Your Image Description Your Image Description
Your Image Alt Text

‘ടോക്സിക്’ എന്ന വാക്ക് ഇന്ന് യുവാക്കള്‍ക്കെല്ലാം ഏറെ പരിചിതമാണ്. 2018ല്‍ ഓക്സ്ഫര്‍ഡ് ഡിക്ഷണറിയുടെ ‘വേര്‍ഡ് ഓഫ് ദ ഇയര്‍’ ആയിരുന്നു ‘ടോക്സിക്’. ഈ അടുത്ത വര്‍ഷങ്ങളില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്ക് കൂടിയാണിത്.

‘ടോക്സിക്’ എന്നാല്‍ വിഷമയം, വിഷലിപ്തമായത് എന്ന് അര്‍ത്ഥം. അധികവും ‘റിലേഷൻഷിപ്പ്’ എന്ന പദത്തിനൊപ്പമായിരിക്കും നിങ്ങളില്‍ മിക്കവരും ‘ടോക്സിക്’ എന്ന പദവും കേട്ടിരിക്കുക. അതെ, ബന്ധങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഇത് ഏറ്റവുമധികം ചര്‍ച്ചകളില്‍ നിന്നത്.

നമുക്ക് ദോഷമായിട്ടുള്ള, നമ്മെ നശിപ്പിക്കുംവിധത്തിലുള്ള വിഷലിപ്തമായ ബന്ധങ്ങള്‍ എന്നുതന്നെയാണ് ‘ടോക്സിക് റിലേഷൻഷിപ്പ്’ കൊണ്ടുദ്ദേശിക്കുന്നത്. ഇത് ആരുമാകാം. സുഹൃത്തുക്കളാകാം, പങ്കാളിയാകാം, എന്തിനധികം മാതാപിതാക്കള്‍ തന്നെയുമാകാം.

പക്ഷേ ഇത്തരം ബന്ധങ്ങളില്‍ നിന്നുപോകുന്നത് വ്യക്തിയെ തകര്‍ക്കുകയേ ഉള്ളൂ. ഇത് തിരിച്ചറിഞ്ഞ് ബന്ധം ഉപേക്ഷിക്കുക എന്നതാണ് ഏക പോംവഴി. ഇതിന് ആദ്യം തങ്ങളുടെ ബന്ധങ്ങളുടെ സ്വഭാവം മനസിലാകണമല്ലോ. റിലേഷൻഷിപ്പ് എക്സ്പെര്‍ട്ടുകളും മനശാസ്ത്ര വിദഗ്ധരും നിര്‍ദേശിക്കുന്നത് പ്രകാരം ‘ടോക്സിക്’ ആയിട്ടുള്ള ആളുകള്‍ക്ക് / ബന്ധങ്ങള്‍ക്ക് ചില സവിശേഷതകളുണ്ട്. ഇവ മനസിലാക്കി പരിശോധിച്ചുനോക്കുക എന്നതാണ് മാര്‍ഗം.
എന്തെല്ലാമാണ് ‘ടോക്സിക് റിലേഷൻഷിപ്പി’ന്‍റെ സ്വഭാവങ്ങള്‍? ഒരു വ്യക്തി നിങ്ങള്‍ക്ക് ‘ടോക്സിക്’ ആണെന്ന് എങ്ങനെ തിരിച്ചറിയാം? ഇതിന് ചില ലക്ഷണങ്ങളുണ്ട്.

ഇതിലൊന്നാമത്തേത് അവര്‍ നിങ്ങളുടെ സ്വകാര്യത മാനിക്കില്ല എന്നതാണ്. ഏത് വിധേനയും നിങ്ങളിലേക്ക് കടന്നുകയറാൻ അവര്‍ മടിക്കില്ല. ഇവരില്‍ നിന്ന് നിങ്ങള്‍ അകലാൻ ശ്രമിക്കുമ്പോള്‍ അവര്‍ നിങ്ങളോട് മോശമായി പെരുമാറാം. ഇതും ഒരു സൂചനയാണ്.

ഒന്നുകില്‍ നിങ്ങളെ ‘മാനിപുലേറ്റ്’ (തെറ്റിദ്ധരിപ്പിക്കുന്ന) ചെയ്യുന്ന രീതി ആയിരിക്കും ഇവരുടേത്. അതല്ലെങ്കില്‍ നിങ്ങളെ ‘കണ്‍ട്രോള്‍’ ചെയ്തുകൊണ്ടും ഇരിക്കും. എന്തായാലും നിങ്ങള്‍ക്ക് മുകളിലൊരു അധികാരം സ്ഥാപിക്കാൻ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. ‘കണ്‍ട്രോള്‍’ ചെയ്യുന്നത് പെട്ടെന്ന് മനസിലാക്കാം. എന്നാല്‍ ‘മാനിപുലേഷൻ’ മനസിലാക്കാൻ പ്രയാസകരമായിരിക്കും.

‘ടോക്സിക്’ ആയത് നിങ്ങളുടെ എത്ര അടുത്ത ആളാണെങ്കിലും അവര്‍ നിങ്ങളോട് യഥാര്‍ത്ഥത്തില്‍ സൗഹാര്‍ദ്ദപരമായി പെരുമാറുന്നവര്‍ ആയിരിക്കില്ല. ധാരാളം കള്ളങ്ങളും പറയും. സാങ്കല്‍പികമായതോ അല്ലാത്തതോ ആയ കാര്യങ്ങള്‍ സത്യമാണെന്ന് നിങ്ങളെ ധരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. വസ്തുതകള്‍ വളച്ചൊടിക്കും. ഈ കള്ളം പറച്ചില്‍ അവരുടെ സ്ഥിരം പരിപാടിയും ആയിരിക്കും. ഇവരുടെ പ്രശ്നങ്ങള്‍ മറച്ചുപിടിക്കുന്നതിനുവേണ്ടിയും ധാരാളം കള്ളങ്ങള്‍ ഉപയോഗപ്പെടുത്തും.

‘ടോക്സിക്’ ആയ വ്യക്തികളുടെ / ബന്ധങ്ങളുടെ മറ്റൊരു പ്രത്യേകതയാണ്, അവര്‍ പറയുന്നത് എപ്പോഴും ശരിയായിരിക്കുമെന്ന് അവര്‍ വാദിച്ചുകൊണ്ടേയിരിക്കും. അവരുടെ തെറ്റുകള്‍ സമ്മതിക്കാൻ ഏറെ പ്രയാസമായിരിക്കും. അതൊരു നിസാരമായ തെറ്റ് ആണെങ്കില്‍ പോലും. അവരുടെ ഈഗോയെ അത് വ്രണപ്പെടുത്തുകയാണ്.

എപ്പോഴും ഇരവാദം മുന്നോട്ട് വയ്ക്കുന്നതും ഇവരുടെയൊരു ലക്ഷണമാണ്. എന്നുവച്ചാല്‍ താൻ ഇരയാണ്, താൻ ആണ് ഇര എന്ന് ചിത്രീകരിച്ചുകൊണ്ടിരിക്കും.

മുൻവിധിയോടെ കാര്യങ്ങളെയും വ്യക്തികളെയും അമിതമായി സമീപിച്ചുകൊണ്ടിരിക്കുന്നതും ഇവരുടെ രീതിയാണ്. മുൻവിധികള്‍ എല്ലാവര്‍ക്കുമുണ്ടാകും. പക്ഷേ ഇവരില്‍ അത് അപകടകരമായ തോതിലുണ്ടായിരിക്കും.

എപ്പോഴും നിങ്ങളില്‍ നിന്ന് ആനുകൂല്യങ്ങളും സഹായങ്ങളും പറ്റുക എന്നതല്ലാതെ തിരിച്ച് തരുന്ന കാര്യത്തില്‍ അവര്‍ പിന്നിലായിരിക്കും. ഇതും ‘ടോക്സിസിറ്റി’ തിരിച്ചറിയാനുള്ളൊരു ഉപാധിയാണ്. നിങ്ങളുടെ സമയം, ഊര്‍ജ്ജം, പണം, സാമൂഹികമായ നിങ്ങളുടെ മൂലധനം, സ്നേഹം, മറ്റ് വസ്തുക്കള്‍, ബന്ധങ്ങള്‍ എല്ലാം അവര്‍ എടുക്കും. ഇതിലൊന്നും തിരിച്ച് തരണമെന്നില്ല.

നിങ്ങളെ ക്ഷീണിതരായും ഉത്പാദനക്ഷമതയില്ലാത്ത അവസ്ഥയിലായവരും ആക്കി തീര്‍ക്കാനേ ഇവര്‍ക്ക് സാധിക്കൂ. നിങ്ങളുടെ അവസാന തുള്ളി ഊര്‍ജ്ജവും ചോര്‍ന്ന്, നിങ്ങള്‍ അവശരാകുന്നൊരു അവസ്ഥ. ആത്മവിശ്വാസമില്ല, പ്രതീക്ഷയില്ല, അഭിനന്ദനമില്ല- എന്നൊക്കെയുള്ള അവസ്ഥ.

‘ടോക്സിക്’ ബന്ധങ്ങള്‍ വ്യക്തി എന്ന നിലയിലുള്ള വളര്‍ച്ചയെയും കരിയറിനെയുമെല്ലാം ഒരുപോലെ ബാധിക്കാം എന്നതിനാല്‍ ഇവ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ആവശ്യമെങ്കില്‍ മനശാസ്ത്ര വിദഗ്ധരെ സമീപിച്ച് കൗണ്‍സിലിംഗോ സഹായമോ തേടുകയും ആവാം.

Leave a Reply

Your email address will not be published. Required fields are marked *