Your Image Description Your Image Description
Your Image Alt Text
അബുദാബി/ കെയ്‌റോ: ഈജിപ്തിൽ ചികിത്സയിൽ കഴിയുന്ന ഗാസയിൽ നിന്നുള്ളവർക്ക് മതിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിങ്‌സ് 2 ദശലക്ഷം ദിർഹത്തിന്റെ (4.5 കോടി രൂപ) മെഡിക്കൽ സഹായം കൈമാറി. റഫ അതിർത്തിയിലെ മെഡിക്കൽ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മാസങ്ങളായി തുടരുന്ന ഗ്രൂപ്പിന്റെ നടപടികളുടെ ഭാഗമാണ് സഹായം. ഇതോടൊപ്പം, അൽ-അരിഷ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്ന കുട്ടികൾക്ക് ആശ്വാസവും മാനസികോല്ലാസവും പകരാൻ ലക്ഷ്യമിട്ടുള്ള  പ്രത്യേക പദ്ധതിയും ഗ്രൂപ്പ്  സമർപ്പിച്ചു.
അബുദാബിയിൽ നിന്ന് പ്രത്യേക വിമാനം വഴി അൽ-അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മെഡിക്കൽ സാമഗ്രികൾ ഈജിപ്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അബ്ദുൽ ഗഫാറും  ഉദ്യോഗസ്ഥരും ഏറ്റുവാങ്ങി. ട്രോമ & എമർജൻസി, കാർഡിയാക്ക് അവസ്ഥകൾ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഗുരുതരമായ ശസ്ത്രക്രിയകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള മെഡിക്കൽ ഉപകരണങ്ങൾ   അനസ്തേഷ്യ മെഷീനുകൾ, എക്സ്-റേ മെഷീനുകൾ, ഓപ്പറേറ്റിംഗ് ടേബിളുകൾ, ബൈപാപ്പുകൾ, പോർട്ടബിൾ വെൻ്റിലേറ്ററുകൾ, ഒടി ലൈറ്റുകൾ, ഡയഗ്നോസ്റ്റിക് സെറ്റുകൾ, മെഡിക്കൽ കൺസ്യൂമബിളുകളും എന്നിവ ഇതിൽ ഉൾപ്പെടും.
മാനുഷിക ദൗത്യത്തിനുള്ള ബുർജീൽ ഹോൾഡിങ്‌സിന്റെ തുടർ സഹായത്തിന് ഡോ. ഖാലിദ് അബ്ദുൽ ഗഫാർ നന്ദി പറഞ്ഞു.
അൽ-അരിഷ് ഹോസ്പിറ്റലിൽ സുഖം പ്രാപിക്കുന്ന ഗാസയിൽ നിന്നുള്ള കൊച്ചുകുട്ടികൾക്ക് ആശ്വാസമേകുന്നതാണ് ആശുപത്രിക്കുള്ളിൽ ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപിച്ച വിനോദ മേഖല. കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത  വീഡിയോ ഗെയിം സോണും കളിപ്പാട്ടങ്ങളും വിനോദോപാധികളും അടങ്ങുന്നതാണ് ഇവിടം. ചികിത്സയിൽ കഴിയുന്ന ഗാസയിൽ നിന്നുള്ള കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്രമായ ആരോഗ്യം ഉറപ്പാക്കാനാണ് ശ്രമമെന്ന് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും   കുട്ടികളുടെ മാനസികാരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കാനാണ് പിന്തുണയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈജിപ്റ്റ് ആരോഗ്യമന്ത്രി അടക്കം നിരവധി മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും ആശുപത്രിയിലെ കുട്ടികൾക്കായുള്ള  മേഖല സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *