Your Image Description Your Image Description
Your Image Alt Text

 

ജമ്മു: നാമനിർദേശപ്പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മത്സരത്തില്‍നിന്ന് പിന്മാറി മുന്‍ കോണ്‍ഗ്രസ് നേതാവും ഡി.പി.എ.പി നേതാവുമായ ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ അനന്ദ്‌നാഗ്-രജൗരി മണ്ഡലത്തിലെ ഡി.പി.എ.പി സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം. എന്നാല്‍, ഇപ്പോൾ മത്സരത്തില്‍ നിന്ന് പിന്മാറാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ആസാദിന് പകരം മൊഹമ്മത് സലീം പരാരെയായിരിക്കും ഡി.പി.എ.പി സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിക്കുക.

മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മിയാന്‍ അല്‍ത്താഫ് എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. പാര്‍ട്ടി യോഗത്തിൽ ഗുലാം നബി ആസാദ് വ്യക്തിപരമായ ചില അസൗകര്യങ്ങൾ അറിയിച്ചെന്നും ഇതോടെ തീരുമാനം മാറ്റുകയാണെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. 2022-ല്‍ കോണ്‍ഗ്രസ് വിട്ടശേഷം ആസാദ് ആദ്യമായാണ് മത്സരിക്കാനെത്തിയിരുന്നത്.

രണ്ട് ദിവസം മുമ്പ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ബാരമുള്ളയില്‍നിന്ന് മത്സരിക്കാന്‍ ഗുലാം നബി ആസാദിനെ വെല്ലുവിളിച്ചിരുന്നു. മാത്രമല്ല, ബി.ജെ.പി സ്‌ക്രിപ്റ്റിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നും ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് വിട്ട് 2022-ലാണ് ഗുലാം നബി ആസാദ് ഡി.പി.എ.പി രൂപവത്കരിച്ചത്.

2014- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉദംപുര്‍ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും ആസാദ് പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *