Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്നു വോട്ടു ചെയ്യുന്നവരുടെ ബാലറ്റുകള്‍ ക്യാരി ബാഗുകളിലും തുറന്ന സഞ്ചികളിലും കൊണ്ടു പോകുന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ഇക്കാര്യത്തിൽ കമ്മീഷന്റെ ഇടപടൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സത്യസന്ധവും സുതാര്യവുമായി നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടാതിരിക്കാന്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത പെട്ടികളിലാണ് സൂക്ഷിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

85 വയസ് പിന്നിട്ടവർക്കും ഭിന്നശേഷി വോട്ടർമാർക്കും ആബ്‌സന്റീസ് വോട്ടർ വിഭാഗത്തിൽപ്പെടുത്തിയാണ് വീട്ടിലിരുന്ന് തന്നെ വോട്ട് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ സൗകര്യം ഒരുക്കുന്നത്. ഫോം 12 ഡി പ്രകാരം അപേക്ഷ നൽകിയ അർഹരായ വോട്ടർമാരുടെ വീടുകളിൽ സ്‌പെഷൽ പോളിങ് ടീമുകൾ എത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നത്. ഒരു പോളിങ് ഓഫീസർ, ഒരു മൈക്രോ ഓബ്‌സർവർ, പോളിങ് അസിസ്റ്റന്റ്, പോലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ എന്നിവരാണ് സംഘത്തിലുള്ളത്.

വീട്ടിൽ വോട്ട് പ്രക്രിയ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കുമെന്നും തെര‌ഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. വിവിധ രാഷ്ട്രീയപാർട്ടികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് വോട്ട് ചെയ്യുന്നത്. സീൽചെയ്ത പെട്ടിയിലാണ് വോട്ട് ചെയ്ത ബാലറ്റ് പേപ്പർ സൂക്ഷിക്കുന്നതെന്നും വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവം നിലനിർത്തി വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം പോളിങ് സംഘം ഒരുക്കി നൽകുമെന്നും തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *