Your Image Description Your Image Description
Your Image Alt Text

 

മൾട്ടിപ്ലെക്സ് ശൃംഖലയായ പിവിആറുമായുള്ള തർക്കത്തിൽ മലയാള സിനിമയ്ക്ക് വിഷു സീസണിൽ കനത്ത നഷ്ടം. തിയറ്ററുകളിലെ ഡിജിറ്റൽ പ്രൊജക്ഷൻ സംവിധാനവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി പുകഞ്ഞിരുന്ന അഭിപ്രായവ്യത്യാസമാണ് കഴിഞ്ഞ ദിവസം വലിയ തർക്കത്തിലേക്കും പിവിആറിൻറെ മലയാള സിനിമാ ബഹിഷ്കരണത്തിലേക്കും നീങ്ങിയത്. കേരളത്തിന് പുറത്ത് മലയാള സിനിമകൾ ഏറ്റവുമധികം റിലീസ് ചെയ്യപ്പെട്ടിരുന്ന മൾട്ടിപ്ലെക്സ് ശൃംഖല പിവിആർ ആണ്. സമീപകാല മലയാളം ഹിറ്റുകളായ മഞ്ഞുമ്മൽ ബോയ്സും പ്രേമലുവുമടക്കം ചെന്നൈയിലും ബംഗളൂരുവിലും ഹൈദരാബാദിലുമൊക്കെ ഏറ്റവുമധികം പേർ കണ്ടതും ഈ മൾട്ടിപ്ലെക്സിലൂടെത്തന്നെ. ബിസിനസ് ഏറ്റവും സജീവമായ സീസണിൽ ഇത്തരത്തിൽ ഒരു അപ്രതീക്ഷിത ബഹിഷ്കരണം വന്നത് മലയാള സിനിമകൾക്ക് കനത്ത തിരിച്ചടിയാണ്.

കേരളത്തിന് പുറത്ത് മലയാളികൾക്ക് പുറമെ മറുഭാഷാ പ്രേക്ഷകരും മലയാള സിനിമകൾ കാണാനെത്തുന്നത് സമീപകാല ട്രെൻഡ് ആണ്. മഞ്ഞുമ്മൽ ബോയ്സും പ്രേമലുവുമാണ് അടുത്തിടെ അതിന് തുടക്കമിട്ടത്. പിന്നാലെയെത്തിയ ആടുജീവിതത്തിനും അത്തരത്തിൽ സ്വീകാര്യത ലഭിച്ചിരുന്നു. വിശേഷിച്ച് തമിഴ്നാട്ടിൽ. എന്നാൽ പിവിആറിൻറെ ബഹിഷ്കരണം ആടുജീവിതത്തെ ഒട്ടൊന്നുമല്ല ബാധിച്ചത്. ഈദ് ദിവസം ഹൗസ്ഫുൾ ആയി ഓടിയ സ്ക്രീനുകളിൽ നിന്ന് 11-ാം തീയതി പൊടുന്നനെ ചിത്രം പിൻവലിക്കപ്പെട്ടു. ദിവസം ഒന്നര കോടിയിലേറെ നഷ്ടം ഇതുകൊണ്ട് സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. 11-ാം തീയതി എത്തിയ വിഷു റിലീസുകളുടെ ഓപണിംഗ് കളക്ഷനിലും പിവിആറിൻറെ ബഹിഷ്കരണം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആവേശം ഹൈദരാബാദിലും ആവേശവും വർഷങ്ങൾക്ക് ശേഷവും ചെന്നൈയിലും ബംഗളൂരുവിലും കാര്യമായി കാണികളെ നേടുന്നുണ്ട്. എന്നാൽ പിവിആർ ബഹിഷ്കരിച്ചിരിക്കുന്നതിനാൽ സാധാരണ മലയാളം ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്ക്രീനുകൾ ഇവയ്ക്കില്ല.

ആടുജീവിതം അടക്കം പിൻവലിച്ച സിനിമകൾക്ക് നഷ്ടപരിഹാരം നൽകാതെ ഭാവിയിൽ പിവിആറിൽ മലയാള സിനിമകൾ പ്രദർശനത്തിന് നൽകില്ലെന്ന നിലപാടിലാണ് ഫെഫ്ക. കൊച്ചി മരടിലെ ഫോറം മാളിൽ കഴിഞ്ഞ ദിവസം പിവിആറിൻറെ 9 സ്ക്രീനുകൾ അടങ്ങിയ മൾട്ടിപ്ലെക്സ് തുറന്നതോടെയാണ് രഹസ്യമായി നീറിപ്പുകഞ്ഞിരുന്ന തർക്കം പരസ്യമായത്. തിയറ്ററുകളിലെ ഡിജിറ്റൽ പ്രൊജക്ഷനായി യുഎഫ്ഒ, ക്യൂബ് അടക്കമുളള ഏജൻസികളെയാണ് രാജ്യമെങ്ങും ആശ്രയിക്കുന്നത്. എന്നാൽ ഇതിനുളള ചെലവ് ഏറിയതോടെയാണ് മലയാള സിനിമാ നിർമാതാക്കൾ സ്വന്തം സംവിധാനം തുടങ്ങിയത്. ചെലവ് ഏറെ കുറയും എന്നതായിരുന്നു ആശ്വാസം. എന്നാൽ യുഎഫ്ഒ, ക്യൂബ് വഴിയാണ് ഫോറം മാളിലെ പ്രദർശനമെന്നും നിർമാതാക്കൾ തുടങ്ങിയ പിഡിസി എന്ന കോണ്ടൻറ് മാസ്റ്ററിങ് യൂണിറ്റ് പറ്റില്ലെന്നും പിവിആർ നിലപാടെടുത്തു. ഇതിന് നിർമ്മാതാക്കൾ വഴങ്ങാതെ വന്നതോടെയാണ് രാജ്യത്തെ മുഴുവൻ പിവിആർ സ്ക്രീനുകളിൽ നിന്നും മലയാള സിനിമകൾ പിൻവലിച്ചത്.

എന്നാൽ സിനിമാ പ്രദർശനത്തിന് തങ്ങൾക്ക് കൃത്യമായ വ്യവസ്ഥകളുണ്ടെന്നും അതിനനനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നുമാണ് പിവിആറിൻറെ പ്രതികരണം. സിനിമാ പ്രൊജക്ഷന് നിരവധി ചാനലുകൾ ഉണ്ടായിരിക്കെ നിർമാതാക്കളുടെ സംവിധാനത്തെ മാത്രം ആശ്രയിക്കണം എന്ന് നിർബന്ധിക്കുന്നത് ശരിയല്ല. തർക്കം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും പിവിആർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *