Your Image Description Your Image Description
Your Image Alt Text

 

ജയ്പൂർ: ലോക്സഭാ തെരെഞ്ഞെടുപ്പിൽ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ താൻ മത്സരിക്കുമെന്ന് പ്രശസ്ത കൊമേഡിയനും ഹാസ്യനടനുമായ ശ്യാം രംഗീല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ശ്യാം രംഗീല താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം വ്യക്തമാക്കിയത്. ഈ ആഴ്ച തന്നെ വാരണാസിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും രംഗീല വ്യക്തമാക്കി. നരേന്ദ്ര മോദിയെ വിമർശിച്ചതിന് സൈബർ ആക്രമണം നേരിട്ടിട്ടുള്ള കലാകാരനാണ് ശ്യാം.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതിന് സമാനമായ വസ്ത്രം ധരിച്ച്, ജലാന പുള്ളിപ്പുലി സങ്കേതത്തിൽ നീല്‍ഗായ് മൃഗത്തിന് ഭക്ഷണം നൽകുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ശ്യാമിന് വനം വകുപ്പ് നോട്ടീസ് അയച്ചു. കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ അടുത്തിടെ നടന്ന ജംഗിൾ സഫാരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച വസ്ത്രത്തിന് സമാനമായ വസ്ത്രം ധരിച്ച് മൃഗത്തിന് ഭക്ഷണം നല്‍കുന്ന ഒരു വീഡിയോയാണ് ശ്യാം രംഗീല പുറത്ത് വിട്ടത്.

2017ൽ റിയാലിറ്റി ഷോ മല്‍സരാര്‍ത്ഥിയായ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിക്കുന്നതില്‍ വിലക്ക് നേരിട്ടെന്ന് ആരോപിച്ചും ശ്യാം രംഗീലയാണ് രംഗത്തെത്തിയിരിന്നു. ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫ്ററര്‍ ചലഞ്ച് എന്ന പരിപാടി അവതരിപ്പിക്കുമ്പോഴാണ് ശ്യാമിന് ഈ നിര്‍ദേശം ലഭിച്ചതെന്നാണ് ആരോപണം. പൊതുപ്രവര്‍ത്തകരെ അനുകരിക്കുന്നതില്‍ ഏറെ ശ്രദ്ധേയനാണ് ശ്യാം. എന്നാല്‍ ഷൂട്ടിങ്ങിനിടയില്‍ പ്രധാനമന്ത്രിയെ അനുകരിക്കരുതെന്നും രാഹുല്‍‌ ഗാന്ധിയെ അനുകരിക്കാമെന്നും നിര്‍ദേശം ലഭിച്ചെന്നും ശ്യാം ആരോപിച്ചിരുന്നു.

2014 വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായിയായിരുന്നു താൻ. പ്രധാനമന്ത്രിയെ പിന്തുണച്ച് നിരവധി വീഡിയോകൾ ഷെയർ ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരെയും വീഡിയോകൾ ഷെയർ ചെയ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ 10 വർഷമായി സ്ഥിതി മാറി. ഇന്ന് രാഷ്ട്രീയ നേതാക്കളെ വിമർശിക്കാൻ പറ്റാതായെന്ന് ശ്യാം പറയുന്നു. മോദിക്കെതിരെ മത്സരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. അവരുടെ സ്നേഹവും പിന്തുണയും തനിക്ക് പ്രചോദനമാണെന്നും ശ്യാം രംഗീല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *