Your Image Description Your Image Description

 

ഡെറാഡൂൺ: പോളിംഗ് ബൂത്തിലേക്ക് കൂടുതൽ വോട്ട‍ർമാരെ ആകർഷിക്കാൻ ശ്രമങ്ങളുമായി ഉത്തരാഖണ്ഡ്. വോട്ട് ചെയ്ത ശേഷം ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് ബില്ലിൻറെ 20 ശതമാനം കിഴിവാണ് ഉത്തരാഖണ്ഡ് ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ ലോക്സഭ തെരഞ്ഞെടുപ്പ് 2024ൽ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ദേശീയമാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു.

പൊതു തെരഞ്ഞെടുപ്പ് 2024ൽ ഉത്തരാഖണ്ഡ് ഒറ്റഘട്ടമായി ഏപ്രിൽ 19നാണ് പോളിംഗ് ബൂത്തിലെത്തുന്നത്. അന്നേദിനം വൈകിട്ട് മുതൽ തൊട്ടടുത്ത ദിവസം ഏപ്രിൽ 20 വരെയാണ് ഉത്തരാഖണ്ഡ് ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷന് കീഴിലുള്ള ഭക്ഷണശാലകളിൽ വ്യത്യസ്ത ഓഫർ വോട്ട‍മാർക്ക് ലഭ്യമാവുക. വോട്ട് ചെയ്ത് എത്തുന്നവർക്ക് ഭക്ഷണത്തിൻറെ ബില്ലിൽ 20 ശതമാനം ഡിസ്‌കൗണ്ട് നൽകുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും അസോസിയേഷനും എംഒയു ഒപ്പുവച്ചു.

‘ഏപ്രിൽ 19ന് വോട്ടിംഗിന് ശേഷം 20-ാം തിയതി വരെ അസോസിയേഷന് കീഴിലുള്ള ഹോട്ടലുകളിൽ എത്തി ഭക്ഷണം കഴിക്കുന്നവർക്ക് ബില്ലിൻറെ 20 ശതമാനം കിഴിവ് ലഭിക്കും. വോട്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതിൻറെയും ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പോളിംഗ് ശതമാനം ഉയർത്തുന്നതിനുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് ഈ നീക്കം. ഓഫർ ലഭിക്കാൻ ഹോട്ടലുകളിലും റസ്റ്റോറൻറുകളിലും എത്തുമ്പോൾ മഷി പുരണ്ട വിരൽ കാണിച്ചാൽ മാത്രം മതിയാകും’ എന്നും ഉത്തരാഖണ്ഡ് ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ പ്രസിഡൻറ് സന്ദീപ് സാഹ്നി വാർത്താ ഏജൻസിയായ എഎൻഐയോട് പറ‍ഞ്ഞു.

ഉത്തരാഖണ്ഡ് സംസ്ഥാനത്തെ വോട്ടിംഗ് ശതമാനം ഉയർത്താൻ മറ്റ് നിരവധി അസോസിയേഷനുകളും സംഘടനകളും പ്രവർത്തനസജ്ജരായി രംഗത്തുവന്നിട്ടുണ്ട് എന്നാണ് അഡീഷനൽ ചീഫ് ഇലക്‌ടറൽ ഓഫീസർ വിജയ് കുമാർ ജോഗ്ഡാണ്ഡെ പറയുന്നത്. ഇത്തരത്തിൽ ഉത്തരാഖണ്ഡ് ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ മുന്നോട്ടുവെച്ച പ്രൊപ്പോസൽ ഇലക്ഷൻ കമ്മീഷൻ അംഗീകരിക്കുകയായിരുന്നു എന്ന് അദേഹം പറഞ്ഞു. അഞ്ച് ലോക്സഭ സീറ്റുകളുള്ള ഉത്തരാഖണ്ഡിൽ 2019ൽ 61.48% മാത്രമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *