Your Image Description Your Image Description
Your Image Alt Text

 

ചെന്നൈ: ഐപിഎല്ലിൽ നായകൻ റുതുരാജ് ഗെയ്ക്‌വാദ് ഒരിക്കൽ കൂടി മുന്നിൽ നിന്ന് പടനയിച്ചപ്പോൾ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് മികച്ച സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ റുതുരാജിൻറെയും ഡാരിൽ മിച്ചലിൻറെയും അർധസെഞ്ചുറികളുടെ മികവിൽ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. 98 റൺസെടുത്ത് അവസാന ഓവറിൽ പുറത്തായ റുതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഡാരിൽ മിച്ചൽ 32 പന്തിൽ 52 റൺസെടുത്തപ്പോൾ ശിവം ദുബെ 20 പന്തിൽ 39 റൺസുമായും അവസാന ഓവറിൽ ക്രീസിലെത്തിയ മുൻ നായകൻ എം എസ് ധോണി രണ്ട് പന്തിൽ അഞ്ച് റൺസുമായും പുറത്താകാതെ നിന്നു.

തുടക്കം തകർച്ചയോടെ

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ചെന്നൈക്ക് തുടക്കത്തിലെ ഓപ്പണർ അജിങ്ക്യാ രഹാനെയെ(12 പന്തിൽ 9) നഷ്ടമായി. ഭുവനേശ്വർ കുമാറിനായിരുന്നു വിക്കറ്റ്. എന്നാൽ മൂന്നാം ഓവറിൽ രഹാനെയെ നഷ്ടമായതിന് പിന്നാലെ ക്രീസിലെത്തിയ ഡാരിൽ മിച്ചൽ റുതുരാജിനൊപ്പം തകർത്തടിച്ചതോടെ ചെന്നൈ സമ്മർദ്ദമില്ലാതെ മുന്നോട്ടുപോയി. പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസിലെത്തിയ ചെന്നൈക്കായി റുതുരാജ് 27 പന്തിൽ അർധസെഞ്ചുറി തികച്ചു. 11 ഓവറിൽ 100 റൺസിലെത്തിയ ചെന്നൈക്കായി ഡാരിൽ മിച്ചലും തകർത്തടിച്ചതോടെ സ്കോർ കുത്തനെ ഉയർന്നു. 29 പന്തിൽ സീസണിലെ ആദ്യ അർധെസ‍െഞ്ചുറി തികച്ച ഡാരിൽ മിച്ചൽ റുതുരാജിനൊപ്പം 107 റൺസ് കൂട്ടുകെട്ടുയർത്തിയശേഷമാണ് മടങ്ങിയത്.

മിച്ചൽ മടങ്ങിയശേഷമെത്തിയ ശിവം ദുബെയും തകർത്തടിച്ചതോടെ ചെന്നൈ പതിനാറാം ഓവറിൽ 150 കടന്നു. അർഹിച്ച സെഞ്ചുറിക്ക് രണ്ട് റൺസകലെ റുതുരാജ് അവസാന ഓവറിൽ മടങ്ങുമ്പോൾ ചെന്നൈ 200 റൺസ് കടന്നിരുന്നു. 98 റൺസിൽ നിൽക്കെ അവാസന ഓവറിൽ നടരാജനെ സിക്സ് അടിക്കാൻ ശ്രമിച്ച റുതുരാജിനെ നിതീഷ് റെഡ്ഡി ലോംഗ് ഓണിൽ ക്യാച്ചെടുത്തു. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി അടിച്ച ധോണി അഞ്ച് റൺസുമായും നാലു സിക്സും ഒരു ഫോറും പറത്തിയ ശിവം ദുബെ 20 പന്തിൽ 39 റൺസുമായും പുറത്താകാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *