Your Image Description Your Image Description
Your Image Alt Text

വൈകുന്നരം വരെ വിയർത്തൊലിച്ച് വെള്ളംകോരിയ ശേഷം വൈകിട്ട് കുടമിട്ട് ഉടച്ചതു പോലെയായി തൃശൂരിൽ ടി.എൻ. പ്രതാപന്റെ സ്ഥിതി. തനിക്ക് കൈപ്പത്തി ചിഹ്നത്തിൽ വോട്ടുതേടി കിട്ടിയ ചുവരുകളിലെല്ലാം എഴുതിക്കഴിഞ്ഞു. സ്വന്തം പടം വച്ച് മൂന്നര ലക്ഷം കളർ പോസ്റ്റർ അടിച്ചു. എല്ലാം പാഴായി?​

തന്റെ സിറ്റിംഗ് സീറ്റിൽ മറ്റാരെന്ന ചിന്തയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ തൃശൂരിൽ തന്നോട് ഒരു കൈ നോക്കാൻ വെല്ലുവിളിച്ച കക്ഷിയാണ്. കൈയും പോയി കാലും പോയി. മക്കളെക്കണ്ടും മാമ്പൂ കണ്ടും മദിക്കരുതെന്നാണ് പഴഞ്ചൊല്ല്.

പദ്മജ ബി.ജെ.പിയിൽ പോയതിന് താനെന്തു പിഴച്ചു? അത് അവരുടെ കുടുംബകാര്യം. തൃശൂരിൽ താൻ ഉഴുതു മറിച്ച കളത്തിൽ ഫലം കൊയ്യാൻ മുരളീധരൻ വന്നു . താൻ ഒടുവിൽ കളത്തിനു പുറത്തുമായിയെന്നാണ് പല സുഹൃത്തുക്കളോടും പരിഭവിച്ചത് ! എന്നുവച്ച് പ്രതാപൻ പിണങ്ങുമെന്നോ കരഞ്ഞ് ബഹളം കൂട്ടുമെന്നോ കരുതിയവർക്ക് തെറ്റി.

പാർട്ടി തന്നോടു കാട്ടിയ ചതി മറന്ന് അന്നു രാത്രിതന്നെ ചായക്കൂട്ടുമായി തെരുവിലേക്കിറങ്ങി . പ്രതാപന് വോട്ടു ചെയ്യുക എന്ന എഴുത്ത് മായ്ച്ച്,​ പകരം മുരളീധരന് വോട്ടു ചെയ്യുക എന്നെഴുതി . ഇതാണ് ത്യാഗം. പ്രതാപനല്ലാതെ വേറെ ഏത് നേതാവുണ്ട് ഇത്രയും ത്യാഗ മനോഭാവമുള്ളത് ? അതും കോൺഗ്രസ്സിൽ ?

തന്റെ സീറ്റ് തെറിച്ചേക്കുമെന്ന് പ്രതാപൻ മണത്തറിഞ്ഞിരുന്നുവെന്നാണ് പിന്നാമ്പുറ സംസാരം . അച്ചടിച്ച മൂന്നര ലക്ഷം പോസ്റ്ററിൽ തൃശൂർ എന്ന സ്ഥലമില്ല. പ്രതാപന്റെ പടവും ചിഹ്നവും അഭ്യ‌ർത്ഥനയും മാത്രം. നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് വന്നാലും ഈ പോസ്റ്റർ ഉപയോഗിക്കാം. എങ്ങനെയുണ്ട് ബുദ്ധി ?

അതിന്, പക്ഷെ , നിലവിൽ പാർലമെന്റിലേക്കു മത്സരിക്കുന്ന എം.എൽ.എമാരിൽ ആരെങ്കിലും ജയിക്കണം. വടകരയിൽ പുതിയ അങ്കം രണ്ട് എം.എൽ.എമാർ തമ്മിലാണ് ?​ അതിലൊരാൾ തോറ്റല്ലേ തീരൂ. അവിടെ ഉപതിരഞ്ഞെടുപ്പ് ഉറപ്പ്. അത് കണ്ണൂരായാലും പാലക്കാടായാലും പ്രതാപൻ ഒരു കൈ നോക്കും .

ഏതായാലും സുനിൽകുമാറിനും സുരേഷ്‌ഗോപിക്കും ഒപ്പം മുരളീധരനും കൊമ്പ് കോർക്കാൻ കച്ച മുറുക്കിയതോടെ തൃശൂരിൽ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങി.

യഥാർത്ഥത്തിൽ പത്മജയെ തോൽപ്പിക്കാനാണ് മുരളീധരനെ , പാർട്ടി ഉടുപ്പും തൈപ്പിച്ച് രംഗത്തിറക്കിയത്. ക്രൈസ്തവർ ഉൾപ്പെടെ മതനേതാക്കളുമായി മുരളീധരനുള്ള ബന്ധത്തിലൂടെ ഇതിന് കഴിയുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത് .

പത്മജയിലൂടെ സ്ത്രീകളുടേ ഉൾപ്പെടെയുള്ള വോട്ടുകൾ സുരേഷ് ഗോപിയ്ക്ക് മറിക്കാമെന്ന കണക്ക് കൂട്ടലാണ് ബിജെപിയ്ക്കുള്ളത് . വിജയിച്ചാൽ സുരേഷ്ഗോപി കേന്ദ്രമന്ത്രിയാകുമെന്നും തൃശൂരിൽ വികസന വിപ്ളവം കൊണ്ടുവരുമെന്നും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നു .

ബി.ജെ.പിയുടെ ഈ തന്ത്രത്തെ ചെറുക്കാനാണ് മുരളിയുടെ ശ്രമം . പത്മജ പ്രചാരണത്തിനിറങ്ങുമെന്ന് ഉറപ്പായി. ബിജെപി നേതാക്കൾ പരസ്യമായി പറയുകയും ചെയ്തു. കോൺഗ്രസിനെയല്ല , കോൺഗ്രസ്സ് നേതാക്കളെയാകും പ്രചാരണത്തിലുടനീളം കുറ്റപ്പെടുത്തുന്നതു പരിഹസിക്കുന്നതും . ഇതിനെ ചെറുക്കാൻ മുരളീധരനെക്കൊണ്ടേ കഴിയുകയുള്ളൂവെന്ന് കോൺഗ്രസ് കരുതുന്നു.

അധികാരത്തിന് പിന്നാലെ പോകുന്നവരാണ് കോൺഗ്രസ്സ് നേതാക്കളെന്നും അങ്ങനെയുള്ള പാർട്ടിയാണ് കോൺഗ്രസെന്നും , വർഗീയതയ്ക്ക് എതിരെ യഥാർത്ഥ ബദൽ ഇടതുമുന്നണിയെന്നുമാണ് എൽ.ഡി.എഫിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *