Your Image Description Your Image Description

പത്തനംതിട്ട:രാഷ്ട്രീയവും കടന്ന് പിതൃനിന്ദയിൽ എത്തിനിൽക്കുന്ന പത്തനംതിട്ടയിലെ ചർച്ച. കോൺഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്ന അനിൽ ആൻറണി പറഞ്ഞത് എ.കെ. ആൻറണിയെ ഉദ്ദേശിച്ചു തന്നെയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡൻറ് എം.എം.ഹസൻ ആവർത്തിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഹസനെ രൂക്ഷമായ വാക്കുകളിൽ വിമർശിക്കുകയാണ് അനിൽ ആൻറണി. 80 കഴിഞ്ഞ ഹസനെ പോലെയുള്ളവരാണ് കാലഹരണപ്പെട്ടവരെന്ന് വിളിച്ചതെന്നാണ് അനിലിൻറെ മറുപടി.

അനിലിൻറെ മറുപടിക്ക് പിന്നാലെയാണ് വീണ്ടും വിമർശനം ആവർത്തിച്ചുകൊണ്ട് എംഎം ഹസൻ രംഗത്തെത്തിയത്. അനിൽ ആൻറണി മറുപടി അർഹിക്കുന്നില്ലെന്നും ഇന്നലെ പറയാനുള്ളത് പറഞ്ഞുവെന്നും അതിൽ നിന്ന് പിന്നോട്ടില്ലെന്നുമായിരുന്നു എം എം ഹസൻറെ പ്രതികരണം. സ്വന്തം അപ്പനെതിരായി പറഞ്ഞ് മതിയായപ്പോൾ ബാക്കി ഉള്ളവർക്കെതിരെ പറയുകയാണ് അനിൽ. പിതൃനിന്ദ കാട്ടിയ ആൾക്ക് ജനങ്ങൾ മറുപടി നൽകുമെന്നും ഹസൻ പറഞ്ഞു. ബിജെപി പ്രകടന പത്രിക നുണയിൽ കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരമാണെന്നും ഇന്ധന നികുതി കുറയ്ക്കണമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള പരിഹാസമെന്നും എംഎം ഹസൻ കൂട്ടിച്ചേർത്തു.

ബിജെപി സ്ഥാനാർത്ഥിയായി അനിൽ ആൻറണി വന്നതിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാൻ അവസാന ലാപ്പിൽ സാക്ഷാൽ എ.കെ. ആന്റണിയെ തന്നെ കോൺഗ്രസ് ഇറക്കിയെന്നതാണ് ഹസൻറെ പ്രതികരണത്തൽ നിന്നും വ്യക്തമാകുന്നത്. മകൻ തോൽക്കുമെന്ന് അച്ഛനെ കൊണ്ടു പറയിച്ചു. കോൺഗ്രസ് പ്രതീക്ഷിച്ചത് പോലെ ആൻറണിക്ക് ചൂടൻ മറുപടി നൽകി അനിൽ ഏറ്റുപിടിച്ചു. അങ്ങനെ കൊണ്ടുകൊടുത്തും പിതൃനിന്ദയിൽ എത്തിനിൽക്കുകയാണിപ്പോൾ പത്തനംതിട്ടയിലെ രാഷ്ട്രീയ ചർച്ച.

Leave a Reply

Your email address will not be published. Required fields are marked *