Your Image Description Your Image Description
Your Image Alt Text

ബെംഗളൂരു :  ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ നാലിൽ ഒരു സ്ഥാനം തേടി കേരള ബ്ലാസ്റ്റേഴ്സും പ്ലേഓഫിന്റെ വിദൂര സാധ്യതകളിൽ ഒരു ഇടം തേടി ബെംഗളൂരു എഫ്സിയും ഇന്ന് കളത്തിലിറങ്ങും.‘സതേൺ ഡാർബി’ പോരാട്ടത്തിന് ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30നാണ് കിക്ക്‌ ഓഫ്. വീറിലും വാശിയിലും ഒപ്പത്തിനൊപ്പം നിൽക്കുമെങ്കിലും സീസണിലെ കളിക്കണക്കുകളിൽ ബ്ലാസ്റ്റേഴ്സിനു പറ്റിയ എതിരാളികളായല്ല ഇപ്പോൾ ബെംഗളൂരു. 16 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 29 പോയിന്റുമായി അഞ്ചാമതാണ്. ഒരു മത്സരം കൂടുതൽ കളിച്ചിട്ടും ബെംഗളുരുവിന്റെ പക്കലുള്ളത് 18 പോയിന്റും ഒൻപതാം സ്ഥാനവും. ഇതുവരെ 4 മത്സരം മാത്രം ജയിച്ചിട്ടുള്ള ആതിഥേയർക്കു മുന്നിൽ 9 വിജയങ്ങളുടെ തിളക്കമുള്ള ബ്ലാസ്റ്റേഴ്സ് ഗോൾ നേട്ടത്തിലും ഒരുക്കത്തിലുമെല്ലാം ബഹുദൂരം മുന്നിലാണ്.

ഗോവയ്ക്കെതിരെ എക്കാലവും ഓർമിക്കാൻ പോന്നൊരു വിജയം കുറിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ശ്രീകണ്ഠീരവയിൽ എത്തുന്നത്. പരുക്കിന്റെ പിടിയിൽ നിന്ന് മുക്തരായ താരങ്ങളുടെ സാന്നിധ്യവും ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. ബെംഗളൂരുവിന്റെ 4–3–1–2 വിന്യാസത്തിനെതിരെ മധ്യത്തിലെ കളിമിടുക്കിൽ കരുനീക്കിയാകും കോച്ച് ഇവാൻ വുക്കോമനോവിച്ചിന്റെ ഒരുക്കം. സെൻട്രൽ മിഡ്ഫീൽഡിൽ വ്യത്യസ്ത ദൗത്യങ്ങളുടെ കടിഞ്ഞാൺ പിടിക്കുന്ന ജീക്സൺ സിങ്ങും വിബിൻ മോഹനനും പതിവു ഫോമിലേക്കു തിരിച്ചെത്തിയതു മഞ്ഞപ്പടയ്ക്കു ഊർജമേകുന്ന ഘടകമാണ്. ഗോവയ്ക്കെതിരെ കളിച്ച ഇലവനിൽ നിന്ന് മാറ്റങ്ങളോടെയാകും ബെംഗളുരുവിനെതിരെ ബ്ലാസ്റ്റേഴസ് ഇറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *