Your Image Description Your Image Description
Your Image Alt Text

ഇടുക്കി പാറേമാവ് ആയുര്‍വേദ ആശുപത്രിയോട് അനുബന്ധിച്ച് നിര്‍മ്മിച്ച പാലിയേറ്റീവ് ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ അറിയപ്പെടുന്ന ആശുപത്രികളില്‍ ഒന്നായി മാറാന്‍ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് കഴിഞ്ഞിട്ടുണ്ടെന്നും കെട്ടിടം സ്ഥിതിചെയ്യുന്ന മൂന്നരയേക്കര്‍ സ്ഥലം ആശുപത്രിയുടെ വികസനത്തിന് ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ആയുര്‍വേദ ഹെല്‍ത്ത് ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഇടുക്കി പാക്കേജില്‍ നടപ്പ് സാമ്പത്തിക വര്‍ഷം തുക വകയിരുത്തിയിട്ടുണ്ട്. പുറത്തുനിന്ന് വരുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായിട്ടാണ് എയര്‍സ്ട്രിപ്പ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഇത് ആയുവേദ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പാലിയേറ്റീവ് ആശുപത്രിയ്ക്ക് പുതിയ ആംബുലന്‍സ് വാങ്ങുന്നതിന് എം എല്‍ എ ഫണ്ടില്‍ തുക അനുവദിച്ചതായും മന്ത്രി റോഷി അഗസ്റ്റിന്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു.

ഇടുക്കി ജില്ലാ പഞ്ചായത്താണ് പാലിയേറ്റീവ് ആശുപത്രിക്ക് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. കിടപ്പുരോഗികള്‍ക്ക് സ്വാന്തനപരിചരണം, കൗണ്‍സിലിംഗ്, യോഗ, പഞ്ചകര്‍മ്മ ചികിത്സ എന്നിവ പാലിയേറ്റീവ് ആശുപത്രിയില്‍ ലഭ്യമാകും. 2024-25 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ യോഗ, ഫിസിയോതെറാപ്പി, ലിഫ്റ്റ് എന്നിവ ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ക്കായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും കിടപ്പുരോഗികളായവര്‍ക്ക് പ്രായഭേദമന്യേ പഞ്ചകര്‍മ്മ ചികിത്സയും ഒപ്പം ഫിസിയോതെറാപ്പി, യോഗ, കൗണ്‍സലിംഗ് എന്നിവയും ഒരു കുടക്കിഴില്‍ തന്നെ നല്‍കുന്നു എന്നതാണ് ആശുപത്രിയുടെ സവിശേഷത.

നാഷണല്‍ ആയുഷ് മിഷനില്‍ നിന്ന് പാലിയേറ്റീവ് ആശുപത്രിക്ക് നിലവില്‍ ഏഴ് തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്. ഭാവിയില്‍ ഓട്ടിസം പോലുള്ള രോഗങ്ങള്‍, ഉണങ്ങാത്ത വ്രണങ്ങള്‍, മൂത്രാശയ അണുബാധ തുടങ്ങിയവയ്ക്ക് പ്രത്യേക ചികിത്സയും ആരംഭിക്കുവാന്‍ പദ്ധതിയുണ്ട്.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് മുഖ്യാതിഥിയായി. പാലിയേറ്റീവ് ആശുപത്രി നിര്‍മ്മാണത്തിന് തുടക്കം കുറിച്ച മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷന്‍ അംഗം കെ. ജി സത്യന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ജില്ലാ ആയുര്‍വേദ ആശുപത്രി സി എം ഒ കെ.ആര്‍ സുരേഷ്, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *