Your Image Description Your Image Description

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ട സംഭവത്തിൽ അശോക സര്‍വകലാശാല അധ്യാപകന്‍ അലി ഖാന്‍ മഹമൂദാബാദിന് ഇടക്കാല ജാമ്യം. ഇന്ത്യയുടെ സൈനിക നടപടിയെ വിമർശിച്ചതിനാണ് കേസെടുത്തത്. കേസിൽ സുപ്രീംകോടതിയാണ് അലി ഖാന്‍ മഹമൂദാബാദിന് ഇടക്കാല ജാമ്യം നല്‍കിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കെ സിങ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. ഹരിയാന പൊലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കണമെന്നുമാണ് ഇടക്കാല ജാമ്യത്തിനായി സുപ്രീംകോടതി നല്‍കിയ വ്യവസ്ഥ.
കേസില്‍ ഹരിയാന പൊലീസിന്റെ അന്വേഷണം തടയണമെന്ന അലി ഖാന്‍ മഹമൂദാബാദിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

കേസില്‍ അന്വേഷണത്തിന് എസ്ഐടി രൂപീകരിക്കണമെന്ന് ഹരിയാന ഡിജിപിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഹരിയാനയിലെയും ഡല്‍ഹിയിലേയും ഐപിഎസ് ഓഫീസര്‍മാരെ എസ്ഐടിയില്‍ ഉള്‍പ്പെടുത്തരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. എസ്ഐടിയില്‍ ഒരംഗം വനിതാ ഐപിഎസ് ഓഫീസര്‍ ആയിരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇടക്കാല ജാമ്യ കാലയളവില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് അലി ഖാന്‍ മഹമൂദാബാദിന് വിലക്കുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടി അലി ഖാനെതിരെ ഹരിയാനയിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ യുവമോര്‍ച്ച യൂണിറ്റ് ജനറല്‍ സെക്രട്ടറി യോഗേഷ് ജതേരി, ഹരിയാന സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേണു ഭാട്ടിയ എന്നിവരായിരുന്നു പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അലി ഖാനെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിത പ്രകാരം സാമുദായിക ഐക്യം നിലനിര്‍ത്തുന്ന പ്രവൃത്തികള്‍, ഐക്യത്തിന് കോട്ടം വരുത്തുന്ന പ്രസ്താവനകള്‍, ദേശീയ പരമാധികാരത്തെ അപകടപ്പെടുത്തുന്ന പ്രവൃത്തികള്‍, സ്ത്രീകളുടെ എളിമയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്കുകള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു അലി ഖാനെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *