Your Image Description Your Image Description

താമരശ്ശേരി: കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് യുവാക്കള്‍ ബൈക്ക് യാത്രക്കാരനെ കയ്യേറ്റം ചെയ്തു. ബൈക്ക് തകര്‍ത്ത യുവാക്കള്‍ സ്ഥലത്ത് എത്തിയ പോലീസിനെയും അക്രമിച്ചു. സിപിഎം മുന്‍ ലേക്കല്‍ സെക്രട്ടറി ഷൈജല്‍, സിപിഎം പ്രവര്‍ത്തകരായ ഷാമില്‍, സ്റ്റാലിന്‍ വിജയ്, കണ്ടാലറിയാവുന്ന മറ്റ് നാലുപേര്‍ എന്നിവര്‍ക്കെതിരേയാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്. വെസ്റ്റ് കൈതപ്പൊയില്‍ കണ്ണപ്പന്‍ക്കുണ്ട് റോഡില്‍ വ്യാഴാഴ്ച രാത്രി 11.40 ഓടെയായിരുന്നു സംഭവം. ബൈക്കിനോട് കാര്‍ അടുപ്പിച്ചു എന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരന്‍ കാര്‍ യാത്രക്കാരനെ ചോദ്യം ചെയ്തു. ചുരം നാലാം വളവില്‍ നിന്നുള്ള ബദല്‍ റോഡ് വഴി വെസ്റ്റ് പുതുപ്പാടിയിലേക്ക് വരികയായിരുന്ന കാറിന്റെ മുന്നില്‍ ഉണ്ടായിരുന്ന ബൈക്കുകള്‍ കാറിന് കടന്നു പോകാന്‍ വഴി നല്‍കിയില്ലെന്നാരോപിച്ചായിരുന്നു തര്‍ക്കം. പിന്നീട് വാഹനങ്ങള്‍ വെസ്റ്റ് കൈതപ്പൊയിലിന് സമീപം എത്തിയപ്പോള്‍ ബൈക്ക് തടഞ്ഞുവെക്കുകയും ചോദ്യം ചെയ്തപ്പോള്‍ വാക്കേറ്റത്തില്‍ എത്തുകയുമായിരുന്നു.

സിപിഎം പുതുപ്പാടി മുന്‍ ലോക്കല്‍ സെക്രട്ടറിയായ ഷൈജലാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. പിന്നീട് കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും ബൈക്കു യാത്രക്കാരനുമായി വാക്കേറ്റം ഉണ്ടാവുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. തുടര്‍ന്ന് ബൈക്ക് അടിച്ചു തകര്‍ത്തു. സംഭവമറിഞ്ഞ് ആദ്യം അടിവരത്തു നിന്നും പോലീസ് സ്ഥലത്തെത്തിയെങ്കിലും സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് താമരശ്ശേരിയില്‍ നിന്നും കൂടുതല്‍ പോലീസെത്തുകയായിരുന്നു. പിന്നീട് പോലീസിന് നേരെയും കയ്യേറ്റ ശ്രമം ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ താമരശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്തു.

ബൈക്ക് യാത്രികനെ മര്‍ദ്ദിക്കുകയും, വാഹനം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കൊടുവള്ളി ആവിലോറ സ്വദേശി ഹബീബ് റഹ്‌മാന്റെ പരാതിയില്‍ ഷൈജലിനെതിരേയും കണ്ടാലറിയാവുന്ന മറ്റ് അഞ്ചു പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. സ്ഥലത്തെത്തിയ താമരശ്ശേരി എസ്‌ഐ ജയന്തിനെയും സംഘത്തെയും കയ്യേറ്റം ചെയ്യുകയും കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് ഏഴു പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *