Your Image Description Your Image Description
Your Image Alt Text

ചില നേതാക്കൾക്കായി കോൺഗ്രസ്‌ സ്ഥാനാർഥികളെ മാറ്റിയത്‌ ഗുണംചെയ്യില്ലെന്ന്‌ മുസ്ലിംലീഗ്‌ തുറന്നടിച്ചു . വടകര, വയനാട്‌, ആലപ്പുഴ, കണ്ണൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കുറിച്ചാണ്‌ ലീഗിനകത്ത്‌ ചർച്ച നടന്നത് . വോട്ടെടുപ്പിനുമുമ്പ്‌ തോൽവി സമ്മതിക്കുന്നതായി വടകരയിലെ സ്ഥാനാർഥിമാറ്റമെന്ന്‌ ലീഗ്‌ നേതാവ്‌ സൂചിപ്പിച്ചതും അതൃപ്തിയുടെ സൂചനയാണ്‌.

വടകരയിൽ ഷാഫി പറമ്പിൽ എംഎൽഎയെ നിർത്തിയതിലാണ്‌ ലീഗിന്‌ പ്രധാന എതിർപ്പ്‌. കെ മുരളീധരനെ മാറ്റുന്നതിനെപ്പറ്റി ചർച്ച ചെയ്യാത്തതിലും നീരസമുണ്ട്‌. മൂന്നാംസീറ്റായി വടകര ചോദിച്ച ലീഗിനെ തഴഞ്ഞത്‌ മുരളിയെ ചൂണ്ടിക്കാട്ടിയായിരുന്നു. എന്നാൽ, മുരളിയെ തൃശൂർക്ക്‌ മാറ്റിയത്‌ ലീഗ്‌ നേതാക്കളറിഞ്ഞത്‌ ചാനലുകളിൽനിന്ന്‌ മാത്രമാണ് .

പകരം പാലക്കാട്ടുനിന്ന്‌ ഷാഫി വന്നത്‌ ബിജെപി ധാരണയിലെന്ന വാർത്ത അവരെ കുഴക്കുന്നു. ഷാഫിക്കു പകരം ടി സിദ്ദിഖ്‌ എംഎൽഎ മതിയായിരുന്നില്ലേ എന്നാണ്‌ ലീഗ്‌ പ്രവർത്തകരുടെ ചോദ്യം. കോഴിക്കോട്‌ മുൻ ഡിസിസി പ്രസിഡന്റായ സിദ്ദിഖിന്‌ കുറെക്കൂടി മികച്ച മത്സരം സാധ്യമാകുമായിരുന്നുവത്രേ .

രാജ്യസഭാ സീറ്റ്‌ അടിയറവച്ചുള്ള കെ സി വേണുഗോപാലിന്റെ വരവ്‌ ന്യായീകരിക്കാനും ലീഗിന്‌ പ്രയാസമുണ്ട്‌. കണ്ണൂരിൽ കെ സുധാകരനുപകരം പുതുമുഖത്തെയായിരുന്നു പ്രതീക്ഷിച്ചത്‌. കെപിസിസി പ്രസിഡന്റ്‌ പദത്തിലിരുന്ന്‌ തുടർച്ചയായി വിവാദമുണ്ടാക്കിയ സുധാകരനെ ജനം സ്വീകരിക്കില്ലെന്ന ആശങ്ക ലീഗ്‌ നേതാക്കൾക്കിടയിലുണ്ട് .

വയനാട്ടിൽ രാഹുൽഗാന്ധി വീണ്ടുമെത്തുന്നതിലും ലീഗ്‌കേന്ദ്രങ്ങൾക്ക്‌ താൽപ്പര്യമില്ല. അഖിലേന്ത്യാതലത്തിൽ ‘ഇന്ത്യ’ കൂട്ടായ്‌മയെ ദോഷമായി ബാധിക്കുമെന്ന അഭിപ്രായം കോൺഗ്രസ്‌ നേതാക്കളോട്‌ ലീഗ് പ്രകടിപ്പിച്ചിരുന്നു. ഇത്‌ കോൺഗ്രസ്‌ ചർച്ചയ്‌ക്കെടുത്തതേയില്ല.

ലീഗിന്റെ മനമറിഞ്ഞായിരുന്നു മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസ്‌ സ്ഥാനാർഥിനിർണയം നടത്തിയിരുന്നത് . ഇക്കുറി ഒരു കൂടിയാലോചനയൊന്നുമുണ്ടായില്ല . അതുപോലെ മുസ്ലിംലീഗ്‌ സ്ഥാനാർഥികൾ മോശമെന്ന കോൺഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണമായിരുന്നു .

എടപ്പാളിൽ യുഡിഎഫ്‌ പൊന്നാനി ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനിലായിരുന്നു ചെന്നിത്തലയുടെ വിവാദപ്രസംഗം നടന്നത് . ‘സ്ഥാനാർഥികൾ മോശമായതിനാൽ നമ്മൾ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാതിരിക്കാൻ പാടില്ല, ഊർജസ്വലമായി പ്രവർത്തിക്കണം’ എന്നായിരുന്നു പാണക്കാട്‌ സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും സ്ഥാനാർഥി എം പി അബ്ദുസമദ്‌ സമദാനിയും ഉൾപ്പെടെയുള്ള വേദിയിൽ ചെന്നിത്തല പറഞ്ഞത് .

പ്രസംഗം കഴിഞ്ഞ്‌ അധികം വൈകാതെ ഇത്‌ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. മുസ്ലിംലീഗ്‌ എംപിമാരുടെ പ്രവർത്തനത്തെക്കുറിച്ച്‌ വോട്ടർമാർക്കിടയിൽ വ്യാപക ആക്ഷേപമുള്ളതിനാൽ ഇത്തവണ സ്ഥാനാർഥികളെ മണ്ഡലം മാറ്റിയാണ്‌ നിർത്തിയത്‌.

യൂത്ത്‌ ലീഗ്‌ നേതാക്കൾ സീറ്റ്‌ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. സ്ഥാനാർഥികൾക്കെതിരെയുള്ള പൊതുവികാരമാണ്‌ ചെന്നിത്തലയുടെ പ്രസംഗത്തിലൂടെ പ്രകടമായത്‌.

Leave a Reply

Your email address will not be published. Required fields are marked *