Your Image Description Your Image Description
Your Image Alt Text

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തിൽ കഴിഞ്ഞതവണ കോൺഗ്രസ് – എൻസിപി പിന്തുണയോടെ വിജയിച്ച നടി നവനീത് റാണ ഇത്തവണ ബിജെപി സ്ഥാനാർഥി. സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ബുധനാഴ്ച രാത്രിയാണു നവനീത് റാണയ്ക്കു മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലേ പാർട്ടി അംഗത്വം നൽകിയത്. നാഗ്പുരിലെ ബവൻകുലെയുടെ വസതിയിൽ അമരാവതി, നാഗ്പുർ, വാർധ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അവർ ബിജെപി അംഗത്വം സ്വീകരിച്ചത്. ഭർത്താവും എംഎൽഎയുമായ രവി റാണയും ഒപ്പമുണ്ടായിരുന്നു.

ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ബുധനാഴ്ചയാണ് അമരാവതി മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥിയായി നവനീത് റാണയുടെ പേര് പ്രഖ്യാപിച്ചത്. ഏപ്രിൽ 4ന് തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് ബവൻകുലെ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ വികസിത് ഭാരത് ദർശനത്തെ പിന്തുണയ്ക്കാനാണു നവനീത് റാണ ബിജെപിയിൽ ചേർന്നതെന്ന് ബവൻകുലെ പറഞ്ഞു.

ബിജെപിയിൽ ചേരുന്നതിൽ സന്തോഷം പ്രകടിപ്പിച്ച നവനീത്, ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിക്കുന്ന 400 സീറ്റുകളിൽ അമരാവതി മണ്ഡലവും ഉൾപ്പെടുമെന്ന് ഉറപ്പുനൽകുന്നുവെന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *