Your Image Description Your Image Description
Your Image Alt Text
മലപ്പുറം ജില്ലയിൽ ഇന്നുമുതൽ (ഫെബ്രുവരി 14) 28 വരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത വയറിളക്ക രോഗ നിയന്ത്രണ പരിപാടി നടത്തും.
മഞ്ചേരി നഗരസഭയിലും പള്ളിക്കൽ പഞ്ചായത്തിലും നിരവധി പേർക്ക് മഞ്ഞപ്പിത്തം രോഗബാധ സംശയിക്കുന്നതിനെ തുടർന്ന് ഇതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വയറിളക്ക രോഗ നിയന്ത്രണ പരിപാടി ആവിഷ്‌ക്കരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒ.ആർ.എസ്, സിങ്ക് എന്നിവ വിതരണം ചെയ്യും. എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ഒ.ആർ.എസ് കോർണർ സ്ഥാപിക്കും.
കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി മഞ്ഞപ്പിത്തം ബാധിച്ച് ജില്ലയിൽ മൂന്നുപേർ മരണപ്പെട്ടിരുന്നു. മഞ്ഞപ്പിത്ത രോഗബാധ സംശയിക്കുന്ന മറ്റൊരു മരണവും ഉണ്ടായിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം അസുഖം ബാധിക്കുകയും ശാരീരിക നില മോശമായി മരണപ്പെടുകയുമായിരുന്നു.
കൂടാതെ ജില്ലയുടെ മറ്റു ഭാഗങ്ങളിലും ജലജന്യ രോഗങ്ങൾ കൂടി വരുന്നുണ്ട്. വ്രതാനുഷ്ഠാന മാസങ്ങളിലും ഉത്സവങ്ങളിലും ആഘോഷ വേളകളിലും തീർത്ഥാടന സമയങ്ങളിലും ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണം. ജില്ലയിൽ ജലദൗർലഭ്യം കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരം ജലജന്യ രോഗങ്ങൾക്കെതിരെയും ഭക്ഷ്യ വിഷബാധകൾക്കെതിരെയും ജനങ്ങൾ ജാഗ്രത പാലിക്കണം.
തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുന്ന തരത്തിൽ ശീലങ്ങൾ മാറ്റിയാൽ മാത്രമേ ഇത്തരം പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂ. കൈകൾ കൃത്യമായി ഇടയ്ക്കിടെ വൃത്തിയാക്കുകയും വേണം. ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ വിദഗ്ധ ചികിത്സ തേടണം. രോഗബാധ ഉണ്ടായാൽ ശരീരം ആദ്യം കാണിക്കുന്ന ലക്ഷണങ്ങൾ അവഗണിക്കുകയോ സ്വയം ചികിത്സ തേടുകയോ ചെയ്യുന്നവരാണ് അപകടത്തിൽപ്പെടുന്നത്.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഹോസ്റ്റലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ശുചിത്വ നിലവാരം ഉറപ്പ് വരുത്തണം. പാചക തൊഴിലാളികൾ, ഭക്ഷണം കൈകാര്യം ചെയ്യുന്ന മറ്റ് ജീവനക്കാർ എന്നിവർ ഹെൽത്ത് കാർഡ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. അടുക്കള, സ്റ്റോർ റൂം, മറ്റ് ഭക്ഷണം വിളമ്പുന്ന സ്ഥലം എന്നിവിടങ്ങളിൽ വേണ്ടത്ര ശുചിത്വം പാലിക്കണം. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്നതും പഴകിയതും ഉപയോഗ ശൂന്യവുമായതുമായ ഭക്ഷണപഥാർത്ഥങ്ങൾ വിതരണം ചെയ്യുന്നതും നിയമ വിരുദ്ധമാണ്. അത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
–മഞ്ഞപ്പിത്തം
വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. വയറിളക്ക രോഗങ്ങൾ ഏറെ അപകടകരമാണ്. വയറിളക്ക രോഗങ്ങൾ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു.
നിർജലീകരണം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാൽ രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും. കുട്ടികളെ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്.
–വയറിളക്കം
ശരീരത്തിലെ ജലാംശവും പോഷകഘടകങ്ങളും ധാതുലവണങ്ങളും അടങ്ങിയ മലം ദ്രവരൂപത്തിൽ അനിയന്ത്രിതമായി അയഞ്ഞുപോകുന്നതാണ് വയറിളക്കം.
–വയറുകടി
മലം അയഞ്ഞു പോകുന്നത്തിനോടൊപ്പം രക്തവും കാണുന്നു.
–കോളറ
തുടർച്ചയായി മലം കഞ്ഞിവെള്ളം പോലെ പോകുന്ന അവസ്ഥയാണ് കോളറ. ഛർദ്ദിയും കാണപ്പെടും. ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കേണ്ടതാണ്. പാനീയ ചികിത്സ ഏറെ ഫലപ്രദമാണ്. 90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടിൽ നൽകുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാൻ കഴിയും. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങൾ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്. ഛർദ്ദിച്ചോ, വയറിളകിയോ പോയാലും വീണ്ടും പാനീയം നൽകേണ്ടതാണ്. പാനീയ ചികിത്സ കൊണ്ട് നിർജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാൻ സാധിക്കുന്നു.
–മറക്കല്ലേ ഒ.ആർ.എസ് ലായനി
ജലാംശ ലവണാംശ നഷ്ടം പരിഹരിക്കാൻ ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടേയോ നിർദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ.ആർ.എസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛർദ്ദി ഉണ്ടെങ്കിൽ അൽപാൽപമായി ഒ.ആർ.എസ് ലായനി നൽകണം. അതോടൊപ്പം എളുപ്പം ദഹിക്കുന്ന ആഹാരങ്ങളായ കഞ്ഞി, പുഴുങ്ങിയ ഏത്തപ്പഴം എന്നിവയും നൽകേണ്ടതാണ്. ഒ.ആർ.എസ് പായ്ക്കറ്റുകൾ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലും ഉപകേന്ദ്രത്തിലും അങ്കണവാടികളിലും സൗജന്യമായി ലഭിക്കും. പാനീയ ചികിത്സ നടത്തിയിട്ടും രോഗലക്ഷണങ്ങൾക്ക് മാറ്റമില്ലെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ രോഗിയെ ഉടനെ എത്തിക്കണം
–ടൈഫോയ്ഡ്
ജലം, ഭക്ഷണം എന്നിവയിലൂടെ പകരുന്ന മറ്റൊരു രോഗമാണ് ടൈഫോയ്ഡ്. കഠിനമായ പനി, തലവേദന, നടുവേദന, മൂക്കിൽ നിന്നും കണ്ണിൽ നിന്നും വെള്ളം വരിക, ശരീരത്തിന് തളർച്ച, മലബന്ധം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ
–പ്രതിരോധ മാർഗങ്ങൾ
തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക. കൈകൾ ആഹാരത്തിനു മുമ്പും ടോയ്ലെറ്റിൽ പോയതിന് ശേഷവും സോപ്പുപയോഗിച്ച് നന്നായി കഴുകുക. കുടിവെള്ള സ്രോതസ്സുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. വ്യക്തി ശുചിത്വത്തിനും ഗാർഹിക ആവശ്യങ്ങൾക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. തണുത്തതും പഴകിയതുമായതും തുറന്നുവച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ, കേടുവന്ന പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *