Your Image Description Your Image Description
Your Image Alt Text

മുടി കൊഴിച്ചില്‍, മുടി പൊട്ടിപ്പോരല്‍, മുടി കനം കുറയല്‍ എന്നിങ്ങനെ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പരാതികള്‍ ഏറെയാണ്. പല കാരണങ്ങള്‍ കൊണ്ടാണ് ഇങ്ങനെ മുടി ബാധിക്കപ്പെടുന്നത്. കാലാവസ്ഥ, ഭക്ഷണം, മറ്റ് ജീവിതരീതികള്‍, സ്ട്രെസ്, മരുന്ന് എന്നുതുടങ്ങി പലവിധ വിഷയങ്ങള്‍ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്.

ഇക്കൂട്ടത്തില്‍ ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പക്ഷേ പലരും ഇക്കാര്യം മനസിലാക്കുന്നില്ല എന്നതാണ് സത്യം. മുടി വളര്‍ച്ചയ്ക്ക് വേണ്ട പോഷകങ്ങള്‍ കൃത്യമായി കിട്ടുന്നില്ല എങ്കില്‍ അത് തീര്‍ച്ചയായും പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

നിങ്ങള്‍ കേട്ടിരിക്കും, മുടിയുടെ ആരോഗ്യകാര്യങ്ങളില്‍ നെല്ലിക്കയുടെ പങ്ക്. ഇത്തരത്തില്‍ മുടി വളര്‍ച്ചയെ പരിപോഷിപ്പിക്കാൻ നെല്ലിക്ക വച്ചൊരു സൂത്രം തയ്യാറാക്കുന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇത് മുടിക്ക് ആവശ്യമായ പോഷകം നല്‍കുകയും മുടി വളര്‍ച്ച കൂട്ടുകയും ചെയ്യും.

നെല്ലിക്ക മാത്രമല്ല കുരുമുളക്, തേൻ എന്നീ ചേരുവകളും ഇതിനായി ആവശ്യമാണ്. തേൻ നല്ലത് തന്നെ വേണം. അതല്ലെങ്കില്‍ ശര്‍ക്കര/ കരിപ്പുകട്ടി ആയാലും മതി. മൂന്ന് നെല്ലിക്ക കഷ്ണങ്ങളാക്കിയതും അതിലേക്ക് രണ്ടോ മൂന്നോ കുരുമുളകും അല്‍പം തേനോ ശര്‍ക്കരയോ ചേര്‍ത്ത്, അല്‍പം വെള്ളവും കൂട്ടി നന്നായി മിക്സിയിലോ ബ്ലെൻഡറിലോ അടിച്ചെടുക്കണം. ശേഷം ഇത് അരിപ്പ കൊണ്ട് അരിച്ച് നീര് മാത്രമാക്കി വേര്‍തിരിച്ചെടുക്കണം. ഇത് കഴിക്കാം.

മുടി വളര്‍ച്ചയ്ക്ക് മാത്രമല്ല, മുടി കൊഴിച്ചില്‍, മുടിയിലെ അകാലനര പോലുള്ള പ്രശ്നങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണ് ഇത്. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കാമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്. അപ്പോള്‍ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇതൊന്ന് പരീക്ഷിച്ചുനോക്കുകയല്ലേ?

ശ്രദ്ധിക്കണേ, മരുന്നുകളുടെയോ, മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയോ ഭാഗമായെല്ലാം സംഭവിക്കുന്ന മുടി കൊഴിച്ചില്‍ ഇങ്ങനെയുള്ള പൊടിക്കൈകളിലൂടെ മാത്രമായി പരിഹരിക്കാൻ സാധിക്കില്ല. അതിനാല്‍ പോഷകപ്രദമായ ഭക്ഷണം, മുടിക്ക് വേണ്ട പോഷകങ്ങള്‍, നല്ല ഹെയര്‍ കെയര്‍ എന്നിവയ്ക്ക് ശേഷവും മുടി കൊഴിച്ചില്‍ നില്‍ക്കുന്നില്ല എങ്കില്‍ പെട്ടെന്ന് തന്നെ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കാണണേ…

Leave a Reply

Your email address will not be published. Required fields are marked *