Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് മികച്ച മാർജിനിൽ ജയിക്കുമെന്ന് ഇടത് സ്ഥാനർത്ഥി പന്ന്യൻ രവീന്ദ്രൻ. പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനെയാകും ബാധിക്കുക. കോൺഗ്രസിന് ലഭിക്കുന്ന തീരദേശ വോട്ടുകളിൽ ഇത്തവണ വിള്ളലുണ്ടാകുമെന്നും അത് ബിജെപിയിലേക്കും എൽഡിഎഫിലേക്കും പോകുമെന്നും പന്ന്യൻ  പറഞ്ഞു. തരൂരിന് വോട്ട് ചെയ്തിരുന്ന ആളുകളുടെ മനസ് മടുത്തു.

യുഡിഎഫിന് മേൽക്കൈ ലഭിച്ചിരുന്ന സ്ഥലങ്ങളിലൊക്കെ പോളിംഗ് ശതമാനം കുറവാണ്. കോൺഗ്രസുകാർക്ക് ഇപ്പോൾ ബിജെപിയുമായി അങ്ങനെയൊരു ബന്ധമുണ്ടല്ലോ. അപ്പോൾ ആ വഴി അവരുടെ കുറെ വോട്ടുകൾ ബിജെപിയിലേക്ക് പോകും. ബിജെപി ജയിക്കാതിരിക്കാൻ കോൺഗ്രസിന് വോട്ട് തരൂ എന്നുള്ള കളി കഴിഞ്ഞ തവണയൊക്കെ അവർ പയറ്റി. ഇത്തവണയും അത് നടത്തി. അതുകൊണ്ട് ബിജെപി വലിയ ഫോഴ്സ് ആയി വരുമെന്ന് ഒന്നും തോന്നുന്നില്ല.

അവർക്ക് കിട്ടാവുന്ന പരമാവധി വോട്ട് നമുക്ക് അറിയാമല്ലോ എന്നും പന്ന്യൻ പറഞ്ഞു. അതേസമയം, തിരുവനന്തപുരത്ത് തീരമേഖലയിലെ ഉയർന്ന പോളിംഗിൽ ആശങ്കയും പ്രതീക്ഷയും മുന്നണികൾ ഒരുപോലെ വച്ചുപുലർത്തുന്നുണ്ട്. ജയപരാജയങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന ന്യൂനപക്ഷ വോട്ടുകൾ ഒപ്പമെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നത്.

ആരു ജയിച്ചാലും ചെറിയ ഭൂരിപക്ഷമെന്നാണ് മുന്നണികളുടെ മനക്കണക്ക്. കഴിഞ്ഞ തവണത്തെ പോളിംഗിലേക്ക് മണ്ഡലം എത്തിയില്ല. പക്ഷേ ഉയർന്നാണ് പോളിംഗ് തീരമേഖലകളിൽ രേഖപ്പെടുത്തിയത്. പാറശ്ശാല, നെയ്യാറ്റിൻകര, കോവളം, എന്നിവിടങ്ങളിൽ പോളിംഗ് ശതമാനം എഴുപത് ശതമാനത്തിന് മുകളിലെത്തി. തീരദേശ ജനതയുടെ നിർണായക വോട്ടുകൾ ഏറെയുള്ള ഈ നിയമസഭാ മണ്ഡലങ്ങൾ ഒപ്പം നിന്നുവെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *