Your Image Description Your Image Description

ബെംഗലൂരു: നടി തമന്ന ഭാട്ടിയയെ മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതിൽ കർണാടകയിൽ വൻ പ്രതിഷേധം. രണ്ട് വർഷത്തേക്ക് 6.20 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. ഇത്രയും ഭാഷ പ്രശ്നങ്ങളും മറ്റും നടക്കുന്നതിനിടെ കന്നട നടിയല്ലാത്ത ഒരാളെ എന്തിനാണ് തിരഞ്ഞെടുത്തതെന്ന ചോദ്യമുയർത്തി ഒരു വിഭാഗം ആളുകൾ രം​ഗത്തെത്തിയിരിക്കുകയാണ്.

എന്നാല്‍ സംസ്ഥാനത്തിന് പുറത്തേക്ക് സര്‍ക്കാര്‍ ഇറക്കുന്ന മൈസൂര്‍ സാന്‍ഡല്‍ ബ്രാന്‍റിന് വിപണിയുണ്ടാക്കാനാണ് ഇത്തരം ഒരു നീക്കം എന്നാണ് വാണിജ്യ, വ്യവസായ മന്ത്രി എംബി പാട്ടീൽ സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് പറയുന്നത്.

മൈസൂർ സാൻഡൽ സോപ്പ് 1916 മുതൽ ആരംഭിച്ച ബ്രാന്‍റാണ്. ഇപ്പോഴും ദക്ഷിണേന്ത്യയിലെ ജനങ്ങൾക്കിടയിൽ ഏറ്റവും ജനപ്രിയമായ സോപ്പ് ബ്രാന്‍റുകളില്‍ ഒന്നാണ് ഇത്. മൈസൂർ രാജാവായ കൃഷ്ണ രാജ വാഡിയാർ നാലാമനാണ് 1900 കളുടെ തുടക്കത്തിൽ ബെംഗളൂരുവിൽ സർക്കാർ സോപ്പ് ഫാക്ടറി സ്ഥാപിച്ചത്. അതിനാല്‍ തന്നെ കർണാടകയിൽ ഈ ബ്രാൻഡിന് സാംസ്കാരിക പ്രാധാന്യമുണ്ട്. പിന്നീട് ഇത് സര്‍ക്കാര്‍ ഉടമസ്ഥതയിലായി.

തമന്നയെ വന്‍ തുകയ്ക്ക് ഈ ബ്രാന്‍റിന്‍റെ അംബാസിഡര്‍ ആക്കിയപ്പോള്‍ സോഷ്യല്‍ മീഡിയ ഇതിനെ സ്വീകരിച്ചത് സമിശ്രമായ പ്രതികരണത്തിലൂടെയാണ്. അതിന് കാരണങ്ങളും ഉണ്ടായിരുന്നു.

ഇൻസ്റ്റാഗ്രാമിൽ 28.2 ദശലക്ഷം ഫോളോവേഴ്‌സും എക്‌സിൽ 5.8 ദശലക്ഷം ഫോളോവേഴ്‌സും ഉള്ള പാന്‍ ഇന്ത്യന്‍ സാന്നിധ്യമായി മാറിയ നടിയാണ് തമന്ന. നിരവധി ബ്രാന്‍റ് പരസ്യങ്ങളില്‍ തമന്ന പ്രത്യക്ഷപ്പെടുന്നുണ്ട്.

കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെഎസ്‌ഡിഎൽ) നിർമ്മിക്കുന്ന മൈസൂർ സാൻഡൽ സോപ്പിന്റെയും മറ്റ് ഉൽപ്പന്നങ്ങളുടെയും ബ്രാൻഡ് അംബാസഡറായി അടുത്തിടെ തമന്നയെ നിയമിച്ചത് 6.2 കോടി രൂപയുടെ കരാറിലൂടെയാണ്. രണ്ട് കൊല്ലത്തേക്കാണ് ഈ കരാര്‍.

ഈ തുകയ്ക്ക് തമന്നയെ ബ്രാന്‍റ് അംബാസിഡറാക്കിയതിന് പിന്നാലെയാണ്. എന്ത് കൊണ്ട് കന്നഡ നടിമാരെ ഒന്നും പരിഗണിച്ചില്ല എന്ന ചോദ്യം എക്സിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉയര്‍ന്നത്. പല കന്ന‍ഡ നടിമാരുടെയും പേരുകളും പിന്നാലെ ഉയര്‍ന്നു. സര്‍ക്കാര്‍ തലത്തില്‍ തന്നെ കന്നഡ‍ പ്രോത്സാഹനവും മറ്റും നടത്തുമ്പോള്‍ പുറത്ത് നിന്നും ഒരു നടിയെ എങ്ങനെ തിരഞ്ഞെടുത്തു എന്ന ചോദ്യവും ഉയര്‍ന്നു.

കര്‍ണാടക സര്‍ക്കാറിനെതിരെ വലിയ വിമര്‍ശനമായി തന്നെ തമന്നയുടെ അംബാസിഡര്‍ പദവി ഉയര്‍ന്നു വരുകയാണ് സോഷ്യല്‍ മീഡിയയയില്‍.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി ഇത് ഉയര്‍ന്നതോടെ കര്‍ണാടക വ്യവസായ മന്ത്രി തന്നെ ഇതില്‍ വിശദീകരണവുമായി രംഗത്ത് എത്തി.

കർണാടകയിൽ മൈസൂര്‍ സാന്‍റല്‍ ബ്രാൻഡിന് ഇതിനകം തന്നെ വലിയ വിപണി സാന്നിധ്യമുണ്ട്. എന്നാല്‍ മൈസൂർ സാൻഡലിന്റെ ഉദ്ദേശ്യം കർണാടകയ്ക്ക് പുറത്തുള്ള വിപണികളിൽ ശക്തമായി പ്രവേശിക്കുക എന്നതാണ്. മാർക്കറ്റിംഗ് വിദഗ്ധരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബ്രാൻഡ് അംബാസഡറെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും അദ്ദേഹം വെളിപ്പെടുത്തി. 5000 കോടി എങ്കിലും വിറ്റുവരവാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. അതേ സമയം തമന്ന ഇതുവരെ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *