Your Image Description Your Image Description
Your Image Alt Text

 

ജയ്പൂർ: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർത്ഥിനിയെ കാണാതായി. കോച്ചിംഗ് ഹബ്ബ് എന്ന് അറിയപ്പെടുന്ന കോട്ടയിൽ നിന്നാണ് 20 വയസ്സുകാരിയായ തൃപ്തി സിംഗിനെ കാണാതായത്. തൃപ്തിയെ കാണാതായിട്ട് ഒരാഴ്ചയായിട്ടും ഒരു വിവരവും ലഭിച്ചിട്ടില്ല.

ഏപ്രിൽ 21 ന് പരീക്ഷ എഴുതാൻ പോയ തൃപ്തി പിന്നീട് ഹോസ്റ്റലിൽ തിരിച്ചെത്തിയില്ല. ഗോബ്രിയ ബവ്ഡി പ്രദേശത്തെ ഒരു ഹോസ്റ്റലിലാണ് തൃപ്തി താമസിച്ചിരുന്നത്. ഏപ്രിൽ 23നാണ് തൃപ്തിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത്. തൃപ്തി താമസിച്ചിരുന്ന ഹോസ്റ്റലിൻറെ ഉടമയാണ് പരാതി നൽകിയത്. പിന്നാലെ തൃപ്തിയുടെ വീട്ടുകാരെയും വിവരം അറിയിച്ചു. തൃപ്തിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ഭൂപേന്ദ്ര സിംഗ് പറഞ്ഞു.

റെയിൽവേ സ്റ്റേഷനുകളിലെയും ബസ് സ്റ്റാൻഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലേക്കും അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾ മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്കായി കോട്ടയിൽ കോച്ചിംഗിന് എത്താറുണ്ട്. രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികൾ ഇവിടെ പരിശീലനം തേടുന്നു. പലരും മാനസിക സമ്മർദം താങ്ങാനാകാതെയും പരീക്ഷയിൽ തോൽവി ഭയന്നും ജീവനൊടുക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ ജനുവരിക്ക് ശേഷം കോട്ടയിൽ ജീവനൊടുക്കിയത് ഏഴ് വിദ്യാർത്ഥികളാണ്. 2023ലെ ആകെ കണക്ക് 26 ആണ്.

Leave a Reply

Your email address will not be published. Required fields are marked *