കോലിയുടെ ആകെ സമ്പാദ്യം 361 റൺസായി. ഏഴ് മത്സരങ്ങളാണ് ആർസിബി മുൻ ക്യാപ്റ്റൻ കളിച്ചത്. 72.20 ശരാശരിയുണ്ട് കോലിക്ക്. സ്ട്രൈക്ക് റേറ്റ് 147.34. രണ്ടാം സ്ഥാനത്ത് രാജസ്ഥാന്റെ റിയാൻ പരാഗാണ്. 318 റൺസാണ് പരാഗ് നേടിയത്. കൊൽക്കത്തക്കെതിരെ 34 റൺസെടുത്താണ് പരാഗ് പുറത്തായത്. 63.60 ശരാശരിയിലാണ് പരാഗിന്റെ നേട്ടം. സ്ട്രൈക്ക് റേറ്റ് 161.42.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ നരെയ്ൻ 276 റൺസുമായി മൂന്നാം സ്ഥാനത്തുണ്ടെന്നുള്ളതാണ് ആശ്ചര്യപ്പെടുന്നതുന്ന കാര്യം. സ്പിന്നറായ നരെയ്ന്റെ പേര് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയെടുത്താൽ ആദ്യ പത്തിൽ പോലും കാണില്ല. ഏഴ് വിക്കറ്റാണ് ഇതുവരെയുള്ള സമ്പാദ്യം. എന്നാൽ റൺവേട്ടക്കാരിൽ മൂന്നാമതുണ്ട് താരം. രാജസ്ഥാനെതിരെ 109 റൺസ് നേടിയതോടെയാണ് നരെയ്ൻ മൂന്നാമതെത്തിയത്. സഞ്ജുവും നരെയ്‌നും ഒപ്പത്തിനൊപ്പമാണ്. നരെയ്‌നേക്കാൾ ഒരു ഇന്നിംഗ്‌സ് കൂടുതൽ സഞ്ജു കളിച്ചിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റിലും പിന്നിൽ. ഇതുതന്നെയാണ് കൊൽക്കത്ത താരത്തെ മൂന്നാമതെത്തിച്ചത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ സെഞ്ചുറിയോടെ ജോസ് ബട്‌ലർ റൺവേട്ടക്കാരിൽ വൻ കുതിപ്പ് നടത്തിയിരുന്നു. 60 പന്തിൽ 107 റൺസുമായി ബട്ലർ പുറത്താവാതെ നിൽക്കുകയായിരുന്നു. 261 റൺസുമായി രോഹിത് ആറാമത് നിൽക്കുന്നു. ഇന്ന് മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്‌സിനെ നേടാനിരിക്കെ രോഹിത്തിന് നേട്ടമുണ്ടാക്കാം. ആർസിബിക്കെതിരെ 31 ബോളിൽ 67 റൺസെടുത്ത ഹെന്റിച്ച് ക്ലാസൻ നില മെച്ചപ്പെടുത്തിയിരുന്നു. സീസണിലാകെ ആറ് മത്സരങ്ങളിൽ 253 റൺസുമായി താരം ഏഴാം സ്ഥാനത്തെത്തി.
പിന്നിൽ ജോസ് ബട്ലർ. ചെന്നൈ സൂപ്പർ കിംഗ്സ് താരം ശിവം ദുബെയാണ് ഒമ്പതാം സ്ഥാനത്ത്. ആറ് മത്സരങ്ങളിൽ 242 റൺസാണ് ദുബെ നേടിയത്. ആർസിബിക്കെതിരെ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് (41 പന്തിൽ 102) അഞ്ച് ഇന്നിംഗ്സിൽ ആകെ 235 റൺസുമായി പത്താം സ്ഥാനത്ത് നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *