Your Image Description Your Image Description
Your Image Alt Text

മകനായാൽ ഇങ്ങനെ തന്നെ വേണം. പൂ൦ എന്ന നരകത്തിൽ നിന്നും പിതാവിനെ ത്രാണനം ചെയ്യുന്നവൻ പുത്രൻ എന്നാണ് പുരാണങ്ങളിൽ പറയുന്നതെങ്കിൽ കലികാലത്തിൽ സംസ്കൃതത്തിന്റെ സൗന്ദര്യം വിട്ട് ഇംഗ്ലീഷിന്റെ അകമ്പടിയിൽ പറഞ്ഞാൽ മൈക്രോഫിനാൻസ് എന്ന നാമത്തിൽ നിന്നും പിതാവിനെ രക്ഷപ്പെടുത്തുന്നവൻ പുത്രൻ അഥവാ തുഷാർ വെള്ളാപ്പള്ളി എന്നാക്കാം .

എൻ ഡി എ ഘടക കക്ഷിയായ ബിഡിജെസിനോട് ആലപ്പുഴ സീറ്റിൽ മത്സരിക്കാനാണ് ബിജെപി ആവശ്യപ്പെട്ടത്. എന്നാൽ ആലപ്പുഴ ഉൾപ്പെടെ തിരുവിതാംകൂറിലെ ഒരു മണ്ഡലത്തിലും മത്സരത്തിനില്ലന്ന നിലപാടാണ് തുഷാറിനുള്ളത് . പിന്നെ ബിജെപിയെ തൃപ്തിപ്പെടുത്താൻ ആറ്റിങ്ങലിൽ മത്സരിക്കാമെന്ന് പറഞ്ഞു.

അവിടെ മുരളീധരൻ അസ്ഥിക്ക് പിടിച്ചു നിൽക്കുകയാണന്ന് തുഷാറിന് നന്നായി അറിയാം. പിന്നെ തൃശൂരും ആവശ്യപ്പെട്ടു. അവിടെയും പരിപ്പ് വേവില്ലന്ന ഉത്തമ വിശ്വാസത്തിലാണ് ചോദിച്ചത് . ഒടുവിൽ മത്സരിക്കുകയാണങ്കിൽ കോട്ടയത്ത് മത്സരിക്കാമെന്നായി .

ഇത് തങ്ങൾക്കുള്ള പാരയാണന്ന് തിരിച്ചറിയാനുള്ള ബുദ്ധി ബിജെപിയിൽ കേരളത്തിലും കേന്ദ്രത്തിലും ആർക്കുമില്ല. എന്താണ് തുഷാറിന്റെ യഥാർത്ഥ പ്രശ്നം. മൈക്രോ ഫിനാൻസ് കേസിൽ പിതാവ് വെള്ളാപ്പള്ളി നടേശന് ക്ലീൻചിറ്റ് നൽകി കയ്യാലപ്പുറത്ത് വെച്ചിരിക്കുന്നത് പിണറായി വിജയൻ ആയതിനാൽ സിപിഎം മത്സരിക്കുന്ന 15 സീറ്റിലും എതിര് മത്സരിക്കില്ലന്ന് സത്യം ചെയ്തിരിക്കുകയാണ് തുഷാർ .

പോരാത്തതിന് സിപിഎം സ്ഥാനാർത്ഥി ലിസ്റ്റിൽ ഭൂരിപക്ഷവും ഈഴവ സ്ഥാനാർത്ഥികളും . ആനന്ദ ലബ്ദിക്ക് ഇനി എന്തുവേണം. മത്സരിച്ചോ – മത്സരിച്ചു – തോറ്റോ ? തോൽക്കുമെന്നറിഞ്ഞിട്ടാണല്ലോ മത്സരിച്ചത് . പക്ഷേ ഈഴവരെ കൂടുതൽ പാർലമെന്റിൽ എത്തിച്ചല്ലോ ? അത് പോരെ ?.

കോൺഗ്രസ് പോലും മേമ്പടിക്ക് മാത്രമേ ഈഴവരെ സ്ഥാനാർത്ഥി ആക്കുന്നുള്ളൂ. അപ്പോൾ പിന്നെ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കണ്ടെ. നിൽക്കാതെ ചുമ്മാ ഇരിക്കാമെന്ന് വിചാരിച്ചാൽ വല്യേട്ടൻ സമ്മതിക്കില്ല. എൽഡിഎഫിൽ ഒഴിവായി കിടക്കുന്നത് ഘടകകക്ഷിയുടെ കോട്ടയം മാത്രമാണ്. അതിനിട്ടിരിക്കട്ടെ ഒരു പണി . അപ്പോൾ പിന്നെ യുഡിഎഫിന്റെ സമ്പൂർണ്ണ പരാജയം കാണാനും പറ്റും.

ഇപ്പോൾ തന്നെ ചാഴിക്കാടൻ വളരെ മുൻപിലാണ്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഓടി അയലത്തെത്താൻ പോലും കഴിഞ്ഞിട്ടില്ല. എന്താണന്നറിയില്ല പ്രാഞ്ചിക്ക് ഒരു പഞ്ച് ഇല്ലാതെ പോയി. ഒരു കള്ളനാണയമാണന്ന പേര് എങ്ങനെയോ ചാപ്പ കുത്തപ്പെട്ടു.

ചാഴിക്കാടൻ കോട്ടയത്തുകാർക്ക് വീട്ടുകാരനായപ്പോൾ പ്രാഞ്ചി വിരുന്നുകാരനായിപ്പോയി. എന്ത് ചെയ്യും ?. പ്രാഞ്ചിക്ക് പ്രാഞ്ചിയുടെ വഴി . ചാഴിക്കാടന് ചാഴിക്കാടന്റെ വഴി . മകൻ വെള്ളാപ്പള്ളിക്ക് അപ്പൻ വെള്ളാപ്പള്ളിയുടെ മൈക്രോഫിനാൻസ് വഴിയും.

ഉന്തി മരം കേറ്റിയാലിങ്ങനെയിരിക്കുമെന്ന് ഇനിയെങ്കിലും ബിജെപി നേതൃത്വം മനസ്സിലാക്കണം. ആറ്റിങ്ങൽ ,കൊല്ലം , ആലപ്പുഴ തുടങ്ങിയ ഈഴവരുടെ പൊന്നാപുരം കോട്ടയിൽ നിൽക്കാൻ ധൈര്യമില്ലാത്തവന് എന്ത് കോട്ടയം ?.

Leave a Reply

Your email address will not be published. Required fields are marked *