Your Image Description Your Image Description

ദില്ലി: നിലവിലുള്ള ലോക്സഭ എംപിമാരില്‍ ഏറ്റവും കൂടുതല്‍ ബില്യണയർമാരുള്ളത് ബിജെപിക്കെന്ന് റിപ്പോർട്ട്. സിറ്റിംഗ് എംപിമാരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം വിശകലനം ചെയ്ത് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആർ) ലോക്സഭയിലെ ശതകോടീശ്വരന്‍മാരുടെ റിപ്പോർട്ട് തയ്യാറാക്കിയത്. 100 കോടി രൂപയിലധികം ആസ്തിയുള്ള 25 എംപിമാരില്‍ 9 പേരാണ് ബിജെപി അംഗങ്ങള്‍.

514 സിറ്റിംഗ് എംപിമാരുള്ളതില്‍ 25 പേരാണ് 100 കോടി രൂപയിലധികം ആസ്തിയുള്ളതായി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ 294 എംപിമാർ ലോക്സഭയിലുള്ള ബിജെപിയിലെ 9 പേർക്ക് 100 കോടി രൂപയിലധികം ആസ്തിയുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള രണ്ട് എംപിമാർ കോണ്‍ഗ്രസ് അംഗങ്ങളാണ് എന്ന് എഡിആർ റിപ്പോർട്ട് പറയുന്നു. ലോക്സഭയില്‍ 46 എംപിമാരുള്ള കോണ്‍ഗ്രസില്‍ നിന്ന് രണ്ട് പേരേ ബില്യണയർമാരായി സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുള്ളൂ. ഇവർ രണ്ട് പേരുമാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ലോക്സഭ എംപിമാർ. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി നകുല്‍ നാഥാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം അനുസരിച്ച് 660 കോടി രൂപയുടെ ആസ്തിയുമായി ഏറ്റവും മുന്നില്‍. 338 കോടിയുടെ ആസ്തിയുള്ള ബാംഗ്ലൂർ റൂറല്‍ എംപി ഡി കെ സുരേഷാണ് രണ്ടാമത്തെ ഉയർന്ന ആസ്തിയുള്ള സിറ്റിംഗ് എംപി. ആന്ധ്രാ പ്രദേശിലെ നർസാപൂരത്ത് നിന്നുള്ള സ്വതന്ത്ര എംപി കനുമുരു രാഘു റാമ കൃഷ്ണ രാജുവാണ് ഏറ്റവും സമ്പന്നനായ മുന്നാമത്തെ ലോക്സഭ അംഗം. 325 കോടി രൂപയാണ് ഇദേഹത്തിന്‍റെ ആസ്തി.

17 എംപിമാരുള്ള വൈഎസ്ആർ കോണ്‍ഗ്രസിലെ രണ്ടും അഞ്ച് എംപിമാരുള്ള ടിആർഎസിലെ രണ്ടും പേർ 100 കോടി രൂപയിലധികം ആസ്തിയുള്ളവരാണ്. 2 എംപിമാരുള്ള ഷിരോമണി അകാലിദളിന്‍റെ രണ്ടാളും ബില്യണയർമാരാണ്. 24 എംപിമാരുള്ള ഡിഎംകെയിലെ ഒരാളും 19 എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരാളും ശിവസേന, ടിഡിപി, ബിജെഡി, ബിഎസ്‍പി, എന്‍സിപി (ശരത് പവാർ പക്ഷം) എന്നീ പാർട്ടികളിലെ ഓരോ എംപിമാരും 100 കോടിയലധികം രൂപയുടെ ആസ്തി സത്യവാങ്മൂലത്തില്‍ നല്‍കിയവരാണ്. ഏഴ് സ്വതന്ത്ര എംപിമാരില്‍ ഒരാളെ ബില്യണയറായിട്ടുള്ളൂ. എഡിആർ റിപ്പോർട്ട് പ്രകാരം ലോക്സഭയിലെ സിറ്റിംഗ് എംപിമാരുടെ ശരാശരി ആസ്തി 20.71 കോടി രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *